സംസ്ഥാനത്ത് ഈ വര്‍ഷം സാധാരണയില്‍ കൂടുതല്‍ മഴയുണ്ടാകും; ഓഗസ്റ്റില്‍ അതിവര്‍ഷവും; മുന്നറിയിപ്പുമായി കാലാവസ്ഥാ വിദഗ്ധര്‍

0
115

ഈ വര്‍ഷം സാധാരണ നിലയില്‍ കവിഞ്ഞ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വിദഗ്ധര്‍ അറിയിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാലവര്‍ഷം സാധാരണ നിലയിലായാല്‍ തന്നെ, ഓഗസ്റ്റില്‍ അതിവര്‍ഷം ഉണ്ടാകുമെന്ന മുന്നറിയിപ്പുമുണ്ട്. കൊവിഡ് 19 മാഹാമാരിയെ അകറ്റാന്‍ പോരാടുന്ന സംസ്ഥാനത്തിന് ഇതു മറ്റൊരു ഗുരുതര വെല്ലുവിളിയാകും. ഈ സാഹചര്യം മുന്നില്‍ കണ്ട് അടിയന്തര തയാറെടപ്പ് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. കൊവിഡിനൊപ്പം കാലവര്‍ഷക്കെടുതി നേരിടുന്നതിനുള്ള പദ്ധതി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി തയാറാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

ക്വാറന്റീന്‍ സൗകര്യങ്ങള്‍ക്കായി സര്‍ക്കാര്‍ 27,000 കെട്ടിടങ്ങള്‍ സംസ്ഥാനത്ത് കണ്ടെത്തിയിട്ടുണ്ട്. അവയില്‍ ബാത്ത്‌റൂമോടു കൂടിയ രണ്ടര ലക്ഷത്തിലേറെ മുറികളുണ്ട്. അടിയന്തര സാഹചര്യം വന്നാല്‍ ഉപയോഗിക്കാനുള്ള കെട്ടിടങ്ങള്‍ വേറെയും കണ്ടെത്തിയിട്ടുണ്ട്. ഇതിന് സമാന്തരമായാണ് വെള്ളപ്പൊക്കമുണ്ടായാല്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള വെല്ലുവിളി. ഇതിനുവേണ്ടി കെട്ടിടങ്ങള്‍ ഏറ്റെടുക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഏതു മോശമായ സാഹചര്യവും നേരിടാന്‍ നാം തയാറെടുത്തേ പറ്റൂ.

കൊവിഡ് 19 വ്യാപന ഭീഷണിയുള്ളതുകൊണ്ട് വെള്ളപ്പൊക്കം കാരണം ഒഴിപ്പിക്കപ്പെടുന്നവരെ സാധാരണപോലെ ഒന്നിച്ച് പാര്‍പ്പിക്കാന്‍ കഴിയില്ല. നാലുതരത്തില്‍ കെട്ടിടങ്ങള്‍ വേണ്ടിവരുമെന്നാണ് ദുരന്തനിവാരണ അതോറിറ്റി കാണുന്നത്. പൊതുവായ കെട്ടിടം, പ്രായം കൂടിയവര്‍ക്കും മറ്റു രോഗങ്ങള്‍ ഉള്ളവര്‍ക്കും പ്രത്യേക കെട്ടിടം, കൊവിഡ് രോഗലക്ഷണമുള്ളവര്‍ക്ക് വേറെ, വീടുകളില്‍ ക്വാറന്റീനില്‍ കഴിയുന്നവര്‍ എന്നിങ്ങനെ നാലു വിഭാഗങ്ങള്‍.

മീഡിയവിഷൻ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here