കാസർകോട് പൂർണമായും അടച്ചിടും; മൂന്ന് ജില്ലകളില്‍ കടുത്ത നിയന്ത്രണം

0
175

കാസർകോട്: (www.mediavisionnews.in) കാസർകോട് ജില്ല പൂർണമായും അടച്ചിടും. മറ്റു കോവിഡ് ബാധിത ജില്ലകളിൽ കടുത്ത നിയന്ത്രണം തുടരും. യാതൊരു വിധത്തിലുള്ള ഇളവുകളും അനുവദിക്കില്ല. പൂർണമായും ജില്ലകൾ അടച്ചിടണമെന്ന് സർക്കാരിന് നിർദേശം ലഭിച്ചിരുന്നെങ്കിലും മന്ത്രിമാരുമായി നടത്തിയ ചർച്ചയിലും ഉന്നത തല യോഗത്തിലും അതു വേണ്ടെന്നു സർക്കാർ തീരുമാനിക്കുകയായിരുന്നു. സംസ്ഥാനത്തെ എല്ലാ ബാറുകളും അടച്ചിടും.

കാസർകോട് ജില്ലയിലൊഴികെ സംസ്ഥാനത്തെ ബവ്റിജസ് ഔട്‍ലെറ്റുകൾ അടയ്ക്കില്ല. ഉച്ചയ്ക്കുശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും. കണ്ണൂർ– കാസർകോട് ജില്ലാ അതിർത്തികള്‍ അടച്ചു. റോഡുകളിലും പാലങ്ങളിലും ബാരിക്കേഡുകൾ സ്ഥാപിച്ചു. പൊലീസ് നിരീക്ഷണം ഏർപ്പെടത്തി. ചുരുക്കം ബസുകൾ മാത്രം കണ്ണൂർ ജില്ലയ്ക്കകത്ത് സർവീസ് നടത്തുന്നുണ്ട്. അത്യാവശ്യത്തിനു മാത്രമേ ആളുകൾ പുറത്തിറങ്ങുന്നുള്ളൂ. 

ദേശീയ പാതയിൽ മുളകൊണ്ടു ബാരിക്കേഡുകൾ കെട്ടിയാണു വാഹനങ്ങൾ തടയുന്നത്. ജനങ്ങളെയും കടത്തിവിടുന്നില്ല. കാലിക്കടവ് ആണൂർ പാലത്തിനു സമീപത്താണ് അടച്ചത്. പൊലീസ് നിർദേശം ലംഘിച്ച് രാവിലെ എട്ടിന് കട തുറന്നതിന് രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. ബല്ലാ കടപ്പുറത്തെ എംകെ സ്റ്റോർ ഉടമ, അലാമിപ്പള്ളി ലിസ ഫ്രൂട്ട് ഉടമ എന്നിവരെയാണ് ഹോസ്ദുർഗ് പൊലീസ് കസ്റ്റഡിയിലെടുത്തത്. 

സമയപരിധിക്കു മുൻപ് നഗരത്തിൽ ഒാടിയ അഞ്ച് ഒാട്ടോകളും കസ്റ്റഡിയിലെടുത്തു. ചരക്കു വാഹനങ്ങളും അവശ്യ സർവീസുകളും മാത്രം ജില്ലകളിൽ അനുവദിക്കും. കാസർകോട് ജില്ല പൂര്‍ണമായും അടച്ചിട്ട നിലയിലാണ്. തിങ്കളാഴ്ച രാവിലെ നിയമം ലംഘിച്ച് നഗരത്തിലിറങ്ങിയ ജനങ്ങളെ പൊലീസ് ബലം പ്രയോഗിച്ച് തിരിച്ചയച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here