സ്മാര്‍ട് ഫോണിൽ ഇനി ബാറ്ററി വേണ്ടിവരില്ല, വരുന്നത് പുതിയ ചിപ്പ് ടെക്നോളജി

0
187

(www.mediavisionnews.in) ഇന്നത്തെ പല സ്മാര്‍ട് ഉപകരണങ്ങളുടെയും ഒരു ശാപം അവയുടെ ബാറ്ററി ചാര്‍ജ് പെട്ടെന്നു തീരുന്നു എന്നതാണല്ലോ. ഈ പ്രശ്‌നം ഇല്ലാതായാല്‍ ഉപകരണങ്ങള്‍ കൂടുതല്‍ സ്മാര്‍ട് ആകും. പുതിയ, വളരെ കുറച്ചു ശക്തി മാത്രം എടുത്തു പ്രവര്‍ത്തിക്കുന്ന, അരി മണിയുടെ അത്രയും വലുപ്പമുള്ള വൈ-ഫൈ റേഡിയോ ചിപ്പിന്റെ പ്രസക്തി അവിടെയാണ്. ചാര്‍ജ് ചെയ്യേണ്ട ബാറ്ററിയെ ആശ്രയിച്ചു പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ക്കു പകരം ഒരു കോയിന്‍ സെല്‍ ബാറ്ററി വച്ചാല്‍ വര്‍ഷങ്ങളോളം ഇടതടവില്ലാതെ പ്രവര്‍ത്തിക്കാനുള്ള ശേഷിയാണ് പുതിയ ചിപ്പിനുള്ളതെന്ന് ഗവേഷകര്‍ വെളിപ്പെടുത്തി.

അമേരിക്കയിലെ യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍മിയാ സാന്‍ ഡിയെഗോയിലെ ഗവേഷകരാണ് പുതിയ ചിപ്പ് സൃഷ്ടിച്ചത്. നിലവിലുള്ള വൈ-ഫൈ ചിപ്പുകളെക്കാള്‍ 5,000 തവണ കുറച്ചു ശക്തി മതി ഇവയ്ക്ക് പ്രവര്‍ത്തിക്കാന്‍ എന്നതാണ് പ്രധാന ഗുണം. പുതിയ ചിപ്പിന് 28 മൈക്രോവോട്ട് വൈദ്യുതിയാണ് പ്രവര്‍ത്തിക്കാന്‍ ആവശ്യം. ഇതിന് സെക്കന്‍ഡില്‍ 2എംബി ഡേറ്റാ ട്രാന്‍സ്മിറ്റു ചെയ്യാനുള്ള ശേഷിയുമുണ്ട്. മിക്കവാറും എല്ലാ മ്യൂസിക്, യുട്യൂബ് വിഡിയോകള്‍ക്ക് ഇത് ധാരാളം മതിയാകും. വൈ-ഫൈയ്ക്ക് 21 മീറ്റര്‍ വരെ ഡേറ്റ എത്തിക്കാനും സാധിക്കും.

ഫോണ്‍, മറ്റ് സ്മാര്‍ട് ഉപകരണങ്ങള്‍ ചെറിയ ക്യാമറകള്‍, പല തരം സെന്‍സറുകള്‍ തുടങ്ങിയവയൊക്കെ ഈ ചിപ്പുമായി ബന്ധിപ്പിക്കാം. ഇത്തരം ചിപ്പുകള്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ വാങ്ങിക്കഴിഞ്ഞാല്‍ കൂടുതലായി ഒന്നും വാങ്ങേണ്ട. സമയാസമയങ്ങളില്‍ ചാര്‍ജ് ചെയ്യേണ്ട. ഒരിടത്ത് വൈദ്യുതിയുമായി കണക്ടു ചെയ്തു വയ്‌ക്കേണ്ട കാര്യവുമില്ലെന്ന് പ്രൊഫസർ ദിനേശ്. ബി പറഞ്ഞു.

ഇന്ന് വാണിജ്യാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന വൈ-ഫൈ റേഡിയോകള്‍ നൂറുകണക്കിനു മില്ലിവാട്‌സ് വൈദ്യുതി ഉപയോഗിച്ചാണ് ഇന്റര്‍നെറ്റ് ഓഫ് തിങ്‌സിനോട് സംവേദിക്കുന്നത്. ഇതിനാല്‍, അവയ്ക്ക് വലിയ ബാറ്ററികള്‍ വേണം. ബാറ്ററിയുടെ ചാര്‍ജ് തീരുമ്പോള്‍ വീണ്ടും ചാര്‍ജ് ചെയ്തുകൊടുക്കണം. അല്ലെങ്കില്‍ എപ്പോഴും പ്ലഗില്‍ കുത്തിയിടണം. പുതിയ വൈ-ഫൈ ചിപ്പിന് കുറച്ചു ചാര്‍ജ് മതിയെന്നതിനാല്‍ വൈദ്യുതിയുമായി കണക്ടു ചെയ്യാതെയുള്ള ഉപകരണങ്ങള്‍ സങ്കല്‍പ്പിച്ചു തുടങ്ങാം. ചുരുക്കി പറഞ്ഞാല്‍ പുതിയൊരു വയര്‍ലെസ് സംസ്‌കാരം ഉടലെടുക്കാനുള്ള സാധ്യതയാണ് ഉയര്‍ന്നുവന്നിരിക്കുന്നത്.

ഇന്ന് പല ഉപകരണങ്ങളെയും വൈ-ഫൈയുമായി കണക്ടു ചെയ്യാത്തതിന്റെ കാരണവും അവയ്ക്കു വേണ്ട ചാര്‍ജ് പരിഗണിച്ചാണ്. പുതിയ ചിപ്പ് വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുകയാണെങ്കില്‍ നിരവധി കാര്യങ്ങള്‍ പുതിയതായി ചെയ്യാനാകും.

ബാക്‌സ്‌കാറ്ററിങ്

ബാക്‌സ്‌കാറ്ററിങ് ( backscattering) എന്ന സാങ്കേതികവിദ്യയാണ് പുതിയ ചിപ്പില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നത്. അടുത്തു ലഭ്യമായ വൈ-ഫൈ ഉപകരണത്തില്‍ നിന്ന് സിഗ്നല്‍ സ്വീകരിച്ച്, അവ മോഡിഫൈ ചെയ്യുകയാണ് ചിപ്പ് ചെയ്യുന്നത്. തുടര്‍ന്ന് സ്വന്തം ഡേറ്റാ അതിലേക്ക് എന്‍കോഡ്ചെയ്യും. തുടര്‍ന്ന് മാറ്റംവരുത്തിയ ഈ സിഗ്നലുകളെ മറ്റൊരു വൈ-ഫൈ ചാനലിലൂടെ ഉപകരണത്തിലേക്കൊ അക്‌സസ് പോയിന്റിലേക്കൊ അയയ്ക്കുന്നു.

വെയ്ക്-അപ് റിസീവര്‍ എന്നുവിളിക്കുന്ന ഒരു ഘടക ഭാഗത്തിലൂടെയാണ് ഇതിന്റെ ചില പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഈ കംപോണന്റ് ആവശ്യമുണ്ടെങ്കില്‍ മാത്രമെ വൈ-ഫൈ റേഡിയോയെ ഉണര്‍ത്തൂ. ഡേറ്റാ കണക്ഷനില്ലാത്ത സമയത്ത് സ്ലീപ് മോഡില്‍ തുടരാന്‍ വൈ-ഫൈ ചിപ്പനി സാധിക്കുകയും ചെയ്യുന്നു. ഈ മോഡില്‍ 3 മൈക്രോവാട്ട് പവര്‍ മാത്രമാണ് വേണ്ടിവരിക. ലോകത്തെ പ്രധാനപ്പെട്ട പബ്ലിക് ഗവേഷണ ശാലകളിലൊന്നാണ് ദി യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ, സാന്‍ ഡിയഗോ.

LEAVE A REPLY

Please enter your comment!
Please enter your name here