പത്മനാഭസ്വാമി ക്ഷേത്രം: രാജകുടുംബത്തിന്റെ അധികാരത്തിന് സുപ്രീം കോടതി അംഗീകാരം

0
118

ന്യൂഡൽഹി: തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ആചാരപരമായ കാര്യങ്ങളിൽ രാജകുടുംബത്തിന്റെ അധികാരം അംഗീകരിച്ച് സുപ്രീം കോടതി. ക്ഷേത്രഭരണം തിരുവനന്തപുരം ജില്ലാ ജ‍ഡ്ജി അധ്യക്ഷനായ താൽക്കാലിക സമിതിക്കായിരിക്കുമെന്നും കോടതി വ്യക്തമാക്കി. സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെയുള്ള ഹർജികൾ പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ യു.യു. ലളിത്, ഇന്ദു മൽഹോത്ര എന്നിവരടങ്ങിയ ബെഞ്ചിന്റെ പരാമർശം. വിധി പ്രസ്താവം തുടരുന്നു. വാദം കേട്ടശേഷം കഴിഞ്ഞ വർഷം ഏപ്രിലിലാണ് വിധി പറയാൻ മാറ്റിയത്.

കവനന്റ് ഒപ്പുവച്ച ഭരണാധികാരി അന്തരിച്ചത് കുടുംബത്തിന്റെ ഭരണാവകാശത്തെ ബാധിക്കില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. പുതിയ ഭരണ സമിതി രൂപീകരിക്കും വരെ താല്‍ക്കാലിക സമിതി ഭരണച്ചുമതല നിര്‍വഹിക്കാനും കോടതി നിര്‍ദേശിച്ചു.

തിരുവിതാംകൂറിലെ അവസാനത്തെ മഹാരാജാവിന്റെ കാലശേഷം ക്ഷേത്രം സർക്കാരിൽ നിക്ഷിപ്തമാണെന്നും രാജകുടുംബത്തിലെ അനന്തരാവകാശിക്കു കൈമാറാൻ വ്യവസ്ഥയില്ലെന്നും അതിനാൽ സർക്കാർ ഏറ്റെടുക്കണമെന്നുമാണ് 2011 ജനുവരി 31ലെ വിധിയിൽ ഹൈക്കോടതി വ്യക്തമാക്കിയത്. ഹൈക്കോടതി വിധിക്കെതിരെ ഉത്രാടം തിരുനാൾ മാർത്താണ്ഡവർമയാണ് സുപ്രീം കോടതിയെ സമീപിച്ചത്.

2011 മേയ് 2ന് ഹൈക്കോടതി ഉത്തരവു സുപ്രീം കോടതി സ്റ്റേ ചെയ്തു. എന്നാൽ, ക്ഷേത്ര നിലവറകളിലെ വസ്തുക്കളുടെ കണക്കെടുപ്പിന് കോടതി നിർദേശിച്ചു. അമിക്കസ് ക്യൂറിയായിരുന്ന ഗോപാൽ സുബ്രഹ്മണ്യം, മുൻ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ വിനോദ് റായ് തുടങ്ങിയവർ ക്ഷേത്ര നടത്തിപ്പിനെയും വസ്തുവകകളുടെ സ്ഥിതിയെയും കുറിച്ചുൾപ്പെടെ കോടതിക്കു റിപ്പോർട്ട് നൽകി.

രാജവാഴ്ചയും പ്രിവി പഴ്സും ഇല്ലാതായെങ്കിലും വ്യക്തിപരമായി രാജാവിനുള്ള അവകാശങ്ങൾ ഇല്ലാതായിട്ടില്ലെന്നാണു രാജകുടുംബം വാദിച്ചത്. ശ്രീപത്മനാഭസ്വാമി ക്ഷേത്രം, പൊതു ക്ഷേത്രമാണെങ്കിലും പ്രതിഷ്ഠയ്ക്കാണ് സ്വത്തിൽ അവകാശമെന്നതിനാൽ ക്ഷേത്ര ഭരണം രാജകുടുംബത്തിന് അവകാശപ്പെട്ടതാണെന്നും അവർ വാദിക്കുന്നു.

എന്നാൽ, ക്ഷേത്ര നടത്തിപ്പിൽ ക്രമക്കെടുണ്ടെന്ന് അമിക്കസ് ക്യൂറിയും മുൻ സിഎജിയും കണ്ടെത്തിയിട്ടുണ്ടെന്നും ഗുരുവായൂർ ക്ഷേത്രത്തിന്റെ മാതൃകയിലുള്ള ഭരണസംവിധാനം ആലോചിക്കാവുന്നതാണെന്നും സംസ്ഥാന സർക്കാർ വാദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here