എനിക്ക് തൂക്കുകയര്‍ കിട്ടിയാല്‍ അതും അനുഗ്രഹം; ബാബരി മസ്ജിദ് തകര്‍ത്തതിനെ ന്യായീകരിച്ച് ഉമാഭാരതി

0
230

ന്യൂദല്‍ഹി: ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ വിധി എന്തുതന്നെയായാലും കുഴപ്പമില്ലെന്ന് ബി.ജെ.പി നേതാവും കേസിലെ പ്രതിയുമായ ഉമാ ഭാരതി. എന്‍.ഡി.ടി.വിയോടായിരുന്നു ഉമാ ഭാരതിയുടെ പ്രതികരണം

‘കോടതി എന്റെ മൊഴി രേഖപ്പെടുത്താന്‍ വിളിച്ചിരുന്നു. സത്യം എന്താണെന്ന് ഞാന്‍ പറഞ്ഞിട്ടുമുണ്ട്. വിധി എന്തായാലും കുഴപ്പമില്ല. തൂക്കുമരത്തിലേക്കാണ് എന്നെ പറഞ്ഞയയ്ക്കുന്നതെങ്കില്‍ അത് അനുഗ്രഹമായി കരുതും’, ഉമാ ഭാരതി പറഞ്ഞു.

ഉമാ ഭാരതിയെക്കൂടാതെ ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കളായ എല്‍.കെ അദ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവരും ബാബരി മസ്ജിദ് തകര്‍ത്ത സംഭവത്തിലെ ഗൂഢാലോചനക്കേസിലെ പ്രതികളാണ്.

1992 ഡിസംബര്‍ ആറിനാണ് ബാബരി മസ്ജിദ് ഹിന്ദുത്വവാദികള്‍ തകര്‍ത്തത്. വെള്ളിയാഴ്ച അദ്വാനിയുടേയും വ്യാഴാഴ്ച മുരളി മനോഹര്‍ ജോഷിയുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു.

അയോധ്യയിലെ ഭൂമിതര്‍ക്ക കേസില്‍ ഹിന്ദുത്വവാദികള്‍ക്ക് അനുകൂലമായി സുപ്രീംകോടതി വിധി വന്നത് കഴിഞ്ഞ വര്‍ഷമായിരുന്നു. ഈ വര്‍ഷം ആഗസ്റ്റ് 5 ന് അയോധ്യയില്‍ രാമക്ഷേത്രത്തിനായി ഭൂമി പൂജ നടക്കുന്നുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് മുഖ്യാതിഥി. ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ പ്രതികളെ എല്ലാവരേയും ചടങ്ങില്‍ വിളിക്കണമെന്ന് ഹിന്ദുത്വസംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here