കുട്ടികള്‍ക്കുള്ള കുത്തിവെപ്പിന് ഡോക്ടര്‍മാര്‍ വിസമ്മതിച്ചു; മഞ്ചേശ്വരം സി.എച്ച്.സിയിൽ ജനപ്രതിനിധികൾ കുത്തിയിരിപ്പ് സമരം നടത്തി

0
155

മഞ്ചേശ്വരം: (www.mediavisionnews.in) കോവിഡ് 19 കാരണം ചികിത്സ സമയത്ത് കിട്ടാതെ പ്രതിസന്ധി നേരിടുന്ന സമയത്ത് എരുതീയില്‍ എണ്ണയൊഴിക്കുന്ന നിലപാടുമായി മഞ്ചേശ്വരം സി.എച്ച്‌.സി മെഡിക്കല്‍ ഓഫീസറും മറ്റു ഉദ്യോഗസ്ഥരും.

കുട്ടികള്‍ക്കുള്ള കുത്തിവെപ്പിന് മഞ്ചേശ്വരം സി.എച്ച്‌.സിയില്‍ ഇന്ന് രാവിലെ അമ്പതോളം കുട്ടികളെയുമായി രക്ഷിതാക്കള്‍ എത്തിയിരുന്നു. പക്ഷെ കുത്തിവെപ്പിന് വന്ന അമ്മമാര്‍ക്ക് കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. മെഡിക്കല്‍ ഓഫീസര്‍ കുട്ടികള്‍ക്ക് കുത്തി വെപ്പെടുക്കാന്‍ തയ്യാറായില്ല.

ഉടന്‍ തന്നെ പ്രശ്‌നം എം.എല്‍.എ എംസി ഖമറുദ്ദീനെയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.എം അഷ്‌റഫിന്റെയും ശ്രദ്ധയില്‍പെടുത്തി. ജില്ലാ മെഡിക്കല്‍ ഓഫീസറെ ഇക്കാര്യം അറിയിക്കുകയും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കുത്തിവെപ്പെടുക്കാന്‍ ഡോക്ടറോട് ആവശ്യപ്പെട്ടിടുകയും ചെയ്തു. എന്നാല്‍ ഡോക്ടര്‍ അതിനു തയ്യാറായില്ല. ഉടനെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എകെഎം അഷ്റഫ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുസ്തഫ ഉദ്യാവാര്‍, മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുക്താര്‍ ഉദ്യാവാര്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷംസീന അബ്ദുള്ള, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെഎംകെ അബ്ദു റഹ്മാന്‍ ഹാജി, ഗ്രാമ പഞ്ചായത്ത് അംഗം അബ്ദുല്ല ഗുഡ്ഡഗേരി, അബ്ദുല്ല ഖാജാ, ഹമീദ് ഹൊസങ്കടി, ഇദ്രിസ് മഞ്ചേശ്വരം തുടങ്ങിയവര്‍ സംഭവസ്ഥലത്തെത്തി കുത്തിയിരിപ്പ് സമരം നടത്തി. തുടര്‍ന്ന് ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.എം ആഷ്‌റഫിന്റെ നേതൃത്വത്തില്‍ മേല്‍ ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് കുട്ടികള്‍ക്കു കുത്തിവെയ്പ് നടത്താന്‍ ഡോക്ടര്‍മാര്‍ തയ്യാറായത്.

ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും ആരോഗ്യ ഡയറക്ടറിനും ബ്ലോക്ക് പഞ്ചായത്ത് ഔദ്യോഗികമായി പരാതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി കേരളം സര്‍ക്കാര്‍ നിയമാവലിയില്‍ ഇല്ലാത്ത പ്രോട്ടോക്കോളാണ് മെഡിക്കല്‍ ഓഫീസര്‍ തന്നിഷ്ട പ്രകാരം നടപ്പിലാക്കുന്നതെന്ന ആരോപണം ശക്തമാണ്. കോവിഡ് ലോക്ക് ഡൗണ്‍ സമയത്തും മറ്റും മംഗലാപുരത്തുള്ള തന്റെ വസതി വിട്ടു വരാതെ രോഗികളെ കഷ്ടപ്പെടുത്തിയ ചരിത്രവും ഇവിടുത്തെ ഡോക്ടര്‍മാര്‍ക്കുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here