രാജ്യമാകെ ഒറ്റയടിക്ക് ലോക്ക്ഡൗണ്‍ പിന്‍വലിക്കില്ല; വരും പ്രാദേശിക ലോക്ഡൗൺ

0
162

ന്യൂഡൽഹി: (www.mediavisionnews.in) നിലവിലെ സ്ഥിതിയിൽ മേയ് 3നു ശേഷവും രാജ്യമാകെ ലോക്ഡൗൺ പിൻവലിക്കുക സാധ്യമാവില്ലെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ. മുഖ്യമന്ത്രിമാരുമായി 27 നു പ്രധാനമന്ത്രി നടത്തുന്ന ചർച്ചയ്ക്കുശേഷം, ഇനിയെന്തെന്നു തീരുമാനിക്കും. സംസ്ഥാനങ്ങൾ സ്വമേധയാ ലോക്ഡൗൺ തീരുമാനം പ്രഖ്യാപിക്കുന്നത് ഒഴിവാക്കാൻ ശ്രമമുണ്ട്.

ഈമാസം ഒന്നിന് രാജ്യത്തെ 211 ജില്ലകളിൽ മാത്രമാണ് കോവിഡ് ബാധിതർ ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ ഇരട്ടിയായി. 12 ജില്ലകളിൽ ഇരുനൂറിലേറെ രോഗികൾ വീതമുണ്ട്.  മുംബൈ, അഹമ്മദാബാദ്, ഇൻഡോർ, പുണെ, ജയ്പുർ, ഹൈദരബാദ്, ചെന്നൈ, താനെ, സൂറത്ത്, ഡൽഹി തുടങ്ങിയ നഗരകേന്ദ്രങ്ങളിലാണ് രോഗബാധിതരിൽ പകുതിയും. 

പ്രധാന നഗരങ്ങളിലെ സ്ഥിതി മെച്ചപ്പെടാതെ രാജ്യത്തെ ജനജീവിതം സാധാരണഗതിയിലാക്കാനാവില്ല. മേയ് 3നുശേഷം സ്വീകരിക്കേണ്ട നയരൂപീകരണത്തിലെ പ്രധാന വെല്ലുവിളിയും ഇതാണ്. കോവിഡ് ഗുരുതര പ്രശ്നമായ സ്ഥലങ്ങളിൽ നിയന്ത്രണങ്ങൾ നിലവിലെ രീതിയിൽ തുടരുക, പുതിയ പ്രശ്നസ്ഥലങ്ങളുണ്ടായാൽ അവിടെയും നിയന്ത്രണം ഏർപ്പെടുത്തുക എന്നാണ് ഇപ്പോഴുള്ള ആലോചന. 

ഇതിനിടെ, അഹമ്മദാബാദ്, സൂറത്ത്, താനെ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലെ നിയന്ത്രണ നടപടികൾ പര്യാപ്തമാണോ എന്നു വിലയിരുത്താൻ വിവിധ മന്ത്രാലയങ്ങളുടെ പ്രതിനിധികളുൾപ്പെട്ട 5 സംഘങ്ങളെ േകന്ദ്രസർക്കാർ നിയോഗിച്ചു. 

LEAVE A REPLY

Please enter your comment!
Please enter your name here