മുട്ട ഉള്ളിൽ കുടുങ്ങി അവശനിലയിലായി; ഒടുവില്‍ കോഴിക്ക് ‘സിസേറിയൻ’

0
164

കൊല്ലം: മുട്ടയിടാന്‍ സാധിക്കാതെ അവശനിലയിലായ കോഴിയെ സിസേറിയന് വിധേയമാക്കി മുട്ടകള്‍ പുറത്തെടുത്തു. വയറ്റിനുള്ളിലുള്ള രണ്ടു മുട്ടകളും പുറത്തുവരാതായതോടെയാണ് ശസ്ത്രക്രിയ നടത്തിയത്. കൊറ്റങ്കരയുടെ തെക്കേവീട്ടില്‍ രഘുനാഥന്‍ നായരാണ് കോഴിയെയും കൊണ്ട് കൊല്ലം ജില്ലാ മൃഗാശുപത്രിയിലെത്തിയത്.

എക്‌സറേ പരിശോധനയില്‍ രണ്ടു മുട്ടകളുണ്ടെന്ന് കണ്ടെത്തുകയും അനസ്‌തേഷ്യ നല്‍കി ഒരു മുട്ട സ്വാഭാവിക രീതിയില്‍ പുറത്തെടുക്കുകയും ചെയ്തു. എന്നാല്‍ അടുത്ത മുട്ട ഗര്‍ഭപാത്രത്തില്‍ കുടുങ്ങി കിടക്കുകയായിരുന്നതിനാല്‍ പുറത്തെടുക്കാന്‍ സിസേറിയന്‍ നടത്തുകയായിരുന്നു.

കോഴികളില്‍ അപൂര്‍വമായാണ് ശസ്ത്രക്രിയ നടത്തുന്നത്. മുട്ടയിടുന്നതിന് തടസ്സം വരുന്നത് സാധാരണയാണെങ്കിലും രണ്ടു മുട്ടകള്‍ ഇതുപോലെ കുടുങ്ങുന്നത് അപൂര്‍വമാണ്.

സാധാരണ ഗതിയില്‍ മുട്ടയുടെ സ്ഥാനഭ്രംശം, കാത്സ്യത്തിന്റെ കുറവ്, പ്രായപൂര്‍ത്തിയാവാതെ മുട്ടയിടല്‍ ആരംഭിക്കല്‍ തുടങ്ങിയ കാരണങ്ങള്‍ കൊണ്ടെല്ലാം ഇങ്ങനെ സംഭവിക്കാമെന്ന് വെറ്റനറി സര്‍ജന്‍ ഡോ. അജിത് ബാബു പറഞ്ഞു.

താത്കാലികമായി കോഴിയുടെ മുട്ടയിടല്‍ നിര്‍ത്തുന്നതിന് മുമ്പ് മൂന്നുദിവസത്തെ ഇരുട്ടുമുറി വാസവും ഭക്ഷണ നിയന്ത്രണവും നിര്‍ദേശിച്ചിട്ടുണ്ട്. ജില്ലാ ആശുപത്രിയിലെ സര്‍ജന്‍ ഡോ. നിജിന്‍ ജോസ്, ഡോ. രേവതി, ജൂനിയര്‍ ഡോക്ടര്‍മാരായ അജയ് പി കുര്യാകോസ്, അനീസ് ഇബ്രാഹിം എന്നിവരാണ് സിസേറിയന് നേതൃത്വം നല്‍കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here