ലീഗ് പതാക പിടിച്ചതിന് പാക് ചാരനാക്കി; ബെംഗളുരുവിൽ മലയാളിയോട് സംഘപരിവാർ‍ അതിക്രമം

0
132

ബെംഗളൂരു: (www.mediavisionnews.in) പാകിസ്ഥാന്‍ ചാരനെന്ന് ആരോപിച്ച് മലയാളിക്കെതിരെ ബെംഗളൂരുവിൽ സംഘപരിവാർ പ്രതിഷേധം. കണ്ണൂർ സ്വദേശി മുഹമ്മദ് അഫ്‍സലിന്‍റെ കച്ചവടസ്ഥാപനങ്ങൾ സംഘപരിവാർ പ്രവർത്തകർ ബലംപ്രയോഗിച്ച് അടപ്പിച്ചു. മുസ്ലിം ലീഗ് പതാകയ്ക്കൊപ്പമുളള അഫ്‍സലിന്‍റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിച്ച ശേഷമായിരുന്നു അതിക്രമം. പാനൂർ സ്വദേശിയായ മുഹമ്മദ് അഫ്‍സല്‍ മുപ്പത് വർഷത്തോളമായി ബെംഗളൂരുവിനടത്തുളള ബിഡദിയിൽ കഴിയുന്ന വ്യക്തിയാണ്.

മുസ്ലിം ലീഗിന്‍റെ സംസ്ഥാന കമ്മിറ്റി അംഗമായ മുഹമ്മദ് അഫ്‍സലിന് പന്ത്രണ്ട് കച്ചവടസ്ഥാപനങ്ങളുണ്ട്. കഴിഞ്ഞ ദിവസം സംഘപരിവാർ അനുഭാവമുളള ഫേസ്ബുക്ക് പേജിൽ മുസ്ലിംലീഗ് പതാകയോടൊപ്പം അഫ്‍സലിന്‍റെ ചിത്രങ്ങളുളള പോസ്റ്റ് പ്രത്യക്ഷപ്പെട്ടു. പാകിസ്ഥാനില്‍ നിന്ന് വന്ന് കേരളത്തില്‍ നിന്നുള്ള ആളെന്ന വ്യാജേന അഫ്സല്‍ ഇവിടെ ബിസിനസ് ചെയ്യുകയാണെന്നായിരുന്നു അതിലെഴുതിയിരുന്നത്. പോസ്റ്റ് വ്യാപകമായി പ്രചരിച്ചതോടെ അഫ്‍സല്‍ പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തി.

ഈ സമയം നൂറോളം വരുന്ന സംഘപരിവാർ പ്രവർത്തകർ പ്രകടനമായെത്തി കടകൾ അടപ്പിക്കുകയായിരുന്നു. തൊട്ടടുത്തുളള പഞ്ചർ കടയുടമയ്‍ക്കെതിരെയും സംഘം തിരിഞ്ഞു. മതചിഹ്നമുളള കൊടി അഴിച്ചുമാറ്റാൻ ആവശ്യപ്പെടുകയും ദേശീയ പതാക ഉയർത്തുകയുമായിരുന്നു. അഫ്‍സലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രവർത്തകർ പൊലീസ് സ്റ്റേഷൻ ഉപരോധിക്കുകയും ചെയ്തു. രാമനഗര എസ്‍പി സംസാരിച്ചതിനെത്തുടർന്ന് പിൻമാറിയെങ്കിലും ഭീഷണി തുടരുന്നുവെന്ന് അഫ്‍സല്‍ പറഞ്ഞു. സംഭവത്തിൽ ഒന്‍പത് സംഘപരിവാർ പ്രവർത്തകർക്കെതിരെ കേസെടുത്തിട്ടുണ്ട്.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here