നേരത്തെ നിരോധിച്ച ആപ്പുകളുടെ ക്ലോണ്‍ പതിപ്പുകള്‍ പ്ലേസ്റ്റോറില്‍ സുലഭം; 47 ചൈനീസ് ആപ്പുകള്‍ കൂടി നിരോധിച്ച് ഇന്ത്യ

0
152

ന്യൂദല്‍ഹി: നേരത്തെ സര്‍ക്കാര്‍ നിരോധിച്ച 59 ആപ്പുകളുടെ ക്ലോണ്‍ പതിപ്പുകള്‍ കൂടി നിരോധിച്ച് സര്‍ക്കാര്‍. ക്ലോണ്‍ പതിപ്പുകള്‍ പ്ലേസ്‌റ്റോറില്‍ ഉള്‍പ്പെടെ ലഭ്യമായ സാഹചര്യത്തിലാണ് നിരോധിച്ച് കൊണ്ടുള്ള നടപടി.

ഐ. ടി മന്ത്രാലയമാണ് ഇത് വ്യക്തമാക്കിയത്. ഇതിന് പുറമേ ചൈനീസ് ബന്ധമുള്ള 275 ആപ്പുകള്‍ കൂടി നിരോധിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ഡാറ്റാ ചോര്‍ച്ച ഉണ്ടാകുന്നുവെന്ന് കണ്ടെത്തിയ ആപ്പുകളുടെ പട്ടികയാണ് സര്‍ക്കാര്‍ തയ്യാറാക്കിയത്. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്ന ആപ്പുകളാണ് ഇവയെന്നാണ് സര്‍ക്കാരിന്റെ നിഗമനം.

പബ്ജി, സിലി, റെസ്സോ, അലിഎക്സ്പ്രസ്, യൂ ലൈക്ക് തുടങ്ങിയ ആപ്പുകള്‍ പട്ടികയിലുണ്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചൈനീസ് ടെക് ഭീമന്‍മാരായ മെയ്തു, എല്‍.ബി.ഇ ടെക്, പെര്‍ഫക്ട് കോര്‍പ്, സിന കോര്‍പ്പ്, നെതീസ് ഗെയിംസ്, സൂസൂ ഗ്ലോബല്‍ തുടങ്ങിയവയും പട്ടികയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ദക്ഷിണ കൊറിയന്‍ വീഡിയോ ഗെയിം കമ്പനിയായ ബ്ലൂഹോളിന്റെ അനുബന്ധ സ്ഥാപനമാണ് പബ്ജി വീഡിയോഗെയിം വികസിപ്പിച്ചതെങ്കിലും, ചൈനയുടെ ഏറ്റവും മൂല്യവത്തായ ഇന്റര്‍നെറ്റ് കമ്പനിയായ ടെന്‍സെന്റിന്റെ പിന്തുണയും ഇതിനുണ്ട്.

മറുവശത്ത്, സിലിയുടെ ഉടമസ്ഥത വഹിക്കുന്ന ഷവോമിയും റെസ്സോയുമാണ്. യുലൈക്കിന്റെ ഉടമസ്ഥാവകാശം ടിക് ടോക്ക് ഉടമ കൂടായായ ബൈറ്റ്ഡാന്‍സിനാണ്. ചൈനീസ് ഇ-കൊമേഴ്‌സ് ഭീമനായ ആലിബാബയാണ് അലിഎക്സ്പ്രസിന്റെ ഉടമസ്ഥത വഹിക്കുന്നത്.

പബ്ജിയുടെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ. ആപ്ലിക്കേഷന്‍ ഇന്റലിജന്‍സ് സ്ഥാപനമായ സെന്‍സര്‍ ടവറില്‍ നിന്നുള്ള കണക്കനുസരിച്ച്, പബ്ജി 17.5 കോടി പേരാണ് ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്നത്.

ചൈനീസ് ഇന്റര്‍നെറ്റ് കമ്പനികള്‍ക്ക് ഇന്ത്യയില്‍ ഏകദേശം 300 ദശലക്ഷം ഉപയോക്താക്കളുണ്ട്. സുരക്ഷാ കാരണങ്ങളാല്‍ മേല്‍പ്പറഞ്ഞ ആപ്ലിക്കേഷനുകള്‍ നിരോധന പട്ടികയിലുണ്ടെന്നും ഡാറ്റാ ചോര്‍ച്ചയും സ്വകാര്യതയുമായി ബന്ധപ്പെട്ട ആശങ്കകളുമാണ് നിരോധനത്തിന് കാരണമായി ചൂണ്ടിക്കാട്ടുന്നതെന്നുമാണ് സര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന.

ഇന്ത്യയുടെ പരമാധികാരത്തിനും സമഗ്രതയ്ക്കും ഭീഷണിയാകുന്ന തരത്തില്‍ ഈ ആപ്ലിക്കേഷനുകളില്‍ നിന്ന് ചൈനയിലേക്ക് വിവരകൈമാറ്റങ്ങള്‍ നടക്കുന്നുണ്ടോയെന്ന് കൂടി സര്‍ക്കാര്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

ജൂണ്‍ 29 നായിരുന്നു 59 ചൈനീസ് ആപ്പുകള്‍ ഇന്ത്യ നിരോധിച്ചത്. ടിക്ടോക്, യു.സി ബ്രൗസര്‍ ഉള്‍പ്പെടെയുള്ള ജനപ്രിയ ആപ്പുകളായിരുന്നു അന്ന് നിരോധിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here