പെരുന്നാള്‍ കഴിയുംവരെ മുഴുവന്‍ കടകളും തുറക്കാന്‍ അനുവദിക്കണം – മര്‍ച്ചന്റ്‌സ് അസോസിയേഷന്‍

0
150

കാസര്‍കോട്: കോവിഡ്-19 നെ പ്രതിരോധിക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദ്ദേശിക്കുന്ന നിബന്ധനകള്‍ക്ക് വിധേയമായി മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളും പെരുന്നാള്‍ ആഘോഷം കഴിയുന്നതുവരെ തുറന്ന് പ്രവര്‍ത്തിക്കാന്‍ ജില്ലാ ഭരണകൂടം അനുമതി നല്‍കണമെന്ന് കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് എ.കെ.മൊയ്തീന്‍ കുഞ്ഞി, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മേഖല പ്രസിഡണ്ട് എ.എ.അസീസ്, ജനറല്‍ സെക്രട്ടറി കെ. നാഗേഷ് ഷെട്ടി, ട്രഷറര്‍ ബഷീര്‍ കല്ലങ്കാടി എന്നിവര്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ ഏതാനും മാസങ്ങളായി ലോക്ഡൗണ്‍ മൂലം കടകള്‍ അടച്ചിട്ട വ്യാപാരികള്‍ക്ക് ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. പെരുന്നാള്‍, വിഷു എന്നീ ആഘോഷങ്ങള്‍ മുന്നില്‍ കണ്ട് സ്റ്റോക്ക് ചെയ്ത സാധനങ്ങള്‍ വില്‍ക്കാന്‍ കഴിയാതെ മുഴുവനും കെട്ടിക്കിടന്ന് ഉപയോഗശൂന്യമാവുകയും ലക്ഷങ്ങളുടെ തുണിത്തരങ്ങളും മറ്റും പകുതി വിലക്ക് പോലും വില്‍ക്കാന്‍ കഴിയാതെ വ്യാപാരികള്‍ക്ക് വലിയ പ്രയാസങ്ങള്‍ അനുഭവപ്പെടുകയും ചെയ്തു. കഴിഞ്ഞ ഒരു മാസം കടകള്‍ തുറക്കാന്‍ അനുമതി ലഭിച്ചെങ്കിലും ഉപഭോക്താക്കള്‍ കോവിഡ്-19 നെ ഭയന്ന് നഗരത്തിലെത്താത്തതിനാല്‍ വ്യാപാരം നന്നേ കുറവായിരുന്നു. പടിപടിയായി സാധാരണ നിലയിലേക്ക് വ്യാപാരം വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് വീണ്ടും കോവിഡ്-19 വ്യാപനത്തിന്റെ പേരില്‍ അനിശ്ചിതമായി കടകള്‍ അടച്ചിടാനുള്ള സഹചര്യം ഉണ്ടായത്. പഴയതെല്ലാം കിട്ടിയ വിലയ്ക്ക് വിറ്റ് കാലിയാക്കിയ വ്യാപാരികള്‍ പെരുന്നാള്‍, ഓണം എന്നീ ആഘോഷങ്ങള്‍ മുന്നില്‍ കണ്ട് കടം വാങ്ങിയും ഉള്ളതെല്ലാം വിറ്റും പണമുണ്ടാക്കി വീണ്ടും പുത്തന്‍ ഉല്‍പന്നങ്ങള്‍ കടയില്‍ നിറച്ച് പ്രതിക്ഷയോടെ മുന്നോട്ട് പോകുന്ന സഹചര്യത്തിലാണ് വീണ്ടും നിരോധനാജ്ഞയും കടയടപ്പും പ്രഖ്യാപിച്ചത്. ഇതിനെ തുടര്‍ന്ന് വ്യാപാരികള്‍ക്ക് പിടിച്ചു നില്‍ക്കാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്. നിരവധി വ്യാപാരികള്‍ കച്ചവടം ഉപേക്ഷിക്കാനും അനേകം തൊഴിലാളികളെ തൊഴില്‍ രഹിതരാക്കാനും ഇടയാക്കുന്ന നിര്‍ദ്ദേശങ്ങള്‍ പുന പരിശോധിച്ച് പെരുന്നാള്‍ കഴിയുന്നത് വരെയെങ്കിലും മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണമന്ന് ജില്ലാ കലക്ടര്‍ക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here