കോവിഡില്‍ മരണസംഖ്യ 82,000; ഫ്രാന്‍സിലും 10,000 കടന്നു, യുഎസില്‍ 24 മണിക്കൂറില്‍ 2000 മരണം

0
213

ന്യൂയോര്‍ക്ക്: കൊറോണ മഹാമാരിയെ തുടര്‍ന്ന് പതിനായിരത്തിലധികം മരണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന നാലാമത്തെ രാജ്യമായി മാറി ഫ്രാന്‍സ്. ഇന്നലെ മാത്രം ഫ്രാന്‍സില്‍ 1,417 പേര്‍ മരിച്ചതോടെ അവിടെ ആകെ മരണം 10,328 ആയി. ഇറ്റലി, സ്‌പെയിന്‍, യുഎസ് എന്നീ രാജ്യങ്ങളിലാണ് നേരത്തെ പതിനായിരത്തിന് മുകളില്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്. 

യുഎസില്‍ റെക്കോര്‍ഡ് മരണ നിരക്കാണ് 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത്. 1,970 ജീവനുകള്‍ യുഎസില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊറോണ കവര്‍ന്നു. ഒരു ദിവസത്തിനിടെ മരിക്കുന്നവരുടെ എണ്ണത്തില്‍ ഇത് റെക്കോര്‍ഡാണ്. ന്യൂയോര്‍ക്കില്‍ മാത്രം 731 മരണമുണ്ടായിട്ടുണ്ട്. യുഎസില്‍ മൊത്തം മരിച്ചവരുടെ എണ്ണം 12,841 ആയി. 33,331 പേരില്‍ 24 മണിക്കൂറിനിടെ രോഗം എത്തിയിട്ടുണ്ട്. ഇതോടെ യുഎസിലെ മൊത്തം രോഗികളുടെ എണ്ണം നാല് ലക്ഷംകടന്നു.

കഴിഞ്ഞ അഞ്ചുദിവസം താഴ്ന്നിരുന്ന സ്‌പെയിനിലെ മരണനിരക്കില്‍ ചൊവ്വാഴ്ച നേരിയ വര്‍ധനവ് ഉണ്ടായി. 704 മരണങ്ങള്‍ സ്‌പെയിനില്‍ റിപ്പോര്‍ട്ട് ചെയ്തു. ആകെ മരണം 14,045 ആയി. ഇറ്റലിയില്‍ 604 മരണങ്ങളാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയത്. മൊത്തം മരണസംഖ്യ 17,127 ആയിട്ടുണ്ട്.

യുകെയില്‍ ഇന്നലത്തെ 786 മരണങ്ങളടക്കം ആകെ മരിച്ചവരുടെ എണ്ണം 6159 ആയി. തിങ്കളാഴ്ച വൈകീട്ടോടെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ നില ഗുരുതരമായി തുടരുകയാണ്.

ബെല്‍ജിയത്തില്‍ 24 മണിക്കീറിനിടെ 403 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബെല്‍ജിയത്തില്‍ ആദ്യമായിട്ടാണ് ഇത്രയധികം മരണം ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇവിടെ ഇതുവരെ 2035 പേര്‍ മരിച്ചിട്ടുണ്ട്. 

ലോകത്തെമ്പാടുമായി മരിച്ചവരുടെ എണ്ണം 82,023 ആയിട്ടുണ്ട്. 1,430,528 പേര്‍ക്ക് ഇതുവരെ രോഗം ബാധിച്ചു. അതില്‍ 301,828 പേര്‍ രോഗമുക്തരായി.

LEAVE A REPLY

Please enter your comment!
Please enter your name here