ഇളയ കുഞ്ഞിനൊപ്പം സാഹിറ ബാനു പോയി; സ്വപ്നം ബാക്കി, രണ്ട് മക്കളും

0
145

കോഴിക്കോട് ∙ കരിപ്പൂരിലെ വിമാനാപകടത്തിൽ മരിച്ച സാഹിറ ബാനുവിന്റെയും കുഞ്ഞിന്റെയും അകാലവിയോഗം മുക്കത്തിന് തീരാക്കണ്ണീരായി. ജോലിയെന്ന സ്വപ്നം മനസ്സിലേറ്റിയാണ് സാഹിറ നാട്ടിലേക്ക് വിമാനം കയറിയത്. 10 മാസം മുന്‍പാണു നാട്ടില്‍നിന്നു സാഹിറ ബാനുവും മക്കളും ദുബായിലേക്ക് അവസാനമായി പോയത്. സര്‍ക്കാര്‍ ജോലി ലക്ഷ്യമിട്ടാണ് പ്രവാസ ജീവിതം അവസാനിപ്പിച്ച് സാഹിറ തിരികെ നാട്ടിലേക്ക് വിമാനം കയറിയത്.

എന്നാല്‍ മണ്ണില്‍ തൊടുംമുന്‍പുണ്ടായ അപകടത്തില്‍ എല്ലാ സ്വപ്നവും നിലച്ചു. മൂന്നു മക്കളും ഉമ്മയും ഒരുമിച്ചായിരുന്നു നാട്ടിലേക്കുള്ള യാത്ര. രണ്ടു മക്കള്‍ കോഴിക്കോട്ടെ രണ്ടു സ്വകാര്യ ആശുപത്രികളിൽ ചികില്‍സയിലാണ്. 10 മാസം പ്രായമുള്ള ഇളയമകന്‍ ഉമ്മയ്ക്കൊപ്പം യാത്രയായി. ദുബായിലെ സ്വകാര്യ കമ്പനിയിൽ അക്കൗണ്ടന്റാണ് ഭർത്താവ് കോഴിക്കോട് വെള്ളിമാടുകുന്ന് സ്വദേശി മുഹമ്മദ് ഇജാസ് ചെമ്പായി.

ഏഴു വർഷത്തോളം ഷാർജ നാഷനൽ പെയിന്റ്സിനടുത്തെ ഫ്ലാറ്റിൽ കൂടെയുണ്ടായിരുന്ന ഭാര്യയും 3 മക്കളുമടങ്ങുന്ന കുടുംബത്തെ വീസ റദ്ദാക്കിയാണ് നാട്ടിലേക്കു പറഞ്ഞയച്ചത്. കോവിഡ് കാരണം മക്കളുടെ വിദ്യാഭ്യാസം തകരാറിലാകുമെന്ന ആശങ്കയാണ് കുടുംബത്തെ തിരിച്ചയക്കാനുള്ള തീരുമാനത്തിനു പിന്നില്‍. അടുത്ത മാസമായിരുന്നു യാത്ര തീരുമാനിച്ചിരുന്നത്. കുടുംബത്തിനു ക്വാറന്റീനിൽ കഴിയാൻ ഒരു വീട് പെട്ടെന്ന് തരപ്പെട്ടപ്പോൾ യാത്ര നേരത്തെ ആക്കുകയായിരുന്നു.

പക്ഷേ അത് അന്ത്യയാത്രയായി

ഒരു ബുദ്ധിമുട്ടുമില്ലാതെ നാട്ടിലെത്താന്‍ എല്ലാവരും പ്രാര്‍ഥിക്കണമെന്നായിരുന്നു സമൂഹമാധ്യമത്തിൽ പിലാശേരി സ്വദേശി ഷറഫുദ്ദീന്റെ അവസാന പോസ്റ്റ്. ഭാര്യയ്ക്കും കുഞ്ഞിനുമൊപ്പമുള്ള സെല്‍ഫിയും പങ്കുവച്ചിരുന്നു. പക്ഷേ അത് അന്ത്യയാത്രയായി. നാട്ടുകാര്‍ക്ക് പ്രിയപ്പെട്ട കുഞ്ഞുമോനായിരുന്നു ഷറഫു. നാടണയാന്‍ പോകുന്നതിന്റെ സന്തോഷം സമൂഹമാധ്യമത്തിലെ ഫോട്ടോയിലും പ്രകടമായിരുന്നു. ഷറഫുവിന്റെ മരണം പിലാശേരിക്കാർക്ക് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here