ഉത്തരവ് ലഭിച്ചില്ല, തലപ്പാടി അതിര്‍ത്തിയില്‍ ആംബുലന്‍സ് തടയുമെന്ന് കര്‍ണാടക പൊലീസ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് പരിശോധിക്കാന്‍ ആളില്ല

0
136

കാസർകോട്: (www.mediavisionnews.in) സ്വന്തം സർക്കാരിന്റെ ഉറപ്പ് ലംഘിച്ച് സംസ്ഥാനാതിർത്തിയിൽ കർണാടക പൊലീസ് കർശന നിയന്ത്രണം തുടരുന്നു. ആംബുലൻസുകൾ അതിർത്തി കടത്തി വിടാമെന്ന സർക്കാരിന്റെ ഉത്തരവ് തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നാണ് കർണാടക പൊലീസ് നൽകുന്ന വിശദീകരണം. കേരള, കർണാടക ചീഫ് സെക്രട്ടറിമാർ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം കേരളത്തിന് അനുകൂലമായ ധാരണ ഉണ്ടാക്കിയത്. കൊവിഡ് ഒഴികെയുള്ള രോഗികളെ കർണാടകത്തിലേക്ക് കടത്തിവിടാം എന്നായിരുന്നു ധാരണ.

അതിർത്തിയിൽ രോഗികളെയും ആംബുലൻസും പരിശോധന നടത്തി കടത്തി വിടാൻ ഡോക്ടർമാർ അടങ്ങുന്ന മെഡിക്കൽ സംഘത്തെ നിയോഗിക്കാനും തീരുമാനമായിരുന്നു. എന്നാൽ അതിർത്തിയിൽ ഇതേവരെ കർണാടക സർക്കാർ മെഡിക്കൽ സംഘത്തെ നിയമിച്ചിട്ടില്ല. കാസർകോട് അതിർത്തി മേഖലയിൽ നിന്നും അടിയന്തര ചികിത്സയ്ക്കായി മംഗലാപുരത്തേക്ക് പോകുന്നവരെ പ്രവേശിപ്പിക്കാം എന്ന് കർണാടക സർക്കാർ ഇന്നലെ അറിയിച്ചെങ്കിലും ഇപ്പോഴും തലപ്പാടി ചെക്ക് പോസ്റ്റിൽ വാഹനങ്ങൾ തടയുന്നത് തുടരുകയാണ്. ആരോഗ്യ പ്രവർത്തകരേയും ആശുപത്രി ജീവനക്കാരേയും അതിർത്തി കടക്കാൻ പൊലീസ് അനുവദിക്കുന്നില്ല.

അതിനിടെ അതിർത്തി പ്രശ്നത്തിൽ കേരളം നൽകിയ സത്യവാങ്മൂലം ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ഹൈക്കോടതി വിധിക്കെതിരെയുള്ള കർണാടക സർക്കാരിന്റെ ഹർജി തള്ളണം എന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. കേരളം ഹർജി നൽകിയതിന് പിന്നാലെ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഇരു സംസ്ഥാന ചീഫ് സെക്രട്ടറിമാരുമായി വീഡിയോ കോൺഫറൻസിംഗിൽ സംസാരിച്ചിരുന്നു. ചീഫ് സെക്രട്ടറിമാർ ഉണ്ടാക്കിയ ധാരണ ഇന്ന് കർണാടക സർക്കാർ സുപ്രീംകോടതിയെ അറിയിക്കും. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി ഉൾപ്പടെയുള്ളവർ ഇക്കാര്യം ചൂണ്ടിക്കാട്ടി സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

അതിനിടെ രാജ്മോഹൻ ഉണ്ണിത്താൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രംഗത്ത് വന്നു. ഇരു സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാർ ഉണ്ടാക്കിയ ധാരണ ഇന്ന് സുപ്രിം കോടതിയെ അറിയിക്കും മുമ്പേ മുഖ്യമന്ത്രി പത്രസമ്മേളനം നടത്തി വിളിച്ച് പറഞ്ഞത് ശരിയല്ല എന്നാണ് എം.പിയുടെ ആരോപണം.

LEAVE A REPLY

Please enter your comment!
Please enter your name here