പൗരത്വ നിയമ ഭേദഗതി: കേരളത്തിന്റെ ഹര്‍ജി സുപ്രീം കോടതി പരിഗണിക്കുമോ?

0
187

ന്യൂഡല്‍ഹി: (www.mediavisionnews.in) ദേശീയ പൗരത്വ നിയമ ഭേദഗതി ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിക്കുന്ന ആദ്യ സംസ്ഥാനമായി കേരളം. ഭരണഘടനയുടെ 131ആം അനുച്ഛേദ പ്രകാരമാണ് ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത സംസ്ഥാന സര്‍ക്കാരിന് വേണ്ടി സുപ്രീം കോടതിയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ സ്യൂട്ട് (അന്യായം) ഫയല്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ പാര്‍ലമെന്റ് പാസ്സാക്കിയ നിയമത്തിനെതിരെ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയെ സമീപിക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ നിയമവിദഗ്ദ്ധര്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായമാണ് നിലനില്‍ക്കുന്നത്.

ആധാര്‍ കേസില്‍ പശ്ചിമബംഗാള്‍ സര്‍ക്കാരിനോട് കോടതി ചോദിച്ചത്

സാമൂഹിക സുരക്ഷാ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്ന പാര്‍ലമെന്റ് നിയമം ചോദ്യം ചെയ്ത് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കാന്‍ ജസ്റ്റിസ്മാരായ എ കെ സിക്രിയും, അശോക് ഭൂഷണും അടങ്ങിയ ബെഞ്ച് വിസ്സമ്മതിച്ചിരുന്നു. ഫെഡറല്‍ സംവിധാനത്തില്‍ പാര്‍ലമെന്റ് പാസ്സാക്കിയ നിയമത്തിനെതിരെ സംസ്ഥാന സര്‍ക്കാരിന് എങ്ങനെ സുപ്രീം കോടതിയെ സമീപിക്കാന്‍ സാധിക്കുമെന്നാണ് കോടതി അന്ന് ആരാഞ്ഞത്.

സംസ്ഥാനം കേന്ദ്ര നിയമത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ചത് പോലെ, സംസ്ഥാനങ്ങള്‍ പാസ്സാക്കുന്ന നിയമം ചോദ്യം ചെയ്ത് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ സമീപിക്കാന്‍ തുടങ്ങിയാല്‍ എന്താകും ഫെഡറല്‍ സംവിധാനം എന്നും കോടതി ബംഗാള്‍ സര്‍ക്കാര്‍ അഭിഭാഷകരോട് ആരാഞ്ഞിരുന്നു. പശ്ചിമ ബംഗാള്‍ സര്‍ക്കാരിന് പാര്‍ലമെന്റ് പാസ്സാക്കിയ നിയമം ചോദ്യം ചെയ്ത് കോടതിയെ സമീപിക്കാന്‍ കഴിയില്ലെങ്കിലും മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് വ്യക്തി എന്ന നിലയില്‍ കോടതിയില്‍ നിയമത്തിന് എതിരെ ഹര്‍ജി ഫയല്‍ ചെയ്യാം എന്നും ജസ്റ്റിസ് മാരായ എകെ സിക്രിയും, അശോക് ഭൂഷണും അടങ്ങിയ ബെഞ്ച് 2017 ഒക്ടോബര്‍ 30ന് വ്യക്തമാക്കിയിരുന്നു.

ഉയര്‍ന്ന ബെഞ്ചിന്റെ പരിഗണനയില്‍ ഇരിക്കുന്ന വിഷയം

ഭരണഘടനാപരമായ വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാരുകള്‍ കേന്ദ്ര സര്‍ക്കാരിന് എതിരെയോ, മറ്റ് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് എതിരെയോ കോടതിയെ സമീപിക്കേണ്ടത് ഏത് വകുപ്പ് പ്രകാരം ആണെന്ന തര്‍ക്കം ഇപ്പോള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. കേന്ദ്ര സര്‍ക്കാരിനെതിരെ മധ്യപ്രദേശ് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതിയുടെ രണ്ട് അംഗ ബെഞ്ച് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഭരണഘടനയുടെ 131 ആം അനുച്ഛേദ പ്രകാരം സ്യൂട്ടിലൂടെ സുപ്രീം കോടതിയെ സമീപിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയിരുന്നു. 2011ലായിരുന്നു ഈ വിധി.

ഭരണഘടനാ വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് 32 ആം വകുപ്പ് പ്രകാരം റിട്ട് ഹര്‍ജിയിലൂടെ സുപ്രീം കോടതിയെയോ, അല്ലെങ്കില്‍ 226 അനുച്ഛേദ പ്രകാരം ഹൈകോടതിയെയോ സമീപിക്കാം എന്നായിരുന്നു മധ്യപ്രദേശ് കേസില്‍ കോടതിയുടെ വിധി. എന്നാല്‍ ഈ വിധിയോട് ജസ്റ്റിസ് ജെ ചെലമേശ്വറും, എസ് എ ബോബ്ഡെയും അടങ്ങുന്ന ബെഞ്ച് 2014 ല്‍ ജാര്‍ഖണ്ഡ് സര്‍ക്കാര്‍ ബീഹാര്‍ സര്‍ക്കാരിന് എതിരെ നല്‍കിയ ഹര്‍ജി പരിഗണിക്കവെ വിയോജിച്ചു. ഭരണഘടനാപരമായ വിഷയങ്ങളില്‍ 131 ആം അനുച്ഛേദ പ്രകാരം സ്യുട്ട് ഫയല്‍ ചെയ്യാന്‍ സര്‍ക്കാരുകള്‍ക്ക് അധികാരമുണ്ടെന്നായിരുന്നു ബെഞ്ചിന്റെ നിലപാട്.

രണ്ട് ബെഞ്ചുകള്‍ക്ക് വ്യത്യസ്തമായ നിലപാടായതിനാല്‍ വിഷയം ഉയര്‍ന്ന ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടാന്‍ ജസ്റ്റിസ് ജെ ചെലമേശ്വര്‍ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇത് വരെ ഉയര്‍ന്ന ബെഞ്ച് ഈ വിഷയം പരിഗണിച്ചിട്ടില്ല. കേരള സര്‍ക്കാര്‍ ഭരണഘടനയുടെ 131 ആം അനുച്ഛേദ പ്രകാരമാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ഭരണഘടനയുടെ 131 ആം വകുപ്പ് പ്രകാരമാണോ 32 ആം വകുപ്പ് പ്രകാരമാണോ സര്‍ക്കാരുകള്‍ക്ക് ഭരണഘടന വിഷയങ്ങളില്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ കഴിയുക എന്ന വിഷയത്തില്‍ തീരുമാനമായിട്ടേ കേരളം നല്‍കിയ ഹര്‍ജിയുടെ മെറിറ്റിലേക്ക് കോടതിക്ക് കടക്കാന്‍ കഴിയു എന്നും ചില നിയമവിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യങ്ങള്‍ എന്തെല്ലാം?

പൗരത്വ ഭേദഗതി നിയമം ഭരണഘടന വിരുദ്ദമാണെന്ന് വിധിക്കണം. നിയമം റദ്ദാക്കണം.

പാസ്സ്പോര്‍ട്ട് നിയമത്തിലെ 2015ലെ ചട്ടങ്ങളും, വിദേശികളുടെ ഇന്ത്യയിലേക്കുള്ള പ്രവേശനവുമായി ബന്ധപ്പെട്ട 2016 ലെ ചട്ടങ്ങളും ഭരണഘടന വിരുദ്ദമാണെന്ന് വിധിച്ച് കൊണ്ട് റദ്ദാക്കണം.

സര്‍ക്കാര്‍ ഉന്നയിക്കുന്ന വാദങ്ങള്‍

പൗരത്വം നല്‍കാന്‍ മതം അടിസ്ഥാനമാക്കുന്നത് വിവേചനപരവും, ഏകപഷീയവും, യുക്തിരഹിതവും മതേതര തത്വങ്ങള്‍ക്ക് എതിരുമാണ്.

ഭരണഘടനയുടെ 14, 21, 25 അനുച്ഛേദങ്ങളുടെ ലംഘനമാണ്.

പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവടങ്ങളില്‍ നിന്നുള്ള മുസ്ലിം ഇതര വിഭാഗങ്ങള്‍ക്ക് മാത്രം പൗരത്വം നല്‍കാന്‍ തീരുമാനിച്ചതിന് ന്യായീകരണമില്ല.

ഈ മൂന്ന് രാജ്യങ്ങളില്‍ മത പീഡനം അനുഭവിക്കുന്ന അഹമ്മദീയ, ഷിയാ, ഹസാരസ് എന്നീ വിഭാഗങ്ങളെ എന്ത് കൊണ്ട് നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കി?

ശ്രീലങ്ക, മ്യാന്മാര്‍, ഭൂട്ടാന്‍ എന്നിവിടങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കാതെയിരിക്കുന്നതിന് നീതീകരണം ഇല്ല.

അധികാര ദുര്‍വിനോയോഗം ഉപയോഗിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ പൗരത്വ നിയമ ഭേദഗതി പാസ്സാക്കിയത്.

സംസ്ഥാന സര്‍ക്കാരിന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരാകുന്ന അഭിഭാഷകര്‍ ആരൊക്കെ ?

കേന്ദ്ര സര്‍ക്കാരിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഫയല്‍ ചെയ്ത സ്യൂട്ട് രണ്ട് സീനിയര്‍ അഭിഭാഷകരുടെ സഹായത്തോടെയാണ് തയ്യാറാക്കിയിരിക്കുന്നത്. ദുഷ്യന്ത് ദാവെയും, ജയ്ദീപ് ഗുപ്തയുമാണ് സംസ്ഥാന സര്‍ക്കാരിന്റെ സ്യൂട്ടിന് അന്തിമ രൂപം നല്‍കിയത്. സ്റ്റാന്റിംഗ് കൗണ്‍സില്‍ ജി പ്രകാശാണ് സര്‍ക്കാരിന്റെ നിര്‍ണ്ണായകമായ നിയമപോരാട്ടത്തിന്റെ ഏകോപന ചുമതല.

പോളിറ്റ് ബ്യുറോ യോഗത്തില്‍ പങ്കെടുക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ വെള്ളി, ശനി ദിവസങ്ങളില്‍ ഡല്‍ഹിയിലുണ്ടായിരുന്നു. ഈ സന്ദര്‍ശനത്തിലാണ് ഹര്‍ജി ഫയല്‍ ചെയ്യുന്നതിനുള്ള പച്ച കൊടി മുഖ്യമന്ത്രി നല്‍കിയത്. മുഖ്യമന്ത്രി ഡല്‍ഹിയില്‍ നിന്ന് മടങ്ങിയതിന്റെ തൊട്ട് അടുത്ത ദിവസം തന്നെ ഹര്‍ജി സുപ്രീം കോടതി രജിസ്ട്രിയില്‍ ഫയല്‍ ചെയ്തു. ഇന്ന് രാവിലെ വരെ ഹര്‍ജിയുമായി ബന്ധപ്പെട്ട എല്ലാ നീക്കങ്ങളും അതീവ രഹസ്യമായിരുന്നു.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here