കേന്ദ്രത്തിന് തിരിച്ചടി; ബിഹാറില്‍ ദേശിയ പൗരത്വ പട്ടികയ്‌ക്കെതിരെ പ്രമേയം പാസാക്കി ജെ.ഡി.യു

0
157

ന്യൂഡല്‍ഹി: (www.mediavisionnews.in) ദേശീയ പൗരത്വ രജിസ്റ്റർ (എൻ.ആർ.സി) നടപ്പാക്കില്ലെന്ന പ്രമേയം ബിഹാർ അസംബ്ലിയിൽ പാസായി. പ്രതിപക്ഷ നേതാവ് തേജശ്വി യാദവ് എൻ.ആർ.സിയെ ‘കരിനിയമം’ എന്നു വിശേഷിപ്പിച്ചതിനെതിരെ ബിജെ.പി അംഗങ്ങൾ ബഹളമുണ്ടാക്കിയെങ്കിലും പ്രമേയം വിധാൻ സഭയിൽ ഐകകണ്‌ഠ്യേന പാസാവുകയായിരുന്നു. ഭരണമുന്നണിയിലെ പ്രധാന കക്ഷിയായ ജെ.ഡി.യു, ആർ.ജെ.ഡി, കോൺഗ്രസ്, ഇടത് അംഗങ്ങൾ പ്രമേയത്തിന് അനുകൂലമായി വോട്ടുചെയ്തപ്പോൾ ജെ.ഡി.യുവിന്റെ സഖ്യകക്ഷിയായ ബി.ജെ.പി വിട്ടുനിന്നു. ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻ.പി.ആർ) 2010-ലെ വ്യവസ്ഥകൾ പ്രകാരം നടപ്പാക്കാനുള്ള പ്രമേയവും അസംബ്ലി പാസാക്കി.

ബജറ്റ് സെഷന്റെ രണ്ടാംദിനത്തിൽ വിധാൻസഭ ചേർന്ന ഉടൻ തന്നെ, എൻ.ആർ.സിക്കെതിരെ പ്രതിപക്ഷ പാർട്ടികൾ കൊണ്ടുവന്ന പ്രമേയം ചർച്ചക്കെടുക്കണമെന്ന് തേജശ്വി യാദവ് ആവശ്യപ്പെട്ടത് ബഹളത്തിനിടയാക്കി. ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ രൂക്ഷമായ വാക്കേറ്റമുണ്ടായതിനെ തുടർന്ന് സഭ 15 മിനുട്ട് നിർത്തിവെച്ചു. സഭ വീണ്ടും തുടങ്ങിയപ്പോഴാണ് എൻ.ആർ.സിയെ തേജശ്വി കരിനിയമം എന്നു വിളിച്ചത്. രാജ്യത്തിന്റെ നിയമത്തെ അവഹേളിക്കുന്നുവെന്നാരോപിച്ച് ബി.ജെ.പി അംഗങ്ങൾ പ്രതിഷേധമുയർത്തി. ഇതോടെ വീണ്ടും സഭ നിർത്തിവെക്കേണ്ടി വന്നു.

എൻ.പി.ആർ വിഷയത്തിൽ ജെ.ഡി.യു ജനങ്ങളെ വഞ്ചിക്കുകയാണെന്നും 2010 മാതൃകയിൽ മാത്രമേ എൻ.പി.ആർ നടപ്പാക്കൂ എന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ ഉറപ്പുനൽകണമെന്നും തേജശ്വി യാദവ് മാധ്യമങ്ങളോട് ആവശ്യപ്പെട്ടു. ഇതിനുശേഷം സമ്മേളിച്ചപ്പോഴാണ് എൻ.ആർ.സി വിരുദ്ധ പ്രമേയം ചർച്ച ചെയ്ത് ഐകകണ്‌ഠ്യേന പാസാക്കിയത്.

എൻ.ആർ.സി, എൻ.പി.ആർ വിഷയത്തിൽ ഒരിഞ്ചുപോലും അനങ്ങില്ലെന്ന് പറഞ്ഞിരുന്ന ബി.ജെ.പിയെ തങ്ങൾ ആയിരം കിലോമീറ്റർ നീക്കിയെന്നും ഭരണഘടനയിൽ വിശ്വസിക്കുന്ന തങ്ങൾ എൻ.ആർ.സിയെയും എൻ.പി.ആറിനെയും അംഗീകരിക്കില്ലെന്നും തേജശ്വി യാദവ് പറഞ്ഞു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here