രാജ്യത്തെ ടോള്‍ പ്ലാസകളില്‍ നാളെ മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധം ; യാതൊരു ഇളവും അനുവദിക്കില്ലെന്ന് ദേശീയപാത അതോറിറ്റി

0
139

ന്യൂഡല്‍ഹി: (www.mediavisionnews.in) രാജ്യത്തെ ടോള്‍പ്ലാസകളില്‍ ഫാസ്ടാഗ് സംവിധാനം നാളെ മുതല്‍ നടപ്പാക്കും. സര്‍ക്കാറിന്റെയും പൊതുജനങ്ങളുടെയും ആവശ്യപ്രകാരം പലവട്ടം മാറ്റിവെച്ച ശേഷമാണ് ഫാസ് ടാഗ് സംവിധാനം നാളെ മുതല്‍ നടപ്പിലാക്കി തുടങ്ങുന്നത്. ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് യാതൊരു ഇളവും അനുവദിക്കില്ലെന്ന് ദേശീയപാത അതോറിറ്റി വ്യക്തമാക്കി. അതേസമയം തദ്ദേശവാസികള്‍ക്ക് സൗജന്യപാസ് നല്‍കുന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്.

പാലിയേക്കര ടോള്‍ പ്ലാസയില്‍ ഒരു ഗേറ്റ് മാത്രമായിരിക്കും ഫാസ് ടാഗില്ലാത്ത വാഹനങ്ങള്‍ക്ക് തുറന്നു കൊടുക്കുക. മറ്റ് ഗേറ്റുകളിലൂടെ ഇവര്‍ പ്രവേശിച്ചാല്‍ ഇരട്ടി തുക നല്‍കേണ്ടി വരും. ഇരുവശത്തേകകുമുളള യാത്രക്ക് ഫാസ്ടാഗ് ഉള്ളവര്‍ക്ക് 105 രൂപയാണെങ്കില്‍ ഇവര്‍ 210 രൂപ നല്‍കേണ്ടിവരും.ഇതില്‍ യാതൊരു ഇളവും നല്‍കില്ലെന്ന് ദേശീയ പാത അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്.

പാലിയേക്കര ടോള്‍ പ്ലാസയുടെ 10 കിലോമീറ്റര്‍ ചുറ്റളവിലുളള 43000ത്തില്‍ 12000 വാഹനങ്ങള്‍ക്ക് മാത്രമെ സൗജന്യ ഫാസ്ടാഗ് അനുവദിച്ചിട്ടുളളൂ. തദ്ദേശവാസികളുടെ സൗജന്യപാസ് നിര്‍ത്തലാക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്നാണ് ടോള്‍ കമ്പനി അധികൃതര്‍ പറയുന്നത്.

സര്‍ക്കാറില്‍ നിന്ന് അനുകൂല നിലപാട് ഉണ്ടായില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കാനാണ് ടോള്‍ വിരുദ്ധമുന്നണിയുടെ തീരുമാനം. ടോള്‍ പ്ലാസകളില്‍ ഒരു ഗേറ്റ് മാത്രം തുറന്നു കൊടുക്കുമ്പോള്‍ വലിയ തിരക്ക് അനുഭവപ്പെടാനുളള സാധ്യതയുണ്ട്. ഇത് സംഘര്‍ഷത്തിന് ഇടയാക്കുമെന്ന ആശങ്കയും സജീവമാണ്.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here