ഉപതെരഞ്ഞെടുപ്പ് മാറ്റിവെക്കാന്‍ സര്‍ക്കാര്‍ നീക്കം; മുഖ്യമന്ത്രി രമേശ് ചെന്നിത്തലയെ വിളിച്ചു

0
107

ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ നീക്കമെന്ന് സൂചന. കൊവിഡ് സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം. തെരഞ്ഞെടുപ്പ് കമ്മീഷനോട് ഇക്കാര്യം സംയുക്തമായി ആവശ്യപ്പെടാന്‍ മുഖ്യമന്ത്രി പ്രതിപക്ഷവുമായി ചര്‍ച്ച നടത്തുന്നെന്ന് റിപ്പോര്‍ട്ട്.

മുഖ്യമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ട് ഫോണില്‍ ബന്ധപ്പെട്ടെന്ന് രമേശ് ചെന്നിത്തല യുഡിഎഫ് യോഗത്തില്‍ അറിയിച്ചു. സംയുക്തമായി ആവശ്യപ്പെടാമെന്ന നിര്‍ദ്ദേശം മുഖ്യമന്ത്രി മുന്നോട്ടുവെച്ചെന്നും ചെന്നിത്തല പറഞ്ഞു. തുടര്‍ന്ന് യുഡിഎഫ് യോഗം വിഷയം ചര്‍ച്ച ചെയ്തു.

നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കേ ഇപ്പോള്‍ ഉപതെരഞ്ഞെടുപ്പ് നടത്തുന്നത് ചെലവ് വര്‍ധിപ്പിക്കുമെന്ന അഭിപ്രായം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകള്‍ നടത്തേണ്ടതില്ലെന്നായിരുന്നു സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ ശുപാര്‍ശ. എന്നാല്‍ ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം ഉപതെരഞ്ഞെടുപ്പുകള്‍ നടത്താമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

കുട്ടനാട് എം.എല്‍.എയായിരുന്ന തോമസ് ചാണ്ടിയുടെയും ചവറ എം.എല്‍.എ എന്‍.വിജയന്‍ പിള്ളയുടെയും മരണത്തെത്തുടര്‍ന്നാണ് ഇരു മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്.

കൊവിഡ് അടക്കമുള്ള അഞ്ച് കാരണങ്ങളാണ് നേരത്തെ തെരഞ്ഞെടുപ്പ് മാറ്റിവെക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടീക്കാറാം മീണ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ വെച്ചിരുന്നത്. കേരളത്തില്‍ മണ്‍സൂണ്‍ ആയതിനാല്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ബുദ്ധിമുട്ടുണ്ട്. റവന്യൂ ഉദ്യോഗസ്ഥരടക്കം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലാണ് എന്നതും തെരഞ്ഞെടുപ്പ് പ്രവര്‍ത്തങ്ങള്‍ക്ക് തടസമാവുമെന്നും ടീക്കാറാം മീണ ്അറിയിച്ചിരുന്നു. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രമേ ശേഷിക്കുന്നുള്ളൂ. അതിനിടെയില്‍ ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടതില്ലെന്നും നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉപതെരഞ്ഞെടുപ്പിനായി പണം ചെലവഴിക്കേണ്ടതില്ലെന്നും ടീക്കാറാം മീണ ചൂണ്ടിക്കാട്ടിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here