എയിംസ് കാസര്‍കോട് സ്ഥാപിക്കണം: പ്രമേയം പാസാക്കി മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത്

0
149

മഞ്ചേശ്വരം: (www.mediavisionnews.in) എയിംസ് കാസര്‍കോട് ജില്ലയില്‍ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിവേദനം സമര്‍പ്പിക്കണമെന്ന പ്രമേയം പാസാക്കി മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി യോഗം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എകെഎം അഷ്റഫ് അവതരിപ്പിച്ച പ്രമേയത്തെ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മമതാ ദിവാകര്‍ പിന്തുണച്ചു.

വിദഗ്ദ അടിയന്തിര ചികിത്സക്ക് മറ്റു ജില്ലകളെയും കര്‍ണാടകയിലെ മംഗലാപുരത്തിനെയും ആശ്രയിക്കുക എന്നതാണ് കാസര്‍കോട് ജനതയുടെ ദുര്‍വിധി. അടിയന്തിര ചികിത്സ സമയത്ത് ലഭിക്കാത്തത് മൂലം മരണപ്പെട്ടവരുടെ എണ്ണം കാസര്‍കോട് ജില്ലയില്‍ കൂടുതലാണ്. വിദഗ്ധ ചികിത്സയ്ക്ക് കണ്ണൂരിലെ പരിയാരം മെഡിക്കല്‍ കോളേജ്, കര്‍ണ്ണാടകയിലെ വിവിധ മെഡിക്കല്‍ കോളേജുകള്‍ എന്നിവയെയാണ് കാസര്‍കോട് ജനത പൊതുവെ ആശ്രയിക്കുന്നത്.

കോവിഡ് ലോക്ക് ഡൗണ്‍ കാലത്ത് ചികിത്സ ലഭിക്കാതെ ഇരുപത്തി രണ്ടു രോഗികല്‍ മരണപ്പെടുകയും നിരവധി പേര്‍ കഷ്ടതകള്‍ അനുഭവിക്കുകയും ചെയ്തിട്ടുള്ളതാണ്. അത് കൊണ്ട് തന്നെ ജില്ലയിലെ ആരോഗ്യ രംഗത്തെ ഈ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ എയിംസ് കാസര്‍കോട് ജില്ലയില്‍ തന്നെ സ്ഥാപിക്കണമെന്നും എയിംസ് സ്ഥാപിക്കാന്‍ മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലെ പൈവളികെ ഗ്രാമ പഞ്ചായത്തില്‍ 500 ഏക്കര്‍ ഭൂമി ലഭ്യമാണെന്നും പ്രമേയം അവതരിപ്പിച്ച്് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് എകെഎം അഷ്റഫ് അഭിപ്രായപ്പെട്ടു.

പ്രമേയത്തെ ഭരണ സമിതി അംഗങ്ങള്‍ പൂര്‍ണമായും പിന്തുണച്ചു. യോഗത്തില്‍ മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്‍ അസീസ് ഹാജി, വോര്‍ക്കാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്‍ മജീദ് ബിഎ, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ബഹറിന്‍ മുഹമ്മദ്, മുസ്തഫ ഉദ്യാവാര്‍, സദാശിവ, മിസ്ബാന, പ്രസാദ് റായ്, ഷീന കെ, സൈറാ ബാനു, ആശാലത ബിഎം, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എന്‍ സുരേന്ദ്രന്‍ മറ്റു നിര്‍വഹണ ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here