കേരളത്തിന് വീണ്ടും ആശങ്ക; ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 5 പേർക്കാണ് ഇന്ന് കൊവിഡ്

0
161

തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് തിരിച്ചെത്തുന്നവര്‍ക്ക് കൊവിഡ് 19 പിടിപെടുന്നത് ആശങ്കയാവുന്നു. ഇന്ന് രോഗം സ്ഥിരീകരിച്ച ഏഴ് പേരില്‍ അഞ്ച് പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തില്‍ മടങ്ങിയെത്തിയവരാണ്. കാസർകോട് ജില്ലയില്‍ രോഗം സ്ഥിരീകരിച്ച 4 പേര്‍ മഹാരാഷ്‌ട്രയില്‍ നിന്നും പാലക്കാട് ജില്ലയിലുള്ളയാള്‍ ചെന്നൈയില്‍ നിന്നുമാണ് നാട്ടിലെത്തിയത്. 

രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകളുള്ള രണ്ട് സംസ്ഥാനങ്ങളായ മഹാരാഷ്‌ട്രയിലും തമിഴ്‌നാട്ടിലും നിന്നാണ് ഇവര്‍ തിരിച്ചെത്തിയത് എന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. മഹാരാഷ്‌ട്രയില്‍ ഇതുവരെ 22171 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. അതേസമയം, 7204 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച തമിഴ്‌നാട്ടിലെ ഹോട്ട്സ്‌പോട്ടാണ് ചെന്നൈ. ഇതിനകം ചെന്നൈയില്‍ 3,839 പേര്‍ക്ക് രോഗം പിടിപെട്ടു. അതായത്, തമിഴ്‌നാട്ടില്‍ കൊവിഡ് പിടിപെട്ടവരില്‍ പകുതിയിലധികം പേര്‍ ചെന്നൈയിലാണ്. 

ചെന്നൈയില്‍ നിന്ന് വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ നിരവധി മലയാളികളാണ് വാളയാര്‍ ചെക്ക്‌പോസ്റ്റ് വഴി കേരളത്തില്‍ എത്തുന്നത്. പാസില്ലാതെ ആളുകള്‍ വരുന്നത് ചെക്ക്‌പോസ്റ്റുകളില്‍ തിരക്കും ആശയക്കുഴപ്പവും സൃഷ്ടിക്കുന്നുണ്ട്. കൊവിഡ് വ്യാപനത്തിന് പുറമെ ഇതും ലോക്ക് ഡൗണിനിടെ സംസ്ഥാനത്ത് ഭീഷണി സൃഷ്ടിക്കുന്നു. 

വയനാട്, മലപ്പുറം ജില്ലകളിലുള്ളവരാണ് ഇന്ന് രോഗം സ്ഥിരീകരിച്ച മറ്റ് രണ്ടുപേര്‍. മലപ്പുറം ജില്ലയിലുള്ളയാള്‍ കുവൈറ്റില്‍ നിന്നും കഴിഞ്ഞ ദിവസം വന്നയാളാണ്. അതേസമയം, വയനാട് ജില്ലയിലുള്ളയാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായത്. 11 മാസം പ്രായമായ കുഞ്ഞിനാണ് കൊവിഡ് പോസിറ്റീവ്. നേരത്തെ രോഗം സ്ഥിരീകരിച്ച മാനന്തവാടി സ്വദേശിയായ ലോറി ഡ്രൈവറുടെ മകളുടെ മകനാണ് രോഗം ബാധിച്ചത്.

എന്നാല്‍, സംസ്ഥാനത്ത് ഇന്ന് ആര്‍ക്കും രോഗമുക്തിയില്ല. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 27,986 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 27,545 പേര്‍ വീടുകളിലും 441 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 157 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

LEAVE A REPLY

Please enter your comment!
Please enter your name here