കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് ട്രെയിൻ ടിക്കറ്റ് 1,000 രൂപ; ബുക്കിങ് നോര്‍ക്ക വഴി

0
148

ബെംഗളൂരു ∙ കര്‍ണാടകയില്‍ കോവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍, നാട്ടിലെത്താന്‍ വെമ്പുന്ന മലയാളികള്‍ക്ക് പ്രതീക്ഷയായി തിരുവനന്തപുരത്തേക്കുള്ള ട്രെയിന്‍. നോര്‍ക്കയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഇതിനകം നൂറുകണക്കിനാളുകളാണ് റജിസ്റ്റര്‍ ചെയ്തത്. നോണ്‍-എസി ചെയര്‍കാറില്‍ 1,000 രൂപയാണ് തിരുവനന്തപുരത്തേക്കുള്ള ടിക്കറ്റ് ചാര്‍ജ്.

നാട്ടിലേക്കു പോകാന്‍ അരലക്ഷത്തിലേറെപ്പേര്‍ നോര്‍ക്കയില്‍ റജിസ്റ്റര്‍ ചെയ്തെങ്കിലും സ്വന്തം വാഹനങ്ങളിലും കര്‍ണാടക പിസിസിയും മലയാളി സംഘടനകളും ഏര്‍പ്പെടുത്തിയ ബസുകളിലുമായി പതിനയ്യായിരം പേര്‍ക്കു മാത്രമേ ഇതുവരെ നാട്ടിലെത്തിയിട്ടുള്ളു. ഒരു ട്രെയിനില്‍ ആയിരത്തിലേറെ പേര്‍ക്കു ഒരേ സമയം നാട്ടിലെത്താമെന്നതു വലിയ ആശ്വാസമാണ്. കേരളത്തില്‍ പാലക്കാട്, തൃശൂര്‍, എറണാകുളം, കോട്ടയം എന്നിവിടങ്ങളില്‍ സ്റ്റോപ്പ് ഉണ്ടാകുമെന്നാണ് പ്രതീക്ഷ. അതേസമയം ടിക്കറ്റ് നിരക്കില്‍ മാറ്റമുണ്ടാകില്ല.

ടിക്കറ്റ് ബുക്ക് ചെയ്യാന്‍

www.registernorkaroots.org വെബ്സൈറ്റില്‍ കയറി അഡ്വാന്‍സ് ട്രെയിന്‍ ബുക്കിങ് ഓപ്ഷന്‍ തിരഞ്ഞെടുക്കുക. യാത്ര ചെയ്യുന്നയാളുടെ വിശദാംശങ്ങള്‍ നല്‍കി 1,000 രൂപ ടിക്കറ്റ് ചാര്‍ജ് അടയ്ക്കണം. ടിക്കറ്റ് ലഭ്യമാകുന്നതനുസരിച്ച് ട്രെയിന്‍ നമ്പര്‍, യാത്രാ തീയതി, സമയം, പിഎന്‍ആര്‍ നമ്പര്‍ എന്നിവ മൊബൈല്‍ നമ്പരില്‍ എസ്എംഎസ് ആയി ലഭിക്കും. ഒറ്റത്തവണ ഒരാള്‍ക്കു മാത്രമേ ബുക്കിങ് സാധ്യമാകൂ. അതിനാല്‍ കുടുംബത്തോടെ യാത്ര ചെയ്യുന്നവര്‍ ഓരോരുത്തര്‍ക്കും പ്രത്യേകം ടിക്കറ്റെടുക്കണം. 5 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കു ബുക്കിങ് ആവശ്യമില്ല. യാത്രാ ടിക്കറ്റ് ലഭിക്കുന്നവര്‍ covid19jagratha.kerala.nic.in വെബ് പോര്‍ട്ടലില്‍ കയറി കേരളത്തിലേക്കുള്ള എന്‍ട്രി പാസ് എടുക്കേണ്ടതാണ്.

ഹെല്‍പ്‌ലൈന്‍ ഫോണ്‍: 0471-2517225, 2781100, 2781101

മീഡിയവിഷൻ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here