മംഗളൂരു ഉൾപ്പെടെ ദക്ഷിണ കന്നഡയിൽ ഇന്നുമുതൽ കർശന നിർദേശങ്ങളുമായി ലോക്ഡൗൺ

0
137

മംഗളൂരു: (www.mediavisionnews.in) ദക്ഷിണ കന്നഡ ജില്ലയിൽ ബുധനാഴ്ച രാത്രി എട്ടുമണി മുതൽ 23-ന് രാവിലെ അഞ്ചുമണി വരെ സമ്പൂർണ ലോക്ഡൗൺ. കർശന നിയന്ത്രണങ്ങളാണ് ലോക്ഡൗണിനെത്തുടർന്ന് ഏർപ്പെടുത്തിയതെന്ന് ജില്ലാ ഡെപ്യൂട്ടി കമ്മിഷണർ (കളക്ടർ) സിന്ധു ബി.രൂപേഷ് പറഞ്ഞു.

ആരോഗ്യം, പോലീസ്, സിറ്റി കോർപ്പറേഷൻ, കോടതി, ജയിൽ, വൈദ്യുതി-കുടിവെള്ളവിതരണ വിഭാഗം, അവശ്യ സർവീസുകൾ, കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന ഓഫീസുകൾ തുടങ്ങിയവ മാത്രമാണ് തുറന്നു പ്രവർത്തിക്കുക. ബാങ്കുകൾ, എ.ടി.എം., പത്രങ്ങൾ, ഇന്റർനെറ്റ്, കേബിൾ ടി.വി., മരുന്നുകൾ, ഭക്ഷണം എന്നിവയ്ക്കായുള്ള ഇ-കൊമേഴ്‌സ് സേവനങ്ങൾ എന്നിവയെ ലോക്ഡൗൺ ബാധിക്കില്ല. അനാദി-പഴം പച്ചക്കറി, ഇറച്ചിക്കടകൾ രാവിലെ എട്ടുമുതൽ 11 വരെ തുറക്കാം. അവശ്യസർവീസുകൾ ഒഴികെ പൊതുസ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങാൻ അനുവദിക്കില്ല. ആരാധനാലയങ്ങളിൽ ചടങ്ങുകൾക്ക് ആവശ്യമായവരെ മാത്രമേ പ്രവേശിപ്പിക്കൂ. ബാറുകൾ, മദ്യവിൽപ്പനശാലകൾ, വാണിജ്യ സമുച്ചയങ്ങൾ, ജിംനേഷ്യം, സ്റ്റേഡിയം, പാർക്ക്, നീന്തൽക്കുളം, ഓഡിറ്റോറിയം തുടങ്ങിയവയെല്ലാം അടച്ചിടും. അവശ്യസേവനങ്ങൾക്കും ആരോഗ്യസേവനങ്ങൾക്കും ഒഴികെ ടാക്സികളോ ഓട്ടോറിക്ഷകളോ റോഡിലിറങ്ങാൻ അനുവദിക്കില്ല. സ്കൂളുകളും കോളേജുകളും പ്രവർത്തിക്കില്ല. തീവണ്ടികളും വിമാനങ്ങളും സർവീസ് നടത്തും. ഇതുവഴിയെത്തുന്ന യാത്രക്കാരെ പാസുള്ളവരായി പരിഗണിച്ച് അവരുടെ യാത്രകൾ അനുവദിക്കും. ഹോട്ടലുകളിൽ പാഴ്‌സൽ സർവീസ്‌ മാത്രമേ ഉണ്ടാവൂ. പരീക്ഷയെഴുതുന്ന വിദ്യാർഥികൾക്ക് ഹാൾടിക്കറ്റ് കൈവശമുണ്ടെങ്കിൽ യാത്ര അനുവദിക്കും. എസ്.എസ്.എൽ.സി. മൂല്യനിർണയം നടത്തുന്ന അധ്യാപകരെ തടയില്ലെന്നും ഡി.സി. വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here