‘’യു.പി പൊലീസ് എന്നെ കൊല്ലും’’; അറസ്റ്റിലായ കഫീല്‍ ഖാന്‍ കോടതിയില്‍ പറഞ്ഞത് ഇങ്ങനെ…

0
150

ഉത്തർപ്രദേശ്: (www.mediavisionnews.in) ഉത്തർപ്രദേശ് പൊലീസിന്റെ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് ബുധനാഴ്ച വൈകുന്നേരം മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് അറസ്റ്റുചെയ്ത ഡോ. കഫീൽ ഖാനെ ബാന്ദ്രയിലെ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. തുറന്ന കോടതിയില്‍ തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കഫീല്‍ ഖാന്‍ പറഞ്ഞു. ഉത്തര്‍പ്രദേശ് പൊലീസ് തന്നെ കൊല്ലുമെന്നായിരുന്നു കഫീല്‍ ഖാന്‍ കോടതിയെ അറിയിച്ചത്.

യു.പി പൊലീസ് റിമാൻഡ് തേടുന്നതിനുമുമ്പ് ഡോ. കഫീല്‍ ഖാൻ തുറന്ന കോടതിയിൽ പറഞ്ഞതിങ്ങനെ: “യു.പി പൊലീസ് എന്നെ വ്യാജ ഏറ്റുമുട്ടലിൽ കൊല്ലും.” പൗരത്വ നിയമ ഭേദഗതിക്കെതിരെ അലിഗഢ് മുസ്‌ലിം സര്‍വകലാശാലയില്‍ കഫീല്‍ ഖാന്‍ നടത്തിയ പ്രസംഗം പ്രകോപനപരമാണെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. ഡിസംബര്‍ 12 നാണ് കഫീല്‍ ഖാന്‍ അലിഗഢ് സര്‍വകലാശാലയില്‍ സി.എ.എക്കെതിരെ പ്രസംഗിച്ചത്. തനിക്ക് അഭിഭാഷകനെ നൽകുന്നില്ലെന്ന് ഡോ. കഫീല്‍ ഖാൻ മുംബൈയിലെ കോടതിയിൽ പറഞ്ഞു. തുടർന്ന് കോടതിമുറിയിൽ നിൽക്കുന്ന അഭിഭാഷകരോട് വക്കാലത്ത് സംബന്ധിച്ച് സംസാരിച്ചു. എന്നാൽ കഫീല്‍ ഖാനെ പ്രതിനിധീകരിക്കാൻ ഒരു അഭിഭാഷകനും മുന്നോട്ട് വന്നില്ല. കൂടാതെ, ഒരു കൂട്ടം അഭിഭാഷകർ കോടതിയിൽ ‘No’ എന്ന് ഉറക്കെ പറയുകയും ചെയ്തു. പിന്നീട് അഭിഭാഷകനായ അൽക ശർമ കഫീല്‍ ഖാനെ പ്രതിനിധീകരിക്കാൻ സമ്മതിച്ചു.

“യു.പി പൊലീസ് എന്നെ കൊല്ലും. എന്നെ വ്യാജ കേസില്‍ കുടുക്കാനാണ് യു.പി സര്‍ക്കാര്‍ ശ്രമിക്കുന്നത്. കോടതിക്ക് മുഴുവൻ വീഡിയോയും കാണാൻ കഴിയും. പ്രകോപനപരമായ ഒന്നും ഞാൻ പറഞ്ഞിട്ടില്ല. എന്നിട്ടും, എനിക്കെതിരായ കേസ് തുടരണമെന്നുണ്ടെങ്കില്‍ എന്നെ മുംബൈയിൽ നിലനിര്‍ത്തണം.” – കഫീല്‍ ഖാന്‍ പറഞ്ഞു. കഫീല്‍ ഖാനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ കഴിയില്ലെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു. സി.‌എ‌.എ മുസ്‌ലിംകളെ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ച് മാത്രമാണ് അദ്ദേഹം തന്റെ അഭിപ്രായം പറഞ്ഞതെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. വ്യാജ ഏറ്റുമുട്ടലിൽ യു.പി പൊലീസ് ഇയാളെ കൊല്ലുമെന്ന് ഞങ്ങൾ ഭയപ്പെടുന്നു. ഗോരഖ്പൂർ ശിശു മരണക്കേസിൽ അദ്ദേഹത്തിന് ക്ലീൻ ചിറ്റ് ലഭിച്ചു. യഥാർത്ഥ കുറ്റവാളികളെ പിടികൂടാൻ യു.പി സർക്കാരിനുമേൽ സമ്മർദ്ദം ചെലുത്തുന്നതിനാൽ ഇദ്ദേഹത്തെ കുടുക്കാന്‍ ശ്രമിക്കുകയാണെന്നും, ” അഭിഭാഷകൻ പറഞ്ഞു.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക.

LEAVE A REPLY

Please enter your comment!
Please enter your name here