60 ദിവസത്തിനിടെ 6 ശിക്ഷാ വിധികൾ: നീതിന്യായ വ്യവസ്ഥയ്ക്ക് മാതൃകയായി കാസർകോട് പോക്സോ കോടതി

0
178

കാസർകോട്: (www.mediavisionnews.in) പോക്സോ കേസുകളിൽ രാജ്യത്തിന് തന്നെ മാതൃകയാക്കാവുന്ന ശിക്ഷാ വിധികളാണ് രണ്ടു മാസത്തിനിടെ കാസർകോട് പോക്സോ കോടതി പുറപ്പെടുവിച്ചത്.
2020 ജനുവരി 25 നാണ് ഒൻപതു വയസുകാരിയെ ക്ലാസ് മുറിയിൽ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ചുള്ളിക്കര ജിഎൽപി സ്കൂളിലെ അധ്യാപകൻ രാജൻ നായരെ 20 വർഷം കഠിനതടവിനും 25,000 രൂപ പിഴ അടയക്കാനും വിധിച്ചത്. കൂടാതെ
ഇരയ്ക്ക് സർക്കാർ 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും കോടതി വിധിച്ചു. സർക്കാർ നഷ്ടപരിഹാരം നൽകേണ്ടി വരുന്ന സംസ്ഥാനത്തെ ആദ്യ വിധി കൂടിയായിരുന്നു ഇത്.

പോക്സോ നിയമത്തിൽ ഇരയെ പുനരധിവസിപ്പിക്കണമെന്ന ചട്ടപ്രകാരമായിരുന്നു വിധി. പിഴയൊടുക്കിയില്ലെങ്കിൽ രണ്ട് വർഷം അധിക തടവ് അനുഭവിക്കണം.

കളളാര്‍ പഞ്ചായത്തിലെ ചുള്ളിക്കര ജി.എല്‍.പി. സ്‌കൂളിൽ അധ്യാപകനായിരുന്ന രാജന്‍ സ്‌കൂളിലെ ഐ.ടി. സ്മാര്‍ട്ട് ക്ലാസ് മുറിയില്‍ വച്ചാണ് ഒന്‍പത് വയസ് മാത്രം പ്രായമുള്ള വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചത്. ജില്ലാ സെഷൻസ് കോടതി ജഡ്ജി പി .ശശികുമാറാണ് ശിക്ഷ വിധിച്ചത്.

2018 ഒക്ടോബർ പതിനൊന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.നേരത്തെയും അധ്യാപകനില്‍ നിന്നും കുട്ടി പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. രാജപുരം എസ്.ഐ. ആയിരുന്ന എം.വി.ഷിജുവാണ് കേസില്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പ്രകാശ് അമ്മണ്ണ് ഹാജരായി. പ്രതി സുപ്രീംകോടതിയെ വരെ സമീപിച്ചെങ്കിലും ജാമ്യം ലഭിച്ചില്ല.പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി
പീഡിപ്പിച്ച കേസ്സിൽ 2019 സിസംബർ 4 നാണ് ബന്ധടുക്ക പടുപ്പില്‍ വാടക വീട്ടിലെ താമസക്കാരനായ രവീന്ദ്രന് കോടതി ജീവപര്യന്തം
വിധിച്ചത്. പ്രതി 25,000 രൂപ പിഴയടക്കാനും ജഡ്ജ് പി എസ് ശശികുമാര്‍ വിധിച്ചു. പോക്സോ കേസുകളിൽ സംസ്ഥാനത്തെ ആദ്യ ശിക്ഷാവിധി കൂടിയായിരുന്നു ഇത്.

ബീവറേജ് മദ്യവില്‍പനശാലയിലെ കാവല്‍ക്കാരനായ പ്രതിയുടെ വീട്ടിലെത്തിയ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു കേസ്. 2018 സെപ്തംബര്‍ ഒമ്പതിന് ബേഡകം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലായിരുന്നു കോടതി വിധി. സ്പെഷ്യല്‍ മൊബൈല്‍ സ്ക്വാഡ് (എസ്.എം.എസ്) ഡിവൈഎസ്പി ഹരിശ്ചന്ദ്ര നായരാണ് കേസന്വേഷിച്ചത്. 23 രേഖകള്‍ ഹാജരാക്കുകയും 22 സാക്ഷികളെ വിസ്തരിക്കുകയും ചെയ്തിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രകാശ് അമ്മണ്ണായയാണ് ഹാജരായത്.

2020 ഫെബ്രുവരി 15നാണ് മൂന്നാം ക്ലാസ് വിദ്യാർത്ഥിനികളായ ആറു പേരെ പല തവണ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ പ്രതിയായ നീർച്ചാൽ സ്വദേശി ബാലമുരളിക്ക് 15 വർഷം കഠിന തടവിനും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചത്. 376 വകുപ്പ് പ്രകാരം 10 വർഷം തടവും 25,000 രൂപ പിഴയും പോക്സോ നിയമ പ്രകാരം 5 വർഷം അധിക തടവുമാണ് വിധിച്ചത്.

2012-13 അധ്യയന വർഷത്തിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ജില്ല അഡീഷണൽ സെഷൻസ് കോടതി ജഡ്ജി പി എസ് ശശികുമാറാണ് ശിക്ഷ വിധിച്ചത്.പീഡനത്തിനിരയായ പെൺകുട്ടികൾക്ക് ലീഗൽ സർവീസ് അതോറിറ്റി വഴി സർക്കാർ സഹായം നൽകാനും കോടതി ഉത്തരവിട്ടിരുന്നു.

പോക്സോ നിയമം നിലവിൽ വന്നതിന് ശേഷം ഏഴു വർഷത്തിനിടെ എഴുന്നൂറിനടുത്ത് കേസുകളാണ് രജിസ്റ്റർ ജില്ലയിൽ രജിസ്റ്റർ ചെയ്തത്.
മുന്നൂറിനടുത്ത് കേസുകൾ വിചാരണാ ഘട്ടത്തിലാണ്. 18 സ്റ്റേഷനുകളിലായി അന്വേഷണത്തിലുള്ള കേസുകളുടെ എണ്ണവും മുന്നൂറിനടുത്ത് വരും. കാസർകോട്ടെ പോക്സോ കോടതിയിൽ കഴിഞ്ഞ ഏഴു വർഷത്തിനിടെ വിചാരണ പൂർത്തിയാക്കി 64 കേസുകളിലെ കുറ്റക്കാർക്കാണ് ശിക്ഷ വിധിച്ചത്. പോക്സോ നിയമത്തിലെ 5, 6 വകുപ്പുകൾ പ്രകാരം രജിസ്റ്റർ ചെയ്ത ഒറ്റ കേസും ഇതുവരെ ശിക്ഷിക്കാതെ പോയില്ലെന്നതാണ് പ്രോസിക്യൂഷന്റ നേട്ടം.

മൂന്ന് മാസത്തിനിടെ മാത്രം ഏഴ് കേസുകളിലാണ് കോടതി ശിക്ഷ വിധിച്ചത്. അച്ഛനും സഹോദരനും അധ്യാപകനും ഉൾപ്പെടുന്ന രക്ഷിതാക്കൾ പ്രതി സ്ഥാനത്ത് വന്നവയായിരുന്നു കേസുകൾ. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം തടയുന്നതിനുള്ള ബോധവത്ക്കരണ പരിപാടികൾ ഊർജ്ജിതമാകണമെന്നതാണ് ജില്ലയിൽ നടക്കുന്ന ഓരോ സംഭവങ്ങളും നൽകുന്ന സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here