ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങിയ ഇന്ത്യൻ പൗരൻമാരെ തിരിച്ചെത്തിക്കേണ്ട ചിലവ് പൂർണമായും കേന്ദ്ര സർക്കാർ വഹിക്കണമെന്നാവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമീഷന് പ്രവാസികളുടെ നിവേദനം. ആറ് ഗൾഫ് രാജ്യങ്ങിൽ നിന്നായി 3000ഓളം പ്രവാസി പ്രതിനിധികളാണ് നിവേദനത്തിൽ ഒപ്പുവെച്ചത്. ‘വി ദ പീപ്പിൾ’ എന്ന പ്രവാസി സംഘടനകളുടെ പൊതു വേദിയാണ് നിവേദനത്തിന് പിന്നിൽ.
ദൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന മനുഷ്യാവകാശ പ്രവർത്തകൻ അഡ്വ. സഞ്ജയ്സിംഗിന്‍റെ നേതൃത്വത്തിലുള്ള അഞ്ചംഗ നിവേദക സംഘം എൻ.എച്.ആർ.സി ചെയർപേഴ്സൻ ജസ്റ്റിസ് എച്.എൽ. ദത്തുവിന് നിവേദനം സമർപ്പിക്കും. കേന്ദ്ര സർക്കാരിനും ഹൈകോടതിക്കും സുപ്രീം കോടതിക്കും ഹരജി നൽകിയതിന് പിന്നാലെ പ്രവാസി സംഘടനകൾ സംയുക്തമായി മനുഷ്യാവകാശ കമീഷന് ഭീമഹരജി കൈമാറുന്നത്.
ഗൾഫിൽ കുടുങ്ങിക്കിടക്കുന്ന അടിസ്ഥാന തൊഴിലാളികൾ, ജോലി നഷ്ടപെട്ടവർ, സന്ദർശകവിസയിലെത്തിയ ഉദ്യോഗാർത്ഥികൾ, ഗർഭിണികൾ എന്നിവരുടെ ഓരോ പ്രതിനിധികളുടെ സത്യവാങ്മൂലവും നിവേദനത്തോടൊപ്പം സമർപ്പിച്ചിട്ടുണ്ട്. പ്രവാസി ഇന്ത്യ, ഇൻകാസ്, പ്രേരണ ദുബൈ, കേരള പ്രവാസി കോൺഗ്രസ്, ജനത കൾച്ചറൽ സെൻറർ, യുവകലാ സാഹിതി, ഐ.എം.സി.സി ഉൾപ്പെടെ നിരവധി പ്രവാസി കൂട്ടായ്മകളും പ്രമുഖ വ്യക്തികളുമാണ് നിവേദനത്തിൽ ഒപ്പുവെച്ചത്.
മീഡിയവിഷൻ ന്യൂസ് ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക