വിവാഹത്തില്‍ പങ്കെടുത്ത 113 പേര്‍ക്ക് കോവിഡ്, വരന്‍ മരിച്ചു: വരന്റെ പിതാവിനെതിരെ കേസ്

0
136

പറ്റ്‌ന: ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ നടത്തിയ വിവാഹത്തിന് ശേഷം വരന്‍ കോവിഡ് ബാധിച്ച് മരിച്ച സംഭവത്തില്‍ വരന്റെ പിതാവിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. അംബിക ചൗധരി എന്നയാള്‍ക്കെതിരെ പറ്റ്‌ന ജില്ലാ ഭരണകൂടമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

പറ്റ്‌നയിലെ ദീഹ് പാലി ഗ്രാമത്തില്‍ ജൂണ്‍ 15നായിരുന്നു വിവാഹം. കോവിഡ് പ്രതിരോധ നടപടികള്‍ സ്വീകരിക്കാതെ കണക്കിലധികം ആളുകള്‍ പങ്കെടുത്താണ് വിവാഹം നടന്നത്. പിന്നീട് ചടങ്ങിനെത്തിയ 113 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. സാമൂഹ്യ അകലം പാലിക്കാതെയും മാസ്‌ക് ധരിക്കാതെയുമാണ് അതിഥികള്‍ വിവാഹ ചടങ്ങുകളില്‍ പങ്കെടുത്തത്.  

കടുത്ത പനി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വരന്‍ വിവാഹം നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ബന്ധുക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി വിവാഹത്തിന് സമ്മതിക്കുകയായിരുന്നു. വിവാഹത്തിന് രണ്ട് ദിവസങ്ങള്‍ക്ക് ശേഷം വരന്റെ അവസ്ഥ വഷളായതിനെ തുടര്‍ന്ന് പറ്റ്‌നയിലെ എയിംസില്‍  പ്രവേശിപ്പിച്ചു.

പറ്റ്‌ന ജില്ലാ മജിസ്‌ട്രേറ്റ് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിനോട് സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. വരന്റെ പിതാവ് കോവിഡ് 19 പ്രോട്ടോക്കോള്‍ പാലിക്കാതെയാണ് മകന്റെ വിവാഹം നടത്തിയതെന്ന് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വരന്റെ പിതാവിനെതിരെ കൊലക്കുറ്റത്തിന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.  

LEAVE A REPLY

Please enter your comment!
Please enter your name here