ഒറ്റ രാത്രികൊണ്ട് താരമായി മാറി; ഒരോവറിൽ അഞ്ച് സിക്സറടിച്ച രാജസ്ഥാൻ താരത്തിന്‍റെ പ്രതിഫലം അറിയണോ?

0
145

ഷാർജ: ആറു പന്തുകൊണ്ട് മത്സരത്തിന്‍റെ ഗതി മാറ്റി മറിച്ച താരമാണ് ഹരിയാനക്കാരനായ രാഹുൽ തെവാതിയ. കഴിഞ്ഞ ദിവസം പഞ്ചാബ് കിങ്സ് ഇലവൻ ഉയർത്തിയ 224 റൺസിന്‍റെ കൂറ്റൻ വിജയലക്ഷ്യം തേടി ബാറ്റു ചെയ്യുകയായിരുന്നു രാജസ്ഥാൻ റോയൽസ്. എന്നാൽ കോട്ഡ്രെൽ എറിഞ്ഞ പതിനെട്ടാമത്തെ ഓവറിലെ അഞ്ചു പന്തുകളും സിക്സറിന് പായിച്ച തെവാതിയ ആ ഒരോറ്റ ഓവർകൊണ്ട് മത്സരം രാജസ്ഥാൻ പൂർണമായും രാജസ്ഥാന് അനുകൂലമാക്കി മാറ്റി. ഇതോടെ സോഷ്യൽമീഡിയയിൽ അതിവേഗം താരമായി മാറിയിരിക്കുകയാണ് തെവാതിയ.

ഒരു ഓവർ കൊണ്ട് കളിയുടെ ഗതി മാറ്റിയ രാഹുൽ തെവാതിയയെക്കുറിച്ചുള്ള അന്വേഷണമാണ് ഇന്‍റർനെറ്റിൽ വൈറലാകുന്നത്. സോഷ്യൽ മീഡിയയിലുടനീളം തെവാതിയയുടെ പേര് ട്രെൻഡിങ്ങായി. കൂടാതെ ഗൂഗിൾ സെർച്ചിലും തെവാതിയയുടെ വിവരങ്ങൾ അറിയാനുള്ള തിടുക്കത്തിലായിരുന്നു ക്രിക്കറ്റ് പ്രേമികൾ.

ഹരിയാനയിൽ നിന്നുള്ള ലെഗ് സ്പിന്നറാണ് 27 കാരനായ രാഹുൽ തെവാതിയ. 2013 ൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചു. 2014 ൽ രാജസ്ഥാൻ റോയൽ‌സുമായി ചേർന്ന് ഐ‌പി‌എൽ യാത്ര ആരംഭിച്ചു. 2017 ൽ കെ‌എസ്‌ഐ‌പി ഫ്രാഞ്ചൈസി വാങ്ങുന്നതിനുമുമ്പ് 2015 ൽ രാജസ്ഥാൻ റോയൽസ്‌ സ്‌ക്വാഡിന്റെ ഭാഗമായിരുന്നു ഇ സ്പിന്നർ. രാഹുൽ തെവാതിയയുടെ പ്രതിഫലം എത്രയെന്ന് അറിയാനായിരുന്നു കൂടുതൽ പേരും താൽപര്യം കാണിച്ചത്. ഈ സീസണിൽ 3 കോടി രൂപ പ്രതിഫലം നൽകിയാണ് രാജസ്ഥാൻ റോയൽസ് തെവാതിയയെ ടീമിൽ ഉൾപ്പെടുത്തിയത്.

കഴിഞ്ഞ ദിവസത്തെ മത്സരത്തിൽ മായങ്ക് അഗർവാളിന്റെ സെഞ്ച്വറിയുടെയും(50 പന്തിൽ 106 ), ക്യാപ്റ്റൻ കെ.എൽ. രാഹുലിന്‍റെ അർദ്ധസെഞ്ച്വറിയുടെയും (54 പന്തിൽ 69) മികവിലാണ് പഞ്ചാബ് 223 റൺസ് എന്ന വമ്പൻ സ്കോർ പടുത്തുയർത്തിയത്.

എന്നാൽ മറുപടി ബാറ്റിങ്ങിൽ നായകൻ സ്റ്റീവൻ സ്മിത്തും മലയാളി താരം സഞ്ജു വി സാംസണും ചേർന്ന് ഗംഭീര തുടക്കമാണ് രാജസ്ഥാന് നൽകിയത്. 50 റൺസെടുത്ത സ്മിത്ത് പുറത്തായതോടെ സഞ്ജുവിന് കൂട്ടായി തെവാതിയ എത്തി. എന്നാൽ തുടക്കത്തിൽ പന്തുകൾ കളഞ്ഞുകുളിച്ച തെവാതിയ സഞ്ജുവിനെയും സമ്മർദ്ദത്തിലാക്കി. മത്സരം ജയിക്കില്ലെന്ന് പ്രതീതിയിലേക്ക് മാറി.

അതിനിടെ സഞ്ജു പുറത്താകുകയും ചെയ്തു. മത്സരം അവസാനിക്കാൻ മൂന്നോവർ ബാക്കിനിൽക്കെ രാജസ്ഥാന് ജയിക്കാൻ 51 റൺസ് വേണം. പന്തെറിയാനെത്തിയത് വിൻഡീസ് താരം ഷെൽഡൻ കോട്രെൽ. ഈ ഓവറിൽ അഞ്ചു സിക്സറുകൾ പറത്തിയാണ് ഇടംകൈയനായ തെവാതിയ മത്സരഗതി മാറ്റിമറിച്ചത്. ഈ ഓവർ അവസാനിച്ചതോടെ രാജസ്ഥാന്‍റെ വിജയലക്ഷ്യം 12 പന്തിൽ 21 റൺസായി ചുരുങ്ങി. 19-ാം ഓവറിൽ തെവാതിയെ പുറത്തായെങ്കിലും ജോഫ്ര ആർച്ചറും (പുറത്താകാതെ 13) ടോം കുറാനും (പുറത്താകാതെ 4 ) ചേർന്ന് വലിയ നഷ്ടം കൂടാതെ രാജസ്ഥാനെ വിജയതീരത്തെത്തിച്ചു. ഐപിഎൽ ചരിത്രത്തിൽ ഒരു ടീം പിന്തുടർന്ന് ജയിക്കുന്ന ഏറ്റവും ഉയർന്ന സ്കോറായിരുന്നു ഇത്.

LEAVE A REPLY

Please enter your comment!
Please enter your name here