രാജമലയില്‍ മരണം 22 ആയി: അഞ്ചുപേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി, ശേഷിക്കുന്നവര്‍ക്കായി ഊര്‍ജിത തിരച്ചില്‍

0
146

മൂന്നാര്‍: രാജമലയിലുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 22 ആയി. നേരത്തെ 48 പേരെ കണ്ടെത്താനായിരുന്നില്ല. എട്ട് കുട്ടികളടക്കമുള്ള ഇവരെ കണ്ടെത്താനായി നടത്തിയ തെരച്ചിലിലാണ് അഞ്ചുപേരുടെ മൃതദേഹങ്ങള്‍കൂടി കിട്ടിയത്. ഇതാരുടേതെല്ലാമാണെന്ന് തിരിച്ചറിയാനായിട്ടില്ല.  ഇവ പുറത്തെടുക്കാന്‍ സാധിച്ചിട്ടില്ല. ശ്രമങ്ങള്‍ തുടരുകയാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. തിരച്ചില്‍ ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിലാണ്.
അഞ്ച് മൃതദേഹങ്ങള്‍കൂടി ലഭിച്ചതായി ഡീന്‍ കൂര്യാക്കോസ് എം.പിയുമാണ് അഞ്ചുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി സ്ഥിരീകരിച്ചത്.
മരിച്ചവരുടെ ആശ്രിതര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അഞ്ചുലക്ഷവും കേന്ദ്രസര്‍ക്കാര്‍ രണ്ടു ലക്ഷവും വീതം ധനസഹായം ഇന്നലെ പ്രഖ്യാപിച്ചു.

പരിക്കേറ്റ 15 പേരെ രക്ഷിച്ചിരുന്നു. അഗ്നിശമനസേന, ദുരന്തനിവാരണ സേന, പൊലിസ്, ഫോറസ്റ്റ്, നാട്ടുകാര്‍ എന്നിവരുടെ പങ്കാളിത്തത്തോടെയാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്.

20 വീടുകളുള്ള നാല് ലയങ്ങള്‍ പൂര്‍ണമായും ഒലിച്ചുപോയി. ദുരന്തമുണ്ടായത് 80തോളം തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന മേഖലയിലാണ്. ഫോണ്‍ ബന്ധമില്ലാത്തതിനാല്‍ രാവിലെ 7.30 തോടെ സമീപവാസികള്‍ രാജമലയിലെത്തിയാണ് വിവരങ്ങള്‍ കൈമാറിയത്.
തുടര്‍ന്ന് വനം വകുപ്പ് അധികൃതരാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ആദ്യമെത്തിയത്. ഇടമലക്കുടിയിലെ പ്രവേശന കവാടമാണ് പെട്ടിമുടി. മൂന്നുവശങ്ങളും മലകളാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന പെട്ടിമുടിയില്‍ ഫോണ്‍ ബന്ധം നിലച്ചിട്ട് മാസങ്ങളായി. കാലവര്‍ഷം ശക്തി പ്രാപിച്ചതോടെ പെരിയവരൈ പാലം തകര്‍ന്നതിനാല്‍ ഫയര്‍ഫോഴ്സിനടക്കം എത്തിപ്പെടാന്‍ തടസ്സം നേരിട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here