ആരിൽ നിന്നും കോവിഡ് പകരുന്ന അവസ്ഥ; എല്ലാവരും ശ്രദ്ധിച്ചില്ലെങ്കിൽ രോഗികൾ ഇനിയും കൂടും: ആരോഗ്യമന്ത്രി

0
144

തിരുവനന്തപുരം (www.mediavisionnews.in): ആരിൽ നിന്നും കോവിഡ്-19 പകരുന്ന അവസ്ഥയാണ് സംസ്ഥാനത്തുള്ളതെന്ന് മന്ത്രി കെ കെ ശൈലജ. എല്ലാവരും ശ്രദ്ധിച്ചില്ലെങ്കിൽ രോഗികൾ കൂടുന്ന അവസ്ഥ ഇനിയുമുണ്ടാകും. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ പ്രഥമതല കോവിഡ് ചികിത്സാ കേന്ദ്രത്തിലെ (സിഎഫ്എൽടിസി) സൗകര്യങ്ങൾ വിലയിരുത്തിയശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

രോഗികൾ കൂടുന്ന അവസ്ഥയിൽ ചികിത്സിക്കാൻ ആശുപത്രികളിൽ സ്ഥലമില്ലാതെ വരും. ഇത് മുന്നിൽ കണ്ടണ് കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ സ്ഥാപിക്കുന്നത്. എല്ലാവരും ജാഗ്രത തുടരേണ്ടതാണ്. കൃത്യമായ സാമൂഹിക അകലം പാലിക്കുകയും മാസ്‌ക് ധരിക്കുകയും ഇടയ്ക്കിടയ്ക്ക് കൈകൾ സോപ്പുപയോഗിച്ച് കഴുകുകയും വേണം. ക്ലസ്റ്ററുകൾ കൂടാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്.

മൂന്നാംഘട്ടത്തിന്റെ തുടക്കത്തിൽ സമ്പർക്കത്തിലൂടെ രോഗം ഉണ്ടായത് വെറും 10 ശതമാനമായിരുന്നത് ഇപ്പോൾ കൂടിയിരിക്കുകയാണ്. ഇനിയും ശ്രദ്ധിച്ചില്ലെങ്കിൽ ജീവനപായമുണ്ടാകും. ഈ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്ററിൽ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഇത്തരം സെന്ററുകളെ സഹായിക്കാൻ പൊതുജനങ്ങൾ മുന്നോട്ട് വരേണ്ടതാണ്. കഠിന പ്രയത്നത്തിലൂടെ കോവിഡിനെ അതിജീവിക്കാൻ കഴിയുമെന്നും മന്ത്രി വ്യക്തമാക്കി. സഹകരണ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ, നഗരസഭ മേയർ കെ ശ്രീകുമാർ എന്നിവരും കൂടെയുണ്ടായിരുന്നു.

കോവിഡ് വ്യാപനത്തെ നേരിടുന്നതിന് വേണ്ടി പ്രത്യേകമായി തയ്യാറാക്കുന്ന ജനകീയ ആരോഗ്യ പരിപാലന കേന്ദ്രങ്ങളാണ് കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ. കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർധിച്ചാൽ നിലവിലുള്ള പൊതുജനാരോഗ്യ സംവിധാനത്തിന്റെ പ്രവർത്തനങ്ങളെ ബാധിക്കാത്ത തരത്തിൽ അവശ്യ സൗകര്യങ്ങളുള്ള പ്രാദേശിക കേന്ദ്രങ്ങളാണ് ഈ കേന്ദ്രങ്ങൾ.

കോവിഡ് ടെസ്റ്റ് റിസൾട്ട് പോസിറ്റീവ് ആയ കേസുകളിൽ കോവിഡ് രോഗലക്ഷണങ്ങൾ പ്രകടമായി ഇല്ലാത്തവരേയും നേരിയ രോഗ ലക്ഷണങ്ങൾ ഉള്ളവരെയുമാണ് കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിൽ കിടത്തി ചികിത്സിക്കുന്നത്. ഒരേ തരം രോഗലക്ഷണങ്ങൾ ഉള്ള ടെസ്റ്റ് റിസൾട്ട് പോസിറ്റീവ് ആയവരെയും ഇങ്ങനെ ചികിത്സിക്കാവുന്നതാണ്.

തിരുവനന്തപുരത്ത് പതിമൂന്നോളം ഇത്തരം കേന്ദ്രങ്ങളാണ് ഇപ്പോൾ പ്രവർത്തിച്ചുവരുന്നത്. എല്ലായിടത്തുമായി ആയിരത്തിലധികം കിടക്കകൾ സജ്ജമായി കഴിഞ്ഞു. ആവശ്യത്തിന് ഡോക്ടർമാരെയും മറ്റ് സ്റ്റാഫിനെയും ഈ സ്ഥലങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ 750 കിടക്കകളാണ് സജ്ജമാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here