കോഴിയിറച്ചി വില കുത്തനെ ഇടിയുന്നു; കിലോയ്ക്ക് 59 രൂപ

0
164

കൊച്ചി (www.mediavisionnews.in) : സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിയിറച്ചി വില കുത്തനെ ഇടിഞ്ഞു. സംസ്ഥാനത്തെ ഉല്‍പാദന കേന്ദ്രങ്ങളില്‍ നിന്നുള്ള ചിക്കന് മൊത്തവില 45 രൂപ വരെ ആയി. ഉല്‍പാദകര്‍ തന്നെ ചില്ലറ വില്‍പന നടത്തുന്ന കടകളില്‍ വില 59 രൂപ വരെയായി കുറഞ്ഞിട്ടുണ്ട്.

വെള്ളിയാഴ്ച എറണാകുളം മാര്‍ക്കറ്റില്‍ 90 രൂപയായിരുന്നു ചിക്കന്‍ വില, എന്നാല്‍ ശനിയാഴ്ച രാവിലെ 70 രൂപയായി കുറഞ്ഞത്. രണ്ടാഴ്ച മുമ്പ് 120 രൂപയായിരുന്ന സ്ഥാനത്തു വില ഏതാനും ദിവസങ്ങളായി കുറഞ്ഞു വരികയായിരുന്നു.

കൂത്താട്ടുകുളത്ത് ഫാമില്‍ മൊത്തവില കിലോഗ്രാമിന് 45 രൂപയായി. വാളിയപ്പാടത്ത് കര്‍ഷകരുടെ കടയില്‍ ചില്ലറ വില്‍പ്പന വില 59 രൂപയാണ്. അതേസമയം കൊച്ചി തിരുവനന്തപുരം കോഴിക്കോട് നഗരത്തിലെ ചിക്കന്‍ സ്റ്റാളുകളില്‍ സ്പ്രിങ് ചിക്കനും കാടയിറച്ചിക്കും വില കുറഞ്ഞിട്ടില്ല.

പക്ഷിപ്പനിക്ക് പുറമെ തമിഴ്‌നാട് ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ ഈ വര്‍ഷം ഉല്‍പാദനം വര്‍ധിച്ചതോടെ വന്‍ തോതില്‍ കോഴിയിറച്ചി എത്തുന്നതും വിലയിടിവിന്റെ പ്രധാന കാരണമെന്നാണ് റിപ്പോര്‍ട്ട്.

ചൂട് കൂടിയതോടെ പരമാവധി നേരത്തേ ചിക്കന്‍ ഉപഭോക്താക്കളില്‍ എത്തിക്കാന്‍ ശ്രമിക്കുന്നതും ചിക്കന്റെ വിതരണം വര്‍ധിക്കുന്നതിന് ഇടയാക്കിയിട്ടുണ്ട്.

തമിഴ്‌നാട്ടിലും മറ്റും വന്‍തോതില്‍ ചിക്കന്‍ കെട്ടിക്കിടക്കുന്നതായാണു കോഴിയിറച്ചി സംസ്ഥാനത്തേയ്ക്ക് ഇറക്കുന്നവര്‍ പറയുന്നത്. ചിക്കന് വിലയിടിഞ്ഞെങ്കിലും കാടയിറച്ചിക്കും മറ്റു മാംസാഹാരങ്ങള്‍ക്കും വിലയിടിവ് ഉണ്ടായിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here