ചാര്‍ട്ടര്‍ വിമാനങ്ങളില്‍ എത്തുന്നവര്‍ക്ക് കൊവിഡ് പരിശോധന; പ്രതിഷേധം ശക്തമാക്കി പ്രവാസികള്‍

0
135

മസ്‍കത്ത്: ചാര്‍ട്ടര്‍ വിമാനങ്ങളില്‍ മടങ്ങി എത്തുന്ന പ്രവാസികൾക്ക് കൊവിഡ് പരിശോധന നിർബന്ധമാക്കിയ സംസ്ഥാന സർക്കാര്‍  നടപടിക്കെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തി ഒമാനിലെ പ്രവാസി സമൂഹം. നാട്ടിലേക്ക് മടങ്ങാൻ വേണ്ടത്ര വിമാനങ്ങൾ ഇല്ലാത്ത  സാഹചര്യത്തിലാണ് ചാർട്ടര്‍ വിമാനങ്ങൾ എന്ന ആശയം  ഉയർന്നുവന്നതും ആരംഭിച്ചതുമെന്ന് മസ്കറ്റ് ഇന്ത്യൻ  സോഷ്യൽ ക്ലബ്  മലയാള വിഭാഗം കൺവീനർ  എബ്രഹാം മാത്യു പറഞ്ഞു. ചാർട്ടര്‍ വിമാനങ്ങളിൽ എത്തുന്നവർക്കു  മാത്രമായി നടപ്പിലാക്കുന്ന കൊവിഡ്  പരിശോധന അംഗീകരിക്കാൻ സാധിക്കുന്നതല്ലെന്ന്  മസ്‍കത്ത്റ്റ് ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാള വിഭാഗം കൺവീനർ എബ്രഹാം മാത്യു വ്യക്തമാക്കി.

ചാർട്ടര്‍  വിമാനത്തിൽ  കേരളത്തിലെത്തുന്നവർക്കു കൊവിഡ് പരിശോധന നിർബന്ധമാക്കിയ സർക്കാർ നിലപാട് പ്രതിഷേധാർഹമാണന്ന് എം.പി.സി.സി ഒമാൻ കമ്മിറ്റി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. പുതിയ നിബന്ധന  കേരളസർക്കാർ  പിൻവലിക്കണമെന്നാണ് ഒമാനിലെ പ്രവാസി സമൂഹത്തിന്റെ ആവശ്യം.

നിലവിൽ ഒമാനിൽ കൊവിഡ് പരിശോധനയ്ക്ക് 60 മുതൽ 80 വരെ ഒമാനി റിയാൽ ചെലവ് വരും. ഈ ഭാരിച്ച തുക  താങ്ങാൻ  സാധാരണ  പ്രവാസികൾക്ക് കഴിയില്ല. തൊഴിൽ  നഷ്ടപ്പെട്ട്, കഴിഞ്ഞ ആറു മാസമായി ശമ്പളം പോലും ലഭിക്കാതെ കുടുങ്ങിക്കിടക്കുന്ന പ്രവാസികൾക്ക്  ഇതുമൂലം ചാർട്ടര്‍ വിമാനങ്ങൾ വഴി നാട്ടിലെത്താൻ കഴിയുകയില്ല .

അതേസമയം വന്ദേ ഭാരത് ദൗത്യത്തിലൂടെ നാട്ടിലെത്തണമെങ്കിൽ നീണ്ട കാത്തിരിപ്പ് ആവശ്യവുമാണ്. കഴിഞ്ഞ ഒരു മാസമായി  33  വിമാന സർവീസുകൾ മാത്രമാണ് വന്ദേ ഭാരത്  ദൗത്യത്തിലൂടെ ഒമാനിൽ നിന്നുണ്ടായിരുന്നത്. ശരാശരി 180 ഓളം യാത്രക്കാർക്ക് മാത്രമേ ഒരു വിമാനത്തിൽ ഇന്ത്യയിലേക്ക്  മടങ്ങാനും സാധിച്ചിട്ടുള്ളൂ.

LEAVE A REPLY

Please enter your comment!
Please enter your name here