മഞ്ചേശ്വരം ബ്ലോക്ക് ഡയാലിസിസ് സെന്റർ ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്യും

0
121

ഉപ്പള: (www.mediavisionnews.in) കാസർകോട് അതിർത്തി പ്രദേശമായ മഞ്ചേശ്വരത്തെ ആരോഗ്യ മേഖലയ്ക്ക് പുത്തൻ ഉണർവായി മംഗൽപ്പാടി താലൂക്ക് ഹെഡ് ക്വർട്ടേഴ്സ് ആശുപത്രയിലെ ഡയാലിസിസ് കേന്ദ്രം ഉദ്ഘാടനത്തിന് തയ്യാറായി. ഡയാലിസിസിന് മംഗലാപുരം, കാസർകോട് എന്നീ പട്ടണങ്ങളെ ആശ്രയിക്കുന്ന ജനങ്ങൾക്ക് ഇത് വളരെ ആശ്വാസകരമാകും. മഞ്ചേശ്വരം എംഎൽഎ എം.സി ഖമറുദ്ദീന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ ബഹു ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ഡയാലിസിസ് സെന്റർ സെപ്റ്റംബർ 22 നു നാടിനു സമർപ്പിക്കും.

മുൻ എം.എൽ.എ അബ്ദുല്‍ റസാഖിന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും അദ്ദേഹം 50 ലക്ഷം രൂപ അനുവദിച്ചാണ് കെട്ടിടം ഒരുക്കിയത്. ഉപ്പളയിലെ പ്രവാസി വ്യവസായി ഐഷല്‍ ഫൌണ്ടേഷന്‍ ചെയർമാൻ അബ്ദുല്‍ ലത്തീഫ് ഉപ്പള ഗേറ്റ് 80 ലക്ഷം രൂപയോളം വരുന്ന പത്ത് ഡയാലിസിസ് മെഷീനുകള്‍ സൗജന്യമായി നൽകിയതോടെ കേന്ദ്രത്തിന്റെ മറ്റു ജോലികൾ തകൃതിയായി പൂർത്തിയാക്കി. ആര്‍ ഓ പ്ലാന്റ്, ഇരിപ്പിട സൗകര്യം എന്നിവയെല്ലാം ഒരുക്കിയത് മഞ്ചേശ്വരം എം.എല്‍.എ എംസി ഖമറുദ്ധീൻറെ ആസ്തി വികസന ഫണ്ടില്‍ നിന്നാണ്. രോഗികൾക്കുള്ള കിടക്ക, കട്ടില്‍ എന്നിവയെല്ലാം കാസർകോഡ് വികസന പാക്കേജില്‍ നിന്നും ജില്ലാ കളക്ടർ ലഭ്യമാക്കി. ആകെ മൊത്തം രണ്ടേ കാൽ കോടിയാണ് ഈ പദ്ധതി തുക.

ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ നൂറ്റി അമ്പതോളം വൃക്ക രോഗികളാണ് ആഴ്ചയില്‍ മൂന്നു പ്രാവശ്യം കാസർകോഡ്, മംഗലാപുരം ഭാഗത്തുള്ള സ്വകാര്യ ആശുപത്രികളില്‍ ക്ലെശമനുഭവിച്ചു ഡയാലിസിസിനായി പോകുന്നത്. ബ്ലോക്ക് പഞ്ചായത്തിന്റെ സംഘം നടത്തിയ സർവേയുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെട്ട തൊണ്ണൂറ് ആളുകൾക്ക് മൂന്നു ഷിഫ്റ്റുകള്‍ വഴി ഇവിടുത്തെ സേവനം ലഭിക്കും. ഓരോ രോഗിക്കും എടുക്കാന്‍ കഴിയുന്ന നാമമാത്രമായ തുകയായ 250 രൂപയാണ് ഡയാലിസിസിനു ഈടാക്കുന്നത്. BPL, SC, ST, മറ്റു പിന്നോക്കം നില്കുന്നവർക്ക് ചികിത്സ തികച്ചും സൗജന്യവുമാണ്.

ഡയാലിസിസ് സെന്റര്‍ നടത്തിപ്പ് ചുമതല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചെയർമാൻ ആയിട്ടുള്ള സൊസൈറ്റിക്കായിരിക്കും. ജനപ്രതിനിധികൾ, സാമൂഹ്യ പ്രവർത്തകർ, ഉദ്യോഗസ്ഥർ, HMC പ്രതിനിധികള്‍ എന്നിങ്ങനെ 250 അംഗങ്ങളുള്ളതാണു ഈ സൊസൈറ്റി. അന്തരിച്ച മഞ്ചേശ്വരം മുന്‍ എം എല്‍ എ പിബി അബ്ദുല്‍ റസാഖിന്റെ സ്മരണയില്‍ പിബി അബ്ദുല്‍ റസാഖ് മെമ്മോറിയല്‍ ഡയാലിസിസ് സെന്റര്‍ എന്ന പേരിലായിരിക്കും ഈ ഡയാലിസിസ് സെന്റര്‍ അറിയപ്പെടുക.

സെപ്റ്റംബർ 22 ഉച്ചയ്ക്ക് മൂന്നു മണിക്ക് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ കാസർകോട് എംപി രാജ്‌മോഹൻ ഉണ്ണിത്താൻ മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ എജിസി ബഷീർ, ജില്ലാ കളക്ടർ ശ്രീ സജിത്ത് ബാബു ഐഎഎസ്, ഡിഎംഒ ഡോ രാംദാസ്, ത്രിതല പഞ്ചായത് ജന പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, HMC അംഗങ്ങൾ, ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ എ.കെ.എം അഷ്‌റഫ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here