രോഗികളുടെ എണ്ണം വര്‍ധിച്ചാല്‍ രോഗലക്ഷണം ഇല്ലാത്തവര്‍ക്ക് ചികിത്സ വീട്ടില്‍ തന്നെ- മുഖ്യമന്ത്രി

0
132

തിരുവനന്തപുരം (www.mediavisionnews.in) : സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ധന വന്നാല്‍ ലക്ഷണമില്ലാത്തവരും ഗുരുതരമായ പ്രശ്‌നങ്ങളില്ലാത്തതുമായവര്‍ക്ക്‌ വീടുകളില്‍ തന്നെ പരിചരണം നല്‍കുന്നത് പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

സംസ്ഥാനത്ത് നിലവിലുള്ള രോഗികളില്‍ 60 ശതമാനത്തിനു മുകളില്‍ രോഗലക്ഷണം പ്രകടിപ്പിക്കാത്തവരാണ്. ഇവരെ വീടുകളില്‍ തന്നെ താമസിപ്പിച്ച് പരിചരിച്ചാല്‍ മതിയെന്ന് വിദഗ്ദ്ധര്‍ ഉപാധികളോടെ നിര്‍ദേശിച്ചിട്ടുണ്ട്. അപകടസാധ്യത വിഭാഗത്തില്‍പ്പെടാത്തവരായ രോഗലക്ഷണമില്ലാത്തവരെ താമസസ്ഥലത്തിന് തൊട്ടടുത്ത് ചികിത്സാകേന്ദ്രം ഉണ്ടെന്ന് ഉറപ്പുണ്ടെങ്കില്‍ വീട്ടില്‍തന്നെ കഴിയാന്‍ അനുവദിക്കാമെന്ന് മറ്റു ചില രാജ്യങ്ങളിലേയും അനുഭവം കാണിക്കുന്നു.’ മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

രോഗികളുടെ എണ്ണം അമിതമായി വര്‍ധിച്ചാല്‍ ഇത്തരം നിര്‍ദേശങ്ങള്‍ പരിഗണിക്കേണ്ടതായി വന്നേക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനം നിലവില്‍ 60 ശതമാനത്തിന് മുകളിലുണ്ട്. ഉറവിടമറിയാത്ത രോഗികളുടെ എണ്ണത്തിലും നല്ല വര്‍ധനവുണ്ട്. നിരവധി ജില്ലകളില്‍ രോഗികളുടെ ക്ലസ്റ്ററുകള്‍ രൂപപ്പെട്ടുകഴിഞ്ഞു.

തിരുവനന്തപുരത്ത് രണ്ട് പ്രദേശങ്ങള്‍ സമൂഹവ്യാപനത്തിലേക്ക് പോയി.ശാസ്ത്രീയമായ പരിഹാരമാര്‍ഗങ്ങള്‍ ഈ സാഹചര്യത്തില്‍ എടുക്കേണ്ടതുണ്ട്. സ്വകാര്യ ആശുപത്രികള്‍ക്കും കോവിഡ് ചികിത്സ നടത്താന്‍ അനുമതി നല്‍കിയിട്ടുണ്ട്. ചെറുകിട-ഇടത്തരം സ്വകാര്യ ആശുപത്രികള്‍ക്ക് പ്രഥമതല കോവിഡ് ചികിത്സ കേന്ദ്രം നടത്താനുള്ള അനുമതിയും നല്‍കുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here