പ്രവാസികളെ കുറ്റപ്പെടുത്തുന്നവരോട് മുഖ്യമന്ത്രി; പ്രവാസികളുടെ വിയര്‍പ്പിന്‍റെ കാശിലാണ് കഞ്ഞികുടിച്ചിരുന്നതെന്ന് മറക്കണ്ട

0
175

തിരുവനന്തപുരം (www.mediavisionnews.in):  സംസ്ഥാനത്ത് കൊവിഡ് പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ പ്രവാസികളോട് മോശമായി പെരുമാറുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അത് ആവര്‍ത്തിക്കരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് ലോകത്ത് മുഴുവന്‍ പടര്‍ന്നുപിടിച്ചതാണ്. അതിന് പ്രവാസികളെ കുറ്റപ്പെടുത്തേണ്ടതില്ല. അവരുടെ വിയര്‍പ്പിന്റെ കാശിലാണ് കേരളത്തിലുള്ളവര്‍ കഞ്ഞികുടിച്ച് നടന്നിരുന്നതെന്നും അത് മറക്കരുതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

” നമ്മുടെ നാട് ലോകത്താകെ വ്യാപിച്ച് കിടക്കുകയാണ്. നമ്മുടെ സഹോദരങ്ങള്‍ ലോകത്താകെയുണ്ട്. അവര്‍ മണലാരണ്യത്തിലടക്കം കഠിനമായി അധ്വാനിച്ചു. അവരുടെ വിയര്‍പ്പിന്റെ കാശിലാണ് നാം കഞ്ഞികുടിച്ചത്. നമ്മുടെ നാടിന്റെ നട്ടെല്ലാണ് പ്രവാസികള്‍. ”  വാര്‍്ത്താസമ്മേളന്തതില്‍ അദ്ദേഹം പറഞ്ഞു. 

അവര്‍ പോയ നാടുകളില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ അവര്‍ സ്വാഭാവികമായും നാട്ടിലേക്ക് തിരിച്ച് വരാന്‍ ആഗ്രഹിക്കാം. തിരിച്ചുവന്നവര്‍ ന്യായമായ പ്രതിരോധ നടപടികള്‍ സ്വീകരിച്ചു. ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ മാത്രമാണ് ഉണ്ടായത്. ഇക്കാരണത്താല്‍ നമ്മുടെ നാട്ടിലെ ഏറ്റവും കരുത്തുറ്റ വിഭാഗത്തെ ഒരു തരത്തിലും അപഹസിക്കാനോ, ഈര്‍ഷ്യയോടെ കാണാനോ പാടില്ല. ഇത് എല്ലാവരും മനസിലാക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

പ്രവാസി സഹോദരങ്ങള്‍ക്ക് സ്വാഭാവികമായും നാട്ടിലുള്ള കുടുംബത്തെ കുറിച്ച് ആശങ്കയുണ്ടാകും. അത്തരത്തില്‍ ആര്‍ക്കും ഉത്കണ്ഠ വേണ്ട. നിങ്ങള്‍ അവിടെ സുരക്ഷിതമായി കഴിയുക, സാമൂഹിക ഉത്തരവാദിത്തം നിര്‍വഹിക്കുക. നിങ്ങളുടെ കുടുംബം സുരക്ഷിതമായിരിക്കും. ഈ നാട്  എന്നും നിങ്ങളോടൊപ്പമുണ്ടെന്ന് പ്രവാസികള്‍ക്ക് ഉറപ്പ് നല്‍കുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു. 

LEAVE A REPLY

Please enter your comment!
Please enter your name here