കോയമ്പത്തൂർ സ്ഫോടനക്കേസിൽ ശിക്ഷ കഴിഞ്ഞിറങ്ങിയ ആൾ വാഹനത്തട്ടിപ്പ് കേസിൽ അറസ്റ്റിൽ

0
189

തൃശ്ശൂർ: (www.mediavisionnews.in) 1998ലെ കോയമ്പത്തൂർ സ്ഫോടനക്കേസിൽ 14 വർഷം ജയിൽ ശിക്ഷ അനുഭവിച്ചയാൾ വാഹനത്തട്ടിപ്പ് കേസിൽ കോയമ്പത്തൂരിൽ അറസ്റ്റിൽ. കേരളത്തിൽനിന്ന് ആഡംബര വാഹനങ്ങൾ തട്ടിയെടുത്ത് പൊളിച്ച് വിൽപന നടത്തിയ കേസിൽ കോയമ്പത്തൂർ സ്വദേശിയായ തൊപ്പി റഫീഖ് എന്ന മുഹമ്മദ് റഫീഖിനെയാണ് (58) പൊലീസ് പിടികൂടിയത്.

കോട്ടയത്തുനിന്ന് മുൻ എസ്ഐയുടെ കാർ തട്ടിയെടുത്ത കേസിന്റെ അന്വേഷണത്തിനിടെ തൃശ്ശൂർ വാടാനപ്പള്ളി ഗണേശമംഗലം പുത്തൻവീട്ടിൽ ഇല്യാസ് (37), ആലുവ യുസി കോളജിനു സമീപം ചെറിയംപറമ്പിൽ കെ എ നിഷാദ് (37) എന്നിവരെ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർ റഫീഖിനാണ് കാർ കൈമാറുന്നതെന്ന് തിരിച്ചറിഞ്ഞതോടെ അന്വേഷണം റഫീഖിലേക്കും നീളുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ കോയമ്പത്തൂരിലെത്തിയ പൊലീസ് സംഘം സാഹസികമായി റഫീഖിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

കേരളത്തിൽ നിന്നു തട്ടിയെടുത്ത 14 ആഡംബര കാറുകൾ ഇയാളുടെ പക്കൽനിന്നും കണ്ടെടുത്തിട്ടുണ്ട്. ചോദ്യംചെയ്യലിൽ റഫീഖ് കുറ്റം സമ്മതിച്ചിട്ടുണ്ട്. നൂറു കണക്കിനു ആഡംബര കാറുകൾ ഇയാൾ തട്ടിയെടുത്തിട്ടുണ്ടെന്നും ഇത്തരം വാഹനങ്ങൾ നമ്പർ തിരുത്തി തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടെന്നും പൊലീസ് സംശയിക്കുന്നുണ്ട്. നിരോധിത സംഘടനയായ ‘അൽ ഉമ്മ’ എന്ന സംഘടനയ്ക്ക് പണം കണ്ടെത്തുന്നതിനാണ് വാഹനങ്ങൾ മോഷ്ടിച്ചു പൊളിച്ചു വിൽക്കുന്നതെന്നും പൊലീസിന് സംശയമുണ്ട്.

തീവ്രവാദ പ്രവർത്തനവുമായി ഇയാൾക്ക് ബന്ധമുണ്ടോ എന്നറിയാൻ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യുമെന്ന് ഡിവൈഎസ്പി ആർ. ശ്രീകുമാർ പറഞ്ഞു. ആവശ്യമെങ്കിൽ കേന്ദ്ര ഏജൻസികളുടെ സഹായം തേടുമെന്നും അദ്ദേഹം വ്യക്തമാക്കി.

2018ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കുമെന്ന് ഭീഷണിമുഴക്കിക്കൊണ്ടുള്ള മുഹമ്മദ് റഫീഖിന്റെ ഫോൺ സംഭാഷണം സമൂഹമാധ്യമങ്ങളിലടക്കം വൈറലായിരുന്നു. ട്രാന്‍സ്‌പോര്‍ട്ട് കരാറുകാരനായ പ്രകാശ് എന്നയാളുമായി റഫീഖ് നടത്തിയ എട്ടു മിനിറ്റ് ദൈർഘ്യമുള്ള ടെലിഫോണ്‍ സംഭഷണത്തിലാണ് മോദിയെ കൊല്ലുമെന്ന് പറഞ്ഞത്. സംഭവത്തിൽ പൊലീസ് റഫീഖിനെ അറസ്റ്റ് ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here