മക്കയില്‍ 21 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു: ഇന്ത്യയുള്‍പ്പെടെ 12 രാജ്യങ്ങളിലേക്ക് യാത്രാ വിലക്ക്; ഇഖാമയുള്ളവര്‍ക്ക് മടങ്ങാന്‍ 72 മണിക്കൂര്‍ സമയം

0
155

സൌദി: (www.mediavisionnews.in) സൌദി അറേബ്യയില്‍ പുതുതായി 24 പേര്‍ക്ക് കൂടി കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 21 പേര്‍ മക്കയിലെ ആശുപത്രിയില്‍ ഐസൊലേഷനിലേക്ക് മാറ്റി. മക്കയില്‍ രോഗം ബാധിച്ച ഈജിപ്ഷ്യന്‍ പൌരനുമായി ബന്ധപ്പെട്ടവരാണ് 21 പേരും. ഇവരുടെ ആരോഗ്യ നില മന്ത്രാലയം പരിശോധിച്ചു വരികയാണ്. നേരത്തെ, ഏറ്റവും കൂടുതല്‍ രോഗം സ്ഥിരീകരിച്ചിരുന്ന ഖത്തീഫില്‍ ഇന്ന് മൂന്ന് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. രോഗം ബാധിച്ചയാളുടെ 12 കാരി പേരക്കുട്ടിയാണ് ഖതീഫില്‍ രോഗം ബാധിച്ച ഒരാള്‍. ഇറാഖില്‍ നിന്ന് മടങ്ങിയെത്തി ഐസൊലേഷനിലായിരുന്ന യുവാവും യുവതിയുമാണ് മറ്റു രണ്ടു പേര്‍. ഇതോടെ സൌദിയില്‍ ആകെ രോഗ ബാധിതരുടെ എണ്ണം 45 ആയി ഉയര്‍ന്നു. ഇതില്‍ ഖതീഫിലുള്ള ഒരാള്‍ അസുഖത്തില്‍ നിന്ന് മോചിതനായിരുന്നു.

ഇതിനു പിന്നാലെ, ഇന്ത്യയുള്‍പ്പെടെ കൂടുതല്‍ രാജ്യങ്ങളിലേക്ക് സൌദി അറേബ്യ വിലക്കേര്‍പ്പെടുത്തി. കൊറോണ കേസുകള്‍ വര്‍ധിക്കുന്ന രാജ്യങ്ങളിലേക്ക് ആഭ്യന്തര മന്ത്രാലയമാണ് യാത്ര ചെയ്യുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയത്.യൂറോപ്യന്‍ യൂണിയന്‍, സ്വിറ്റ്സര്‍ലണ്ട്, പാകിസ്താന്‍, ശ്രീലങ്ക, ഫിലിപ്പൈന്‍, സുഡാന്‍, എത്യോപ്യ, എരിത്രിയ, കെനിയ, ജിബൂട്ടി, സോമാലിയ എന്നീ രാജ്യങ്ങളാണ് ഇന്ത്യയെ കൂടാതെ പട്ടികയിലുള്ളത്.

ഇന്ത്യയുള്‍പ്പെടെ ഈ പട്ടികയിലുള്ള രാജ്യങ്ങളില്‍ 14 ദിവസം കഴിഞ്ഞ ആളുകള്‍ക്ക് സന്ദര്‍ശക വിസയിലടക്കം സൌദിയിലേക്ക് യാത്ര ചെയ്യാനാകില്ല. എന്നാല്‍ ഈ രാജ്യങ്ങളിലെ സൌദി പൌരന്മാര്‍ക്കും ഇഖാമയിലുള്ളവര്‍ക്കും മടങ്ങി വരാന്‍ ആഭ്യന്തര മന്ത്രാലയം 72 മണിക്കൂര്‍ സമയം അനുവദിച്ചിട്ടുണ്ട്. അവര്‍ക്ക് 14 ദിവസത്തെ സമയ പരിധി ബാധകമാകില്ലെന്നാണ് വിവരം. സൌദിയില്‍ ജോലി ചെയ്യുന്ന ഇന്ത്യയിലേയും ഫിലിപ്പൈന്‍സിലേയും ആരോഗ്യ രംഗത്തെ ജീവനക്കാര്‍ക്കും മടങ്ങി വരാന്‍ സമയ പരിധിയില്ല.

ജോര്‍ദാനിലേക്ക് കരമാര്‍ഗമുള്ള യാത്രയും സൌദി തടഞ്ഞു. ചരക്കു നീക്കങ്ങള്‍ക്ക് തടസ്സമുണ്ടാകില്ല.

LEAVE A REPLY

Please enter your comment!
Please enter your name here