കോവിഡില്ലെന്നു വ്യാജ പരിശോധനാ ഫലം; ബാങ്ക് മാനേജർ മരിച്ചു, 3 പേർ പിടിയിൽ

0
144

കൊൽക്കത്ത∙ കൊറോണവൈറസ് പരത്തുന്ന ഭീഷണിക്കിടെ കോവിഡ് പരിശോധനാഫലത്തിന്റെ പേരിലും തട്ടിപ്പ്. കൊൽക്കത്തയിൽ വ്യാജ കോവിഡ് ഫലം നൽകി പണം തട്ടിയ മൂന്നു പേർ അറസ്റ്റിൽ. സ്വകാര്യ ലാബ് ഉടമയും സർക്കാർ ആശുപത്രി കരാർ ജീവനക്കാരുമാണ് പിടിയിലായത്. കോവിഡ് ഇല്ലെന്ന വ്യാജ റിപ്പോർട്ട് നൽകിയതിനു പിന്നാലെ ബാങ്ക് മാനേജർ മരിച്ച സംഭവത്തെത്തുടർന്നു ഭാര്യ പരാതി നൽകിയപ്പോഴാണു തട്ടിപ്പ് പുറത്തായത്. സംഭവത്തിനു പിന്നിൽ വൻ സംഘമാണെന്ന് പൊലീസ് പറയുന്നു. അന്വേഷണം ആരംഭിച്ചതായി സൗത്ത് കൊൽക്കത്ത നേതാജി നഗർ പൊലീസ് അറിയിച്ചു. സർക്കാർ ആശുപത്രിയിൽ വ്യാഴാഴ്ച വൈകിട്ടാണ് അൻപത്തിയേഴുകാരനായ ബാങ്ക് മാനേജർ മരിച്ചത്. 

ദിവസങ്ങളായി ബാങ്ക് മാനേജർക്ക് ചുമയും പനിയും ജലദോഷവുമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കുടുംബഡോക്ടറാണ് ഒരു ലാബിലേക്ക്‌ അയച്ചത്. കോവിഡ് പരിശോധനാ കേന്ദ്രത്തിലേക്കു യാത്ര ചെയ്യാനാകാത്ത വിധം അവശനായിരുന്നു ബാങ്ക് മാനേജർ. ലാബ് ഉടമ ഒരാളെ സ്രവം ശേഖരിക്കാനായി ജൂലൈ 25ന് അയച്ചു. പിറ്റേന്നുതന്നെ ഫലം നെഗറ്റിവാണെന്ന വിവരം ഫോണിലൂടെ അറിയിക്കുകയും ചെയ്തു. ഇക്കാര്യം ഉറപ്പിക്കാൻ ഒരു ഫോമും നൽകി. ഒരു വാട്‌സാപ് സന്ദേശം വഴിയും ഇക്കാര്യം വ്യക്തമാക്കി. 

എന്നാൽ‍ വൈകാതെ ഇദ്ദേഹത്തിന്റെ നില വഷളാവുകയായിരുന്നു. തുടർന്ന് ഒരു നഴ്സിങ് ഹോമിലേക്കു മാറ്റി. അസുഖം മൂർച്ഛിച്ച് എംആർ ബാങ്കുർ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ഫോമിലെ തട്ടിപ്പ് വ്യക്തമായത്. ഔദ്യോഗിക പരിശോധനാ ഫലം പ്രിന്റ് ചെയ്താണ് നൽകിയിരുന്നത്. മാത്രവുമല്ല അതിലെ സ്പെസിമെന്‍ റഫറൽ ഫോം (എസ്ആർഎഫ്) ഐഡിയിൽ 13 അക്കങ്ങളുമുണ്ടാകും. എന്നാൽ തട്ടിപ്പു സംഘം വ്യാജമായാണ് ഫോം നിർമിച്ചത്. പ്രിന്റ് ചെയ്യുന്നതിനു പകരം എഴുതിയാണ് ഫലം നൽകിയത്. എസ്ആർഎഫ് ഐഡിയിലാകട്ടെ ഒൻപത് അക്കങ്ങളേ ഉണ്ടായിരുന്നുള്ളൂ.  

സ്രവ സാംപിൾ ശേഖരിക്കുമ്പോൾ പൂരിപ്പിക്കേണ്ട ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐസിഎംആർ) നിർദേശിച്ച ഫോമും ഇവർ വ്യാജമായി നിർമിച്ചു. സാംപിൾ ശേഖരിക്കാൻ 2000 രൂപയാണു വാങ്ങിയത്. ജൂലൈ 26ന് ഫലം വന്നു, ജൂലൈ 30ന് ബാങ്ക് മാനേജർ മരിച്ചു. ഫലം നെഗറ്റിവാണെന്നറിഞ്ഞ ആശ്വാസത്തില്‍ ആശുപത്രിയിലേക്കു കൊണ്ടുപോകാതിരുന്നതാണെന്നും മാനേജരുടെ മകൻ പറയുന്നു. സ്രവസാംപിൾ എടുക്കാൻ വന്നവർ സാംപിൾ ടെസ്റ്റ് ചെയ്യുന്നത് പ്രശസ്തമായ ലാബറട്ടറിയിലാണെന്നാണു പറഞ്ഞത്. എന്നാൽ കൂടുതൽ അന്വേഷണത്തിൽ ഈ ലാബിലേക്ക് ഇവർ വന്നിട്ടില്ലെന്നു മനസിലായി. ലാബിന്റെ പേരിൽ വ്യാജ രേഖകളുണ്ടാക്കിയതിനും കേസുണ്ട്.

സന്ദേശം അയച്ച വാട്സാപ് നമ്പർ പരിശോധിച്ചാണ് ഒരാളെ പിടികൂടിയത്. പ്രാദേശിക ലബോറട്ടറി ഉടമയായ അനിത് പൈറ, സഹോദരങ്ങളായ ഇന്ദ്രജിത്ത് സിക്ദർ(26), ബിശ്വജിത് സിക്ദർ(23) എന്നിവരാണു പിടിയിലായത്. രണ്ട് വ്യത്യസ്ത സർക്കാർ ആശുപത്രിലെ കരാർ ജീവനക്കാരാണിവർ.

LEAVE A REPLY

Please enter your comment!
Please enter your name here