പ്രവാസികളെ തിരികെ എത്തിക്കുന്നത് ലോക്ഡൗണിനു ശേഷം; ചെലവ് സ്വയം വഹിക്കണം

0
143

ന്യൂഡൽഹി: (www.mediavisionnews.in) കോവിഡ് ബാധ മൂലമുള്ള യാത്രാവിലക്കിൽപെട്ട് വിദേശത്തു കുടുങ്ങിയ ഇന്ത്യക്കാരെ ലോക്ഡൗണിനു ശേഷമേ തിരികെ എത്തിക്കൂവെന്നു കേന്ദ്ര സർക്കാർ. പ്രത്യേക വിമാനങ്ങൾ വഴിയോ സാധാരണ വിമാന സർവീസുകൾ പുനഃരാരംഭിച്ചാൽ അതുവഴിയോ ആകും പ്രവാസികളെ തിരിച്ചെത്തിക്കുക. ഓരോ സംസ്ഥാനങ്ങളിലേയും സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലാകും നടപടി. ടിക്കറ്റ് പണം സ്വന്തമായി മുടക്കണം.

വിദേശകാര്യ മന്ത്രാലയം, സിവിൽ ഏവിയേഷൻ മന്ത്രാലയം, എയർ ഇന്ത്യ, സംസ്ഥാന സർക്കാരുകൾ, വിദേശത്തുള്ള ഇന്ത്യൻ എംബസികൾ എന്നിവർ ചേർന്നാണ് വിദേശത്തുള്ള ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ നടപടികൾ സ്വീകരിക്കുന്നത്. കോവിഡ് വ്യാപനത്തിനു പിന്നാലെ വിവിധ വിദേശരാജ്യങ്ങളിലായി ആയിരക്കണക്കിന് ഇന്ത്യക്കാരാണ് കുടുങ്ങിക്കിടക്കുന്നത്. ഇന്ത്യക്കാരെ നാട്ടിലേക്ക് കൊണ്ടുപോകണമെന്നു മാർച്ച് 24 മുതൽ ഗൾഫ് രാജ്യങ്ങൾ സമ്മർദ്ദം ചെലുത്തുന്നുണ്ട്.

ഗൾഫിൽ നിന്നുൾപ്പെടെയുള്ളവരെ തിരിച്ചെത്തിക്കണമെന്നു കേന്ദ്ര സർക്കാരിനു മേൽ കേരളത്തിന്റെ അടക്കമുള്ള സംസ്ഥാനങ്ങളുടെ സമ്മർദ്ദവുമുണ്ട്. ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവരുടെ റജിസ്ട്രേഷൻ സംസ്ഥാന സർക്കാരുകളുമായി ചേർന്നു കേന്ദ്ര സർക്കാർ ആരംഭിച്ചിട്ടുണ്ട്. ഒരു മാസത്തിലേറേയായി തുടരുന്ന ലോക്ഡൗണിന്റെ ഭാഗമായി ഇന്ത്യയിലെ രാജ്യാന്തര–ആഭ്യന്തര വിമാന സർവീസുകൾ പൂർണമായും നിർത്തിവച്ചിരിക്കുകയാണ്.

ലോക്ഡൗൺ പ്രഖ്യാപിക്കുന്നതിനു മുൻപ് ഇറ്റലി, ഇറാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെയെത്തിച്ചിരുന്നു. ലോക്ഡൗണിനു ശേഷം പ്രവാസികളെ തിരികെയെത്തിക്കുന്നത് സംബന്ധിച്ച് സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് വിദേശകാര്യ സെക്രട്ടറി കത്തയച്ചിരുന്നു. പ്രവാസികളെ തിരിച്ചെത്തിക്കുന്നതിൽ സംസ്ഥാനങ്ങളുടെ മുന്നൊരുക്കങ്ങളുടെ വിവരങ്ങൾ തേടിയാണ് കത്ത്.

LEAVE A REPLY

Please enter your comment!
Please enter your name here