പ്രവാസികളെ കൊണ്ടുവരുന്നത് പ്രായോഗികമല്ല; സംസ്ഥാന സർക്കാരിന് ഒന്നും ചെയ്യാനാകില്ല മന്ത്രി കെ ടി ജലീല്‍

0
661

തിരുവനന്തപുരം: (www.mediavisionnews.in) ലോകം മുഴുവൻ ലോക്ക്ഡൗൺ നിലനിൽക്കെ പ്രവാസികളെ തിരികെക്കൊണ്ടുവരുന്നതിന് പ്രായോഗികമായ ബുദ്ധിമുട്ടുകളുണ്ടെന്ന് മന്ത്രി കെ ടി ജലീൽ. ലക്ഷക്കണക്കിന് മലയാളികളാണ് വിദേശത്ത് ജോലിചെയ്യുന്നത്. അവരെ സംബന്ധിച്ച് നാട്ടിൽവരുകയെന്നതാണ് ആഗ്രഹം. എന്നാൽ, അത് പ്രായോഗികമല്ലെന്ന് മന്ത്രി പറയുന്നു. ഇക്കാര്യത്തിൽ എന്തെങ്കിലും ചെയ്യാനാവുക കേന്ദ്ര സര്‍ക്കാരിനാണെന്നും അദ്ദേഹം പറയുന്നു.

പ്രവാസികളോട് അഭ്യർഥിക്കാനുള്ളത് ഇപ്പോൾ നിങ്ങൾ ഉള്ള രാജ്യത്ത് അവിടത്തെ പ്രോട്ടോക്കോൾ അനുസരിച്ച് നിൽക്കുക എന്നതാണ്. അവർക്ക് ആവശ്യമായ ആരോഗ്യസേവനം അവിടത്തെ അധികാരികളുമായി ബന്ധപ്പെട്ട് നേടിയെടുക്കണം. ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തെഴുതിയിട്ടുണ്ട്, അംബാസഡർമാർക്ക് കത്തെഴുതിയിട്ടുണ്ട്. ചികിത്സയും ഭക്ഷണവും ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതൊക്കെ പ്രധാനമന്ത്രിയോടാണ് നമ്മൾ പറയുക. പ്രധാനമന്ത്രി അത് അതതുരാജ്യങ്ങളുടെ ഭരണാധികാരികളോട് പറയണം. കുവൈത്തിൽനിന്നും യു.എ.ഇ.യിൽനിന്നും ഇതിന് മറുപടി വന്നിട്ടുണ്ട് ആവശ്യമായത് ചെയ്യുന്നുണ്ടെന്ന്. സംസ്ഥാനസർക്കാരിന് ഇതിൽ ഒന്നും ചെയ്യാൻ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി.

ഗൾഫ് നാടുകളിലെ ലേബർ ക്യാമ്പുകളിൽ നിന്ന് ചിലർ പരാതിയുമായി വിളിക്കുന്നുണ്ട്. അവിടെ എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ നമ്മൾ പരാതിപ്പെടുന്നതുപോലും അന്താരാഷ്ട്രനിയമമനുസരിച്ച് ശരിയല്ല. അതു പിന്നീട് അവിടത്തെ പ്രവാസികളെത്തന്നെയാവും ബാധിക്കുക.

മെഡിക്കൽസംഘത്തെ തോന്നിയപോലെ അയയ്ക്കാനൊന്നും പറ്റില്ല. ഒരു രാജ്യം മറ്റൊരു രാജ്യത്തോട് ആവശ്യപ്പെടണം. ഇറ്റലി ആവശ്യപ്പെട്ടതിനാലാണ് സംഘത്തെ ക്യൂബ അയച്ചത്. യുഎഇക്ക് അല്ലെങ്കിൽ സൗദിക്ക് മെഡിക്കൽ സഹായം ആവശ്യമുണ്ടെങ്കിൽ മുഖ്യമന്ത്രിയോടല്ല പ്രധാനമന്ത്രിയോടാണ് ചോദിക്കുക. വിമാന സർവീസുകൾ പുനരാരംഭിച്ചാൽ എത്തുന്നവരെ നിരീക്ഷണത്തിലാക്കാൻ ഇവിടെ മതിയായ സംവിധാനമുണ്ട്. അതുവരെ ക്ഷമിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here