അഭ്യൂഹങ്ങള്‍ക്ക് വിരാമം; സച്ചിന്‍ പൈലറ്റ് ബിജെപിയിലേക്കില്ല, പുതിയ പാര്‍ട്ടിയുണ്ടാക്കും

0
132

ജയ്പൂര്‍: രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകവെ, താന്‍ ബി.ജെ.പിയിലേക്കില്ലെന്ന് വ്യക്തമാക്കി ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സച്ചിന്‍ പൈലറ്റ്. ബി.ജെ.പി ദേശീയാധ്യക്ഷന്‍ ജെ.പി നദ്ദയുമായി പൈലറ്റ് ഇന്ന് കൂടിക്കാഴ്ച നടത്തുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്.

എന്‍.ഡി ടി.വിയോടായിരുന്നു പൈലറ്റിന്റെ പ്രതികരണം. മധ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധ്യ സര്‍ക്കാരിനെ അട്ടിമറിച്ച് ബി.ജെ.പിയില്‍ ചേര്‍ന്നതിന് സമാനമായി രാജസ്ഥാനില്‍ പൈലറ്റ് കോണ്‍ഗ്രസ് വിടുമെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. മാര്‍ച്ചില്‍ ലോക്ഡൗണിനിടെ പൈലറ്റ് ബി.ജെ.പി കേന്ദ്രങ്ങളുമായി ചര്‍ച്ച നടത്തിയെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ പൈലറ്റ് ഇതുവരെ പരസ്യ പ്രതികരണം നടത്തിയിരുന്നില്ല.

അതേസമയം, സച്ചിന്‍ പൈലറ്റ് പുതിയ പാര്‍ട്ടി രൂപീകരിച്ചേക്കും എന്ന സൂചനകളും വരുന്നുണ്ട്. പൈലറ്റ് ക്യാമ്പ് ബി.ജെ.പിയെ പിന്തുണയ്ക്കില്ലെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. പ്രഗതിശീല്‍ കോണ്‍ഗ്രസ് എന്ന പേരില്‍ പാര്‍ട്ടി പ്രഖ്യാപനം നടന്നേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

രാജസ്ഥാനില്‍ ഇന്ന് നടക്കുന്ന നിയമസഭാംഗങ്ങളുടെ യോഗത്തില്‍ എം.എല്‍.എമാര്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് പ്രതിനിധി സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. എം.എല്‍.എമാര്‍ക്ക് വിപ്പ് നല്‍കി. യോഗത്തില്‍നിന്നും വിട്ടുനില്‍ക്കുന്നവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. രാവിലെ 11മണിക്കാണ് യോഗം. യോഗത്തില്‍ പങ്കെടുക്കില്ലെന്ന് പൈലറ്റ് നേരത്തെ അറിയിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here