ഒന്നും വേണ്ട ഉമ്മാ, അവളെ എനിക്ക് താ എന്ന് പറഞ്ഞ് ഇങ്ങോട്ട് വന്നവനാണ്, ഞങ്ങളെ കൈയ്യിലുള്ളതെല്ലാം കൊടുത്തു, വീട്ടുജോലി ചെയ്തും ഇല്ലായ്മയില്‍ നിന്നും സ്വരുക്കൂട്ടിയും വളര്‍ത്തിയതാണ് ഞാനെന്റെ മക്കളെ; റംസിയുടെ ഉമ്മ പറയുന്നു

0
160

കൊല്ലം: ഒരു കുടുംബത്തെ മാത്രമല്ല കേരളക്കരയെ ഒന്നടങ്കം റംസിയുടെ മരണം വേദനയിലാഴ്ത്തുകയാണ്. ജീവനെപ്പോലെ സ്‌നേഹിച്ചിരുന്നവന്‍ തന്നെ തള്ളിപ്പറഞ്ഞതോടെയാണ് റംസിയ്ക്ക് ജീവിതം തന്നെ വെറുത്തുപോയത്. തന്നെ കൈവിടരുതെന്ന് കെഞ്ചിപ്പറഞ്ഞിട്ടും അവളെ ഉപേക്ഷിച്ച് മെച്ചപ്പെട്ട ജീവിതം തേടിപ്പോയ ഹാരിസിനെതിരെ സോഷ്യല്‍ മീഡിയയില്‍ അടങ്ങാതെ പ്രതിഷേധം ഉയരുകയാണ്.

അതിനിടെ നൊന്തുപെറ്റ് വളര്‍ത്തി വലുതാക്കിയ മകളെ നഷ്ടപ്പെട്ട വേദനയില്‍ കഴിയുന്ന റംസിയുടെ ഉമ്മയുടെ വാക്കുകള്‍ കേള്‍ക്കുന്നവരുടെ നെഞ്ചുതകര്‍ക്കുന്നു. വീട്ടുജോലി ചെയ്തും ഇല്ലായ്മയില്‍ നിന്നും സ്വരുക്കൂട്ടിയും വളര്‍ത്തിയതാണ് ഞാനെന്റെ മക്കളെ. അവരുടെ നല്ല ജീവിതം മാത്രമായിരുന്നു എനിക്ക് മുന്നിലുണ്ടായിരുന്നത്. പക്ഷേ ഞങ്ങളെയെല്ലാം വിട്ട് അവള്‍ പോയി.’- റംസിയുടെ ഉമ്മ പറയുന്നു

ഒന്നും വേണ്ട ഉമ്മാ… അവളെ എനിക്ക് താ എന്ന് പറഞ്ഞ് ഇങ്ങോട്ട് വന്നവനാണ്. ഒടുവില്‍ വിവാഹം കഴിക്കുന്ന ഘട്ടമായപ്പോള്‍ അവന്റെ മനസ് മാറി. ചിലപ്പോ ആ വീട്ടുകാര്‍ മാറ്റിയെടുത്തതായിരിക്കും. അവന് വര്‍ക് ഷോപ്പ് തുടങ്ങാന്‍ വേണ്ടി ഉള്ളതെല്ലാം കൊടുത്തു. ഞങ്ങളില്‍ നിന്നെല്ലാം ഊറ്റിയെടുത്തു. എന്നിട്ട് അവന്‍ അവളെ കണ്ണില്‍ച്ചോരയില്ലാതെ ഉപേക്ഷിച്ചു. -റംസിയുടെ ഉമ്മ പറയുന്നു.

അവള്‍ എല്ലാം അവസാനിപ്പിക്കുകയാണെന്ന് ഹാരിസിന്റെ ഉമ്മയോട് വരെ പറഞ്ഞതാണ്്. അപ്പോള്‍ പോലും ആ സ്ത്രീ കുലുങ്ങിയില്ല. അവള്‍ മരിക്കുന്നെങ്കില്‍ മരിക്കട്ടെ എന്ന് ആ സ്ത്രീ കരുതിക്കാണും. അവരെ സ്ത്രീയെന്ന് വിളിക്കാനാകുമോ? – എന്ന് റംസിയുടെ സഹോദരി അന്‍സി ചോദിക്കുന്നു.

അവരെല്ലാം കൂട്ട് നിന്നാണ് അവളുടെ വയറ്റിലെ കുഞ്ഞിനെ കളഞ്ഞത്. ആ കുഞ്ഞ് ഇന്നുണ്ടായിരുന്നെങ്കില്‍ എന്നെ വേണ്ടെന്ന് പറയുമായിരുന്നോ എന്ന് പറഞ്ഞ് റംസി കരഞ്ഞുവെന്നും അന്‍സി പറയുന്നു. അവള്‍ സുന്ദരിയായിരുന്നു. അവള്‍ക്ക് ഒരുപാട് ആലോചന വന്നതാണ്. സ്വര്‍ണക്കടക്കാരന്റെ മകന്‍ വരെ ഒന്നും വേണ്ട അവളെ മതിയെന്ന് പറഞ്ഞ് വന്നിരുന്നു.

പക്ഷേ അപ്പോഴും എന്റെ ഇത്ത… എനിക്ക് സ്വത്തും പണവും വേണ്ടെന്നും ഞാന്‍ ഒരാളെയല്ലേ… സ്‌നേഹിച്ചത് അവനെ മാത്രം മതിയെന്ന് പറഞ്ഞു നിന്നു. അങ്ങനെയുള്ള പെണ്ണിനെയാണ് അവന്‍ ചതിച്ചത് ഇവനൊക്കെ ഒരു മനുഷ്യനാണോ?- അന്‍സി ചോദിക്കുന്നു.

ഒന്നും വേണ്ടാ എന്ന് പറഞ്ഞവന്റെ ഭാവം ഒടുവിലാണ് മാറിയത്. അവള്‍ക്ക് വേണ്ടി കരുതിയിരുന്ന സ്വര്‍ണം ആദ്യമേ കട തുടങ്ങാന്‍ എന്നും പറഞ്ഞ് വാങ്ങി. ഉമ്മയ്ക്ക് പാസായ 30,000 രൂപയുടെ ലോണും അതു പോലെ വാങ്ങിക്കൊണ്ടു പോയി. പണയം വച്ച സ്വര്‍ണം എടുത്ത് തരാം എന്ന് പറഞ്ഞ് ഒരുപാട് പറ്റിച്ചു.

ഞങ്ങളില്‍ നിന്ന് എന്തെല്ലാം ഊറ്റിവാങ്ങിക്കാന്‍ പറ്റുമോ അതെല്ലാം വാങ്ങിയിട്ട് അവസാനം ഞങ്ങള്‍ക്ക് ഒന്നും കൊടുക്കാന്‍ ഇല്ലെന്നറിഞ്ഞപ്പോള്‍ അവന്‍ എന്റെ ഇത്തായെ വേണ്ടെന്നു പറഞ്ഞു.- സങ്കടം സഹിക്കാനാവാതെ അന്‍സി കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here