ഇനി ഓരോ തീയതികളിലെയും മെസേജുകൾ തെരയാം; പുതിയ ഫീച്ചറുമായി വാട്സാപ്പ്

0
220

പുതിയൊരു ഫീച്ചർ ഉപഭോക്താക്കൾക്ക് നൽകാനുള്ള തയാറെടുപ്പിലാണ് ജനപ്രിയ മെസെഞ്ചർ സേവനമായ വാട്സാപ്പ്. ചാറ്റ് വിൻഡോയിൽ പുതിയൊരു സെർച്ച് ഓപ്ഷൻ കൂടി ഇനി ഉപഭോക്താക്കൾക്ക് കാണാനാകും. ഇവിടെ ഡേറ്റ് അടിസ്ഥാനത്തില്‍ മെസേജുകൾ തെരയാൻ സാധിക്കും. ഇത് പരീക്ഷണ ഘട്ടത്തിലാണ്. അതുകൊണ്ടു ഉടൻ ഇത് ഫോണിൽ പരീക്ഷിച്ചുനോക്കേണ്ട.

ജോലി സ്ഥലങ്ങളിലടക്കം കൂടുതൽ സമയം വാട്സാപ്പ് ഉപയോഗിക്കുന്നവർക്ക് പുതിയ ഫീച്ചർ ഏറെ സഹായകമാകും. ഐഒഎസ് വെർഷനിൽ ഇത് വിജയകരമാണെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഔദ്യോഗികമായി ഫീച്ചർ അവതരിപ്പിക്കുമ്പോൾ ഇത് ആൻഡ്രോയിഡ് പ്ലാറ്റ്ഫോമുകളില്‍ കൂടി ലഭ്യമാകും.

നിലവിൽ തന്നെ വാട്സാപ്പിൽ സെർച്ച് സംവിധാനം ഉണ്ട്. എന്നാൽ ഇത് വാക്കുകൾ നൽകി കണ്ടെത്തുന്ന രീതിയിലുള്ളതാണ്. പുതിയ ഫീച്ചർ വരുന്നതോടെ ചാറ്റ് വിൻഡോയിൽ ഡേറ്റ് നൽകി, പ്രത്യേക ദിവസത്തെ മെസേജുകൾ കണ്ടെത്താനാകും. ദിവസവും മണിക്കൂറുകൾ വാട്സാപ്പ് ഉപയോഗിക്കുന്നവർക്കും ജോലിയുമായി ബന്ധപ്പെട്ട് വാട്സാപ്പ് ഉപയോഗിക്കുന്നവർക്കും പഴയ മെസേജുകൾ കണ്ടെത്തുക എന്നത് നിലവിൽ പ്രയാസമേറിയതാണ്. പുതിയ ഫീച്ചർ ഇത്തരക്കാർക്കാകും ഏറെ ഗുണം ചെയ്യുക.

പുതിയ ചില ഫീച്ചറുകൾ കൂടി വാട്സാപ്പ് അവതരിപ്പിക്കാൻ ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ. നിലവിൽ ഒരു ഫോണിലോ, ടാബ്ലറ്റിലോ ആണ് വാട്‌സാപ്പ് ഒരു സമയം ലോഗിൻ ചെയ്യാൻ പറ്റുക. ഇതിനൊപ്പം ബ്രൗസറിലോ ഡെസ്ക്ടോപ്പ് ആപ്പിലോ വാട്സാപ്പ് വെബ് പതിപ്പും ഉപയോഗിക്കാം. എന്നാൽ ഒന്നിലധികം ഫോണുകളിലോ ടാബുകളിലോ ഒരേസമയം ലോഗിൻ ചെയ്യാനുള്ള ഫീച്ചർ വാട്സാപ്പ് പരീക്ഷിക്കുന്നതായാണ് റിപ്പോർട്ട്. ഒന്നിലധികം ഫോണുള്ളവർക്ക് ഉപകാരപ്പെടുന്ന ഫീച്ചറാണിത്.

വാട്‌സാപ്പ് വെബ് നിലവിൽ ഫോണിലെ ആപ്പിനെ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത്. വാട്‌സാപ്പ് വെബ് വഴി ഡെസ്ക്ടോപ്പിൽ നിന്ന് ചാറ്റ് ചെയ്യാനും മെസേജുകൾ പരിശോധിക്കാനുമൊക്കെ സാധാക്കും. പക്ഷേ ഇതിന് ഫോൺ ഇൻറർനെറ്റുമായി കണക്ടഡ് ആയിരിക്കണം. ഫോണിലെ ഇൻറർനെറ്റ് ബന്ധം വിച്ഛേദിക്കപ്പെട്ടാൽ വാട്‌സാപ്പ് വെബിൽ പിന്നെ പുതുതായി വരുന്ന മെസേജുകൾ കാണാനോ ആർക്കെങ്കിലും സന്ദേശമയക്കാനോ സാധിക്കില്ല. ഈ പ്രശ്നം മറികടക്കാൻ, ഫോൺ ഓഫ് ആയാൽ പോലും വാട്‌സാപ്പ് വെബ് ഉപയോഗിക്കാവുന്ന തരത്തിലുള്ള സംവിധാനം പുതിയ വെർഷനുകളിലുണ്ടാവുമെന്ന് ഡബ്ല്യുഎ ബിറ്റ ഇൻഫോയിലെ ഒരു ബ്ലോഗ് പോസ്റ്റിൽ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here