സ്കൂളുകള്‍ എപ്പോള്‍ തുറക്കും?; സമയക്രമം ആയിട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍

0
109

ദില്ലി: രാജ്യത്ത് സ്കൂളുകള്‍ തുറക്കുന്ന കാര്യത്തില്‍ സമയക്രമം ഒന്നും നിശ്ചയിച്ചിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഇതുവരെ കേന്ദ്രഭരണ പ്രദേശമായ ചണ്ഡീഗഡ് മാത്രമാണ് കേന്ദ്രത്തോട് സ്കൂള്‍ തുറക്കണം എന്ന ആവശ്യം ഉന്നയിച്ചത് എന്നാമ് വാര്‍ത്ത ഏജന്‍സി എഎന്‍ഐ സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നത്.

തിങ്കളാഴ്ച ഈ കാര്യങ്ങള്‍ കേന്ദ്ര വിദ്യഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ പാര്‍ളിമെന്‍ററി കമ്മിറ്റിയെ ധരിപ്പിച്ചു. മുന്‍പ് കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയത്തിലെ സ്കൂള്‍ വിദ്യാഭ്യാസ സക്ഷരത വിഭാഗം രാജ്യത്ത് സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട വിവിധ സംസ്ഥാനങ്ങളിലെയും,കേന്ദ്രഭരണ പ്രദേശങ്ങളിലെയും രക്ഷിതാക്കളുടെ അഭിപ്രായങ്ങള്‍ സ്വരൂപിക്കാന്‍ അതാത് പ്രദേശിക ഭരണകൂടങ്ങള്‍ക്ക് സര്‍ക്കുലര്‍ നല്‍കിയിരുന്നു.

സ്കൂളുകള്‍ തുറക്കാന്‍ പറ്റിയ സമയം ഏതാണ് എന്നത് നിശ്ചയിക്കാന്‍ കൂടിയായിരുന്നു ഈ സര്‍ക്കുലര്‍. മാര്‍ച്ച് മധ്യത്തോടെ കൊവിഡ് ഭീഷണിയെ തുടര്‍ന്ന് രാജ്യത്തെ സ്കൂളുകള്‍ പൂര്‍ണ്ണമായും അടഞ്ഞ് കിടക്കുകയാണ്. അതിന് ശേഷം കൊവിഡുമൂലം ഏര്‍പ്പെടുത്തിയ പല നിയന്ത്രണങ്ങളും കേന്ദ്രം എടുത്ത് കളഞ്ഞെങ്കിലും സ്കൂളുകള്‍ക്ക് ഇളവ് നല്‍കിയിട്ടില്ല.

അതേ സമയം കേന്ദ്രം ഇപ്പോഴത്തെ ഇന്ത്യയിലെ കൊവിഡിന്‍റെ അസാധാരണ സാഹചര്യം കണക്കിലെടുത്ത് രാജ്യത്തെ സ്കൂള്‍ സിലബസ് ഒന്‍പത് മുതല്‍ 12വരെയുള്ള ക്ലാസില്‍ 30 ശതമാനം വെട്ടികുറയ്ക്കാന്‍ തീരുമാനിച്ചിരുന്നു.  ഒപ്പം ഓണ്‍ലൈന്‍ ക്ലാസുകളെ പരമാവധി പ്രോത്സാഹിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.  

LEAVE A REPLY

Please enter your comment!
Please enter your name here