‘എന്റെ സഹോദരി മരിച്ചു; രാജ്യം എന്നെ കൈയൊഴിഞ്ഞു’; യുവതിയുടെ മൃതദേഹത്തിനരികെ എന്തുചെയ്യണമെന്നറിയാതെ 36 മണിക്കൂര്‍; ദാരുണം

0
162

നേപ്പിള്‍സ്: (www.mediavisionnews.in) കൊറോണ വൈറസ് ഭീതിയില്‍ പരസ്പരം സമ്ബര്‍ക്കത്തിന് പോലും ജനങ്ങള്‍ ഭയപ്പെടുമ്ബോള്‍ കൊറോണ വൈറസ് ബാധിച്ച്‌ മരിച്ച യുവതിക്കൊപ്പം വീട്ടുകാര്‍ കഴിഞ്ഞത് 36 മണിക്കൂര്‍. ഇറ്റലിയിലെ ദക്ഷിണമേഖലയിലെ നേപ്പിള്‍സ് സ്വദേശിനി തെരേസ ഫ്രാന്‍സിസാണ് (47) കൊറോണ ബാധിച്ച്‌ വീടിനുള്ളില്‍ മരിച്ചത്. വൈറസ് പടര്‍ന്നു പിടിക്കുമെന്ന ഭീതിയില്‍ യുവതിയുടെ മൃതദേഹം സംസ്‌കാരത്തിനായി കൊണ്ടുപോകാന്‍ പോലും ആരും തയ്യാറാകാത്ത സാഹചര്യത്തിലാണ് വീട്ടുകാര്‍ യുവതിയുടെ മൃതദേഹത്തോടൊപ്പം ഒന്നര ദിവസത്തോളം കഴിയേണ്ടി വന്നത്.

അപസ്മാര രോഗിയായ തെരേസ കൊറോണ വൈറസ് ലക്ഷണങ്ങളോടു കൂടിയാണ് ശനിയാഴ്ച മരിച്ചത്. എന്നാല്‍ വൈറസ് ബാധയെ ഭയന്നും ലോകമാകെയുള്ള അനിശ്ചിതത്വവും മുന്‍നിര്‍ത്തി ആശുപത്രികളും അയല്‍വാസികളും മൃതദേഹം ഏറ്റെടുക്കാനും സംസ്‌കരിക്കാന്‍ കൊണ്ടുപോകാനും വിസ്സമതിച്ചു. തുടര്‍ന്ന് യുവതിയുടെ സഹോദരന്‍ ലൂക്കാ ഫ്രാന്‍സിസ് സാമൂഹികമാധ്യമങ്ങളിലൂടെ സഹായമഭ്യര്‍ത്ഥിക്കുകയായിരുന്നു.

‘എന്റെ സഹോദരി മരിച്ചു. വൈറസ് ബാധ മൂലമാവാനാണ് സാധ്യത. കഴിഞ്ഞ ദിവസം രാത്രി മുതല്‍ ബന്ധപ്പെട്ട അധികൃതരുടെ മറുപടിക്കായി കാത്തിരിക്കുകയാണ്. എന്തു ചെയ്യണമെന്ന് എനിക്കറിയുന്നില്ല. അവളുടെ സംസ്‌കാരത്തിന് വേണ്ടതൊന്നും ചെയ്യാന്‍ സാധിക്കാതെ രാജ്യം തന്നെ കൈയ്യൊഴിഞ്ഞു. എന്റെ നിര്‍ബന്ധത്തിലാണ് അവള്‍ക്ക് വൈറസ് ബാധയുണ്ടോയെന്ന പരിശോധന നടത്താന്‍ അധികൃതര്‍ തയ്യാറായത്. ഞാന്‍ എനിക്ക് സ്വയം നിരീക്ഷണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. എനിക്കും വൈറസ് ബാധിച്ചിട്ടുണ്ടാകാം. സഹോദരിയുടെ ജീവന്‍ രക്ഷിക്കുന്നതിനായി ഞാന്‍ കൃത്രിമശ്വാസം നല്‍കിയിട്ടുണ്ട്.’- ലൂക്ക പറയുന്നു.

തെരേസയുടെ മൃതദേഹം കട്ടിലില്‍ കിടക്കുന്നതും ലൂക്ക പങ്കുവെക്കുന്ന ദൃശ്യങ്ങളില്‍ കാണാം. തുടര്‍ന്ന് 36 മണിക്കൂറുകള്‍ക്ക് ശേഷമാണ് സംരക്ഷണ സ്യൂട്ടുകളും ധരിച്ചു കൊണ്ട് ഏതാനും അധികൃതര്‍ എത്തി തെരേസയുടെ മൃതദേഹം സെമിത്തേരിയിലേക്ക് കൊണ്ടുപോയി സംസ്‌കരിച്ചത്.

തെരേസയുടെ പരിശോധനയില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചതായി അധികൃതര്‍ അറിയിച്ചു. തെരേസയുടെ മൃതദേഹത്തിനൊപ്പം മാതാപിതാക്കളും കുട്ടികളും മറ്റ് ബന്ധുക്കളും വീടിനകത്ത് ഉണ്ടായിരുന്നു. ഇവരില്‍ രണ്ട് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ബാക്കിയുള്ളവരുടെ പരിശോധന ഫലങ്ങള്‍ ലഭിച്ചിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

ഇറ്റലിയില്‍ വൈറസ് ബാധിച്ച്‌ വീടിനുള്ളില്‍ മരിക്കുന്ന ആദ്യസംഭവമാണ് തെരേസ ഫ്രാന്‍സിസിന്റേത്. അതുകൊണ്ട് എന്തു ചെയ്യണമെന്ന ആശങ്കയിലാണെന്നാണ് ഇറ്റലിയിലെ പ്രാദേശിക കൗണ്‍ലിറും കാമ്ബാനിയയിലെ പ്രാദേശിക ആരോഗ്യ കമ്മീഷന്‍ അംഗവുമായ ഫ്രാന്‍സിസ്‌കോ എമിലിയോ ബോറെല്ലി പറയുന്നത്.

രാജ്യത്തെ ഭക്ഷ്യ കേന്ദ്രങ്ങളും ഫാര്‍മസികളും ഒഴികെയുള്ള എല്ലാ കടകളും അടച്ചുപൂട്ടി. കൊറോണ വൈറസ് ബാധിച്ച്‌ 1016 പേരാണ് മരിച്ചത്. 15,112 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here