ഇന്ത്യയുടെ പേര് മാറ്റി ഭാരതം എന്നോ ഹിന്ദുസ്ഥാൻ എന്നോ ആക്കണം; സുപ്രിം കോടതിയിൽ പൊതു താത്പര്യ ഹർജി

0
106

ഇന്ത്യയുടെ പേര് മാറ്റണം എന്നാവശ്യപ്പെട്ട് സുപ്രിം കോടതിയിൽ പൊതു താത്പര്യ ഹർജി. ഡൽഹി സ്വദേശിയായ ഒരു കർഷകനാണ് ഇന്ത്യയുടെ പേര് ഭാരതം എന്നോ ഹിന്ദുസ്ഥാൻ എന്നോ മാറ്റണമെന്നാവശ്യപ്പെട്ട് പൊതു താത്പര്യ ഹർജി നൽകിയത്. ഇന്ത്യ എന്ന പേര് കൊളോണിയൽ കാലത്തെ അനുസ്മരിപ്പിക്കുന്നതാണെന്നും നമ്മുടെ ദേശീയത പ്രതിഫലിപ്പിക്കുന്ന പേരാണ് രാജ്യത്തിനു വേണ്ടതെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.

ഭരണഘടനയിലെ ആർട്ടിക്കിൾ 1 ഭേദഗതി വരുത്തണമെന്നാണ് ഹർജിയിലെ ആവശ്യം. ‘ഇന്ത്യ, അതായത് ഭാരതം സംസ്ഥാനങ്ങളുടെ കൂട്ടമായിരിക്കും’ എന്നതാണ് ആർട്ടിക്കിൾ 1. ഇത് ‘ഭാരതം/ഹിന്ദുസ്ഥാൻ എന്നത് സംസ്ഥാനങ്ങളുടെ കൂട്ടമായിരിക്കും’ എന്ന് മാറ്റണമെന്നാണ് ഹർജി. മുൻപ് നിരവധി പട്ടണങ്ങളുടെ പേരുകൾ മാറ്റിയതു കൊണ്ട് തന്നെ ഇപ്പോൾ രാജ്യത്തിനു ശരിയായ പേര് നൽകുകയാണ് വേണ്ടത്. അത്തരം ഒരു പേരുമാറ്റം രാജ്യത്തെ പൗരന്മാർക്കും വരും തലമുറയ്ക്കും അഭിമാനകരമായ സംഗതി ആയിരിക്കുമെന്നും ഹർജിയിൽ പറയുന്നു. ജൂൺ രണ്ടിനാണ് സുപ്രിം കോടതി ഈ ഹർജി പരിഗണിക്കുക.

ഇതിനു മുൻപും സമാന സ്വഭാവമുള്ള ഹർജികൾ സുപിം കോടതിയിൽ പലരും സമർപ്പിച്ചിരുന്നു. 2016 മാർച്ചിൽ ഇത്തരത്തിൽ ഒരു ഹർജി സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ടിഎസ് താക്കൂർ ഉൾപ്പെടുന്ന ബെഞ്ച് തള്ളിയിരുന്നു. അന്ന് ഹർജിക്കാരനെ കോടതി വിമർശിക്കുകയും ചെയ്തിരുന്നു. പൊതുതാത്പര്യ ഹർജി പാവങ്ങളുടെ അവകാശ സംരക്ഷണത്തിനാണ് ഉപയോഗിക്കേണ്ടതെന്ന് പറഞ്ഞ ജസ്റ്റിസ് താക്കൂർ ‘ഞങ്ങൾക്ക് മറ്റൊന്നും ചെയ്യാനില്ലെന്നാണോ നിങ്ങൾ കരുതുന്നത്’ എന്ന് ചോദിക്കുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here