മംഗലാപുരത്ത് രണ്ട് പേരെയല്ല, പ്രതിഷേധിച്ച എല്ലാവരേയും വെടിവച്ച് കൊല്ലണം: ബിജെപി എംഎല്‍എ

0
168

ബെംഗലുരു: (www.mediavisionnews.in) പൗരത്വഭേദഗതി നിയമത്തിനെതിരെ മംഗലാപുരത്ത് നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത രണ്ടുപേരെയല്ല എല്ലാവരേയും വെടിവച്ച് കൊല്ലണമായിരുന്നുവെന്ന് കര്‍ണാടകത്തിലെ ബിജെപി എംഎല്‍എ. ബെല്ലാരി എം എൽ എയായ സോമശേഖര റെഡ്ഡിയുടേതാണ് വിവാദ പ്രസംഗം.

ഇതിന് മുന്‍പും പ്രതിഷേധിക്കുന്നവര്‍ക്കെതിരെ എംഎല്‍എ രൂക്ഷമായ പ്രതികരണങ്ങള്‍ നടത്തിയിരുന്നു. പൗരത്വ നിയമ ഭേദഗതിയെ എതിർക്കുന്നവർ പാകിസ്താനിലേക്ക് പോകണമെന്നാണ് ബെല്ലാരി എം എൽ എ സോമശേഖര റെഡ്ഡി പറഞ്ഞത്. ഭൂരിപക്ഷത്തെ പ്രകോപിപ്പിക്കുന്നതിനു പരിധിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഭൂരിപക്ഷ വിഭാഗം തുനിഞ്ഞിറങ്ങിയാൽ ഇപ്പോൾ സമരം ചെയ്യുന്ന കൂട്ടർ ബാക്കിയുണ്ടാവില്ല. സർക്കാർ വാഹനങ്ങൾക്ക് തീയിടുന്നവരുടെ സ്വത്ത്‌ കത്തിക്കാൻ തങ്ങൾക്ക് അറിയാമെന്നും സോമശേഖര റെഡ്ഡി പറഞ്ഞു.

“പ്രതിഷേധിക്കുന്നവര്‍ക്ക് ഞാന്‍ മുന്നറിയിപ്പ് നല്‍കുകയാണ്. ഇവര്‍ (പൗരത്വഭേദഗതിക്കെതിരെ റാലി നടത്തുന്നവര്‍) വെറും അഞ്ച് ശതമാനമേയുള്ളു. കോണ്‍ഗ്രസിലെ മണ്ടന്മാര്‍ നിങ്ങളോട് കള്ളം പറയുകയാണ്. അവരെ വിശ്വസിച്ച് നിങ്ങള്‍ തെരുവിലേക്കും വരുന്നു. ഞങ്ങളാണ് 80 ശതമാനവും, നിങ്ങള്‍ വെറും 17 ശതമാനമേയുള്ളു. ഞങ്ങള്‍ നിങ്ങള്‍ക്കെതിരെ തിരിഞ്ഞാല്‍ എന്താകും അവസ്ഥ?”- പൗരത്വഭേദഗതിയെ പിന്തുണച്ച് ബിജെപി നടത്തിയ പൊതുപരിപാടിയില്‍ പ്രസംഗിക്കവേ സോമശേഖര റെഡ്ഡി പറഞ്ഞു.

പേരെടുത്തു പറയാതെയുള്ള പരാമര്‍ശങ്ങള്‍ മുസ്ലീംകള്‍ക്കെതിരെയാണെന്ന് അദ്ദേഹം പിന്നീട് വ്യക്തമാക്കുകയും ചെയ്തു. 80 ശതമാനം ഹിന്ദുക്കളും 20 ശതമാനം മുസ്ലീംകളും എന്നു തന്നെയാണ് താന്‍ ഉദ്ദേശിച്ചതെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. മുസ്ലീം ജനത തങ്ങളുടെ സ്വത്തുവകകള്‍ നശിപ്പിക്കാന്‍ വന്നാല്‍ നോക്കിനില്‍ക്കില്ലെന്നും സോമശേഖരറെഡ്ഡി പറഞ്ഞു.

പൗരത്വഭേദഗതിക്കെതിരെ മംഗലാപുരത്ത് നടന്ന പ്രതിഷേധത്തില്‍ ഉണ്ടായ പൊലീസ് വെടിവെപ്പില്‍ രണ്ട് പേരാണ് കൊല്ലപ്പെട്ടത്. ജലീൽ, നൗഷീൻ എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് വെടിവെയ്പ്പ് നടത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. എന്നാല്‍ റബര്‍ ബുള്ളറ്റാണ് പ്രയോഗിച്ചതെന്നായിരുന്നു പൊലീസ് നേരത്തെ നല്‍കിയ വിശദീകരണം.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here