ലോക്ഡൗൺ ഇഫക്ട്: വൈദ്യുതി ബില്ലിൽ കനത്ത വർധന; തലയിൽ കൈവെച്ച്​ ഉപഭോക്താക്കൾ

0
249

കൊച്ചി: (www.mediavisionnews.in) അടച്ചിടലിൽ ആളുകൾ വീട്ടിൽതന്നെ കഴിഞ്ഞതിനാൽ വൈദ്യുതിനിരക്കിൽ കുത്തനെ വർധന. ബില്ല് കണ്ട് ഞെട്ടിയിരിക്കുകയാണ് പലരും. 30 ശതമാനംവരെ വർധന വന്നവരുണ്ട്.

രണ്ടു കാരണമാണ് പ്രധാനമായുള്ളത്. എല്ലാവരും വീട്ടിലുണ്ടായിരുന്നതിനാൽ വൈദ്യുതോപകരണങ്ങളുടെ ഉപയോഗം കൂടി. അടച്ചിടൽ കാലത്ത് കൃത്യമായി മീറ്റർ റീഡിങ് നടക്കാഞ്ഞതിനാൽ വൈദ്യുതോപയോഗം ഉയർന്ന സ്ലാബിലേക്കു കയറിയതാണ് മറ്റൊരു കാരണം. ഇത്തരം പരാതികൾ പരിഹരിക്കുമെന്ന് കെ.എസ്.ഇ.ബി. വ്യക്തമാക്കിയിട്ടുണ്ട്.

ഇടയ്ക്ക് മീറ്റർ റീഡിങ് നടക്കാത്തതിനാൽ തൊട്ടുമുമ്പുള്ള മൂന്നുമാസത്തെ ഉപയോഗത്തിന്റെ ശരാശരിയാണ് കണക്കാക്കിയത്.

സാധാരണയായി 30 ദിവസം, 60 ദിവസം എന്നിങ്ങനെയാണ് റീഡിങ് എടുക്കുന്നത്. അടച്ചിടൽ കാരണം ഏതാനും ദിവസംകൂടി കഴിഞ്ഞാണ് ഇത് എടുത്തത്. അപ്പോഴേക്കും ഉപയോഗം നിശ്ചിത യൂണിറ്റ് കഴിഞ്ഞ് ഉയർന്ന സ്ലാബിലേക്കു കയറുകയും നിരക്ക് വർധിക്കുകയും ചെയ്തു.

ഉദാഹരണത്തിന്, ഒരാൾ 30 ദിവസം 240 യൂണിറ്റ് ഉപയോഗിക്കുന്നു എന്നിരിക്കട്ടെ. 250 യൂണിറ്റ് വരെ ഓരോ സ്ലാബിനും ഓരോ നിരക്കാണ്. ആദ്യ 50 യൂണിറ്റിന് 3.15 രൂപ വീതം. അടുത്ത അമ്പത് യൂണിറ്റിന് 3.70 രൂപ. 4,80, 6.40, 7.60 രൂപ എന്നിങ്ങനെയാണ് അടുത്ത ഓരോ 50 യൂണിറ്റുകൾക്കുമുള്ള തുക. 250 യൂണിറ്റ് കഴിഞ്ഞാൽ മുഴുവൻ യൂണിറ്റിനും ഒരേ നിരക്ക് ബാധകമാകും. 300 യൂണിറ്റ് വരെ 5.80 രൂപ വീതം.

അതായത്, ഉപഭോഗം 260 യൂണിറ്റാണെങ്കിൽ ഓരോ യൂണിറ്റിനും ഈ തുക നൽകണം.

തുടർന്നുള്ള ഓരോ 50 യൂണിറ്റുകൾ കഴിയുംതോറും 6.60, 6.90, 7.10, 7.90 രൂപ എന്നിങ്ങനെ നിരക്ക് വർധിക്കും. ഇത്തവണ 35 ദിവസം കഴിഞ്ഞാണ് മേൽപ്പറഞ്ഞയാളുടെ റീഡിങ് എടുത്തതെങ്കിൽ 250 യൂണിറ്റിന് മുകളിൽപോകുകയും നിരക്ക് മാറുകയും ചെയ്യും.

ഇങ്ങനെയുള്ള പരാതികൾ ധാരാളം വരുന്നുണ്ടെന്നും ഇത് 30 ദിവസം, 60 ദിവസം (ഇപ്പോൾ ബില്ലടയ്ക്കുന്ന രീതിയനുസരിച്ച്) എന്നിങ്ങനെയാക്കി വരവുവെച്ച് നൽകുമെന്നും കെ.എസ്.ഇ.ബി. ചെയർമാൻ എൻ.എസ്. പിള്ള പറഞ്ഞു.

സ്വയം കണ്ടുപിടിക്കാം

വൈദ്യുതി ബിൽ സ്വയം കണ്ടുപിടിക്കാം. 30 ദിവസത്തെ ഉപയോഗമെടുത്ത് മേൽപ്പറഞ്ഞ പട്ടികയനുസരിച്ച് ഗുണിച്ചുനോക്കിയാൽ മതി. ഇതിനൊപ്പം 10 ശതമാനം ഡ്യൂട്ടിയും ഫിക്സഡ് ചാർജും കൂട്ടിയാൽ സ്വന്തം വൈദ്യുതിനിരക്ക് കണക്കാക്കാം.

250 യൂണിറ്റിൽ താഴെ ഓരോ സ്ലാബിന്റെയും തുക പ്രത്യേകമായി കണക്കാക്കിവേണം ആകെത്തുക കണ്ടെത്താൻ. 250 യൂണിറ്റിന് മുകളിലുള്ളവരാണെങ്കിൽ നിശ്ചിതതുക കൊണ്ട് ഗുണിച്ചാൽ മതി.

മീഡിയവിഷൻ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here