ഭാര്യയും മക്കളും പോലും കൂടെ നിന്നില്ല; ബിജെപിയില്‍ ചേര്‍ന്ന് 24 മണിക്കൂറിനുള്ളില്‍ പാര്‍ട്ടി വിട്ട് മുന്‍ ബ്ലാസ്റ്റേഴ്സ് താരം

0
169

കേരളത്തിലെ ഫുട്‍ബോൾ ആരാധകർക്ക് സുപരിചിതനായ താരമാണ് മെഹ്താബ് ഹുസൈൻ. ഇന്ത്യക്ക് വേണ്ടി 31 മത്സരങ്ങൾ കളിച്ച താരം 2014 മുതൽ 2016 വരെയുള്ള രണ്ടുവർഷം ഐഎസ്എൽ ക്ലബ്ബായ കേരളാ ബ്ലാസ്റ്റേഴ്‌സിന് വേണ്ടിയും ബൂട്ടണിഞ്ഞിട്ടുണ്ട്.

ചൊവ്വാഴ്ച ബിജെപി പശ്ചിമ ബംഗാൾ അദ്ധ്യക്ഷൻ ദിലീപ് ഘോഷിൽ നിന്നും മെഹ്താബ് പാർട്ടി അംഗത്വമേറ്റെടുത്തെന്ന വാര്‍ത്ത വലിയ രീതിയില്‍ വൈറലായിരുന്നു. എന്നാല്‍ പാര്‍ട്ടിയില്‍ ചേര്‍ന്ന് 24 മണിക്കൂറിനുള്ളിൽ അദ്ദേഹം പാര്‍ട്ടി വിട്ടു. ജനങ്ങളോടൊപ്പം നിൽക്കണം എന്ന തീരുമാനത്തിലാണ് താൻ രാഷ്ട്രീയത്തിൽ ചേരാൻ തീരുമാനിച്ചത്. ആരും നിർബന്ധിച്ചിട്ടല്ല താൻ പാർട്ടി വിടുന്നത്. ഭാര്യയും മക്കളും പോലും തന്റെ തീരുമാനത്തോടൊപ്പം നിന്നില്ല ഇതാണ് തീരുമാനം മാറ്റാൻ കാരണമെന്ന് മെഹ്‌താബ് പറഞ്ഞു.

‘ബിജെപിയിൽ ചേരാനുള്ള തീരുമാനത്തോട് വലിയ എതിർപ്പുണ്ടായി. ഇന്ന് മുതൽ എനിക്ക് ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമില്ല.’ മെഹ്താബ് ഹുസ്സൈൻ ഫെയ്‌സ്ബുക്കിൽ കുറിച്ചു.

ചൊവ്വാഴ്ച ബംഗാൾ ബിജെപിയുടെ മുരളീധർ സെൻ ലെയ്‌നിലുള്ള ആസ്ഥാനത്ത് വലിയ സദസിൽ വച്ച് നടന്ന പരിപാടിയിലാണ് മെഹ്താബ് പാർട്ടി അംഗത്വം സ്വീകരിച്ചത്. എന്നാൽ 24 മണിക്കൂറിൽ താരത്തിനുണ്ടായ മനംമാറ്റം ബിജെപിയുടെ സംസ്ഥാന നേതൃത്വത്തെ വലിയ പ്രതിസന്ധിയിലാക്കി. ഏറെക്കാലം ഈസ്റ്റ് ബംഗാൾ നായകനായിരുന്ന മെഹ്താബ് മോഹൻ ബഗാൻ, ഒഎൻജിസി, ജംഷഡ്പൂർ എഫ്‌സി എന്നീ ക്ലബ്ബുകൾക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. ഇന്ത്യക്ക് വേണ്ടി രണ്ട് ഗോളുകളും നേടി. 2018-19 സീസണ് ഒടുവിലാണ് മെഹ്താബ് പ്രൊഫഷണൽ ഫുട്‍ബോളിൽ നിന്ന് വിരമിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here