എസ്.ഡി.പി.ഐയും വെൽഫയർ പാർട്ടിയും തീവ്രവാദ സംഘടനകൾ തന്നെ; പ്രസ്താവന തിരുത്തി സമസ്ത നേതാവ്

0
210

കോഴിക്കോട്: (www.mediavisionnews.in) എസ് ഡി പി ഐയും വെൽഫയർ പാർട്ടിയും തീവ്രവാദ സംഘടനകളല്ലെന്ന പ്രസ്താവനയിൽ തിരുത്തുമായി സമസ്ത നേതാവ്. ബഹുസ്വര സമൂഹത്തിൽ മുസ്ലിങ്ങൾക്ക് മാന്യമായ ഇടം നഷ്ടപ്പെടുത്താനാണ് ഈ സംഘടനകൾ ശ്രമിക്കുന്നതെന്ന് സുന്നി മഹല്ല് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി പിണങ്ങോട് അബൂബക്കർ പറഞ്ഞു. എസ് ഡി പി ഐയെ ന്യായീകരിച്ചത് സമസ്തയിൽ വിവാദമായതോടെയാണ് നിലപാട് മാറ്റം.

എസ് ഡി പി ഐ, വെൽഫെയർ പാർട്ടി എന്നിവരോട് ആശയപരമായി അഭിപ്രായവ്യത്യാസമുണ്ടെങ്കിലും  അവർ തീവ്രവാദികൾ ആണെന്ന് അഭിപ്രായമില്ലെന്നായിരുന്നു കഴി‍ഞ്ഞ ദിവസം ഇദ്ദേഹം പറഞ്ഞത്. എസ് ഡി പി ഐയും വെൽഫയർ പാർട്ടിയും തീവ്രവാദ സംഘടനകളാണോയെന്ന ചർച്ച ചൂടുപിടിക്കുന്നതിനിടെയായിരുന്നു സുന്നി മഹല്ല് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി പിണങ്ങോട് അബൂബക്കറുടെ ഇന്നലത്തെ പ്രതികരണം.

എന്നാൽ സമരങ്ങളിലൊന്നും എസ് ഡി പി ഐയെയും വെൽഫെയർ പാർട്ടിയെയും കൂടെ കൂട്ടാത്ത സമസ്തയിൽ പ്രസ്‌താവന വലിയ വിവാദമായി. പിണങ്ങോട് അബൂബക്കറിനെതിരെ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലടക്കം വിമർശനങ്ങൾ ഉയർന്നു. ഒടുവിൽ എസ് ഡി പി ഐയും വെൽഫയർ  പാർട്ടിയും തീവ്രവാദ സംഘടനകൾ തന്നെയെന്ന് സമസ്ത നേതാവ് തിരുത്തി. തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ച പാർട്ടികൾ എന്ന നിലയ്ക്ക് ദേശവിരുദ്ധ പ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടില്ലെന്നായിരുന്നു തന്റെ ബോദ്ധ്യമെന്നും  എന്നാൽ ന്യൂനപക്ഷങ്ങളെ വേട്ടക്കാർക്ക് പാകപ്പെടുത്തിക്കൊടുക്കുന്നതിൽ എസ് ഡി പി ഐയാണ്  മുന്നിലെന്നും പിണങ്ങോട് അബൂബക്കർ പറഞ്ഞു.

പൗരത്വ നിയമത്തിനെതിരെ എല്ലാ ജില്ലകളിലും സമസ്‌ത ഏകോപന സമിതി നടത്തുന്ന ആസാദി കോൺഫറൻസിലേക്ക് എസ് ഡി പി ഐക്കും വെൽഫയർ പാർട്ടിക്കും ക്ഷണമില്ല. മറ്റു രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ പ്രതിഷേധത്തിൽ പങ്കെടുക്കും. പൗരത്വ പ്രക്ഷോഭം പോലൊരു നിർണായക ഘട്ടത്തിലും സമസ്ത തള്ളിപ്പറയുന്നതോടെ  എസ് ഡി പി ഐയും വെൽഫയർ പാർട്ടിയും കൂടുതൽ പ്രതിരോധത്തിലാകും.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here