ഒരുമിച്ചുള്ള സമരത്തിന് ഫുള്‍സ്റ്റോപ്പിടാന്‍ യു.ഡി.എഫ്; വിവാദം രാഷ്ട്രീയ നേട്ടമാക്കാന്‍ ഇടതുപക്ഷം

0
165

കോഴിക്കോട്: (www.mediavisionnews.in) ജനുവരി 26 ന് പൗരത്വ നിയമ ഭേദഗതിക്കെതിരേ എല്‍.ഡി.എഫ് നടത്തിയ മനുഷ്യമഹാശൃംഖലയില്‍ പങ്കെടുത്ത ലീഗ് നേതാവിനെതിരെ നടപടിയെടുത്തതോടെ പൗരത്വ വിഷയത്തില്‍ ഇടതുപക്ഷവുമായുള്ള ഒന്നിച്ചുള്ള സമരം എന്ന നിലപാടില്‍ നിന്ന് പിന്നോട്ട് പോവാനൊരുങ്ങുകയാണ് യു.ഡി.എഫ് നേതൃത്വം. 

പൗരത്വ വിഷയവുമായി ബന്ധപ്പെട്ട് കേരളത്തില്‍ ഒരു രാഷ്ട്രീയ മുന്നണി ആദ്യമായി പ്രഖ്യാപിച്ച മനുഷ്യ മഹാശൃംഖലയെന്ന സമരപരിപാടിക്ക് കക്ഷി രാഷ്ട്രീയ ഭേദമന്യേ വലിയ പിന്തുണ ലഭിച്ചുവെന്നാണ് പൊതുവിലയിരുത്തല്‍. എന്നാല്‍ ഇത് ഇടതുപക്ഷം രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുമെന്ന വിലയിരുത്തലുണ്ടായതോടെ സമരത്തില്‍ പങ്കെടുക്കേണ്ടെന്ന നിലപാടായിരുന്നു  ലീഗ്- കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ ആദ്യ ഘട്ടം മുതല്‍ക്കു തന്നെ കൈക്കൊണ്ടിരുന്നത്. 

ഈ നിര്‍ദേശം പാര്‍ട്ടി ബന്ധപ്പെട്ടവര്‍ക്ക് നല്‍കുകയും ചെയ്തിരുന്നു. ഇത് ലംഘിച്ച് പരിപാടിയില്‍ പങ്കെടുത്തതോടെയാണ് അച്ചടക്കത്തിന്റെ പേര് പറഞ്ഞ് ബേപ്പൂര്‍ മണ്ഡലം മുസ്ലീംലീഗ് വൈസ് പ്രസിന്റ് കെ.എം ബഷീറിനെതിരെ നടപടിയെടുക്കാന്‍ ലീഗ് നേതൃത്വം തയ്യാറായത്. ഇതിനെ പിന്തുണച്ചുകൊണ്ട് ലീഗ് – കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തുകയും ചെയ്തു. മാത്രമല്ല ഇനി ആരെങ്കിലും പരിപാടിയില്‍ പങ്കെടുത്തവരായി ഉണ്ടെങ്കില്‍ നടപടി തുടരുമെന്ന സൂചനയും നേതൃത്വം നല്‍കുന്നുണ്ട്.

പുറത്താക്കലും തുടര്‍ന്നുള്ള നടപടികളും വിവാദമായതോടെ, ഇത് തങ്ങള്‍ക്ക് രാഷ്ട്രീയ നേട്ടമാകുമെന്ന വിലയിരുത്തലിലാണ് സി.പി.എമ്മും ഇടതുപക്ഷവും. ഒന്നിച്ച് നില്‍ക്കേണ്ട സമയത്ത് രാഷ്ട്രീയം കളിക്കുന്നത് യു.ഡി.എഫ് നേതൃത്വമാണെന്ന രാഷ്ട്രീയ പ്രചാരണമാണ് ഇടതുപക്ഷം മുന്നോട്ട് വെയ്ക്കുന്നത്. വരും ദിവസങ്ങളിലും ഇത് സജീവമാക്കി നിലനിര്‍ത്തി, അതുവഴി ന്യൂനപക്ഷങ്ങളിലേക്ക് കൂടുതല്‍ സ്വാധീനം ചെലുത്താനുള്ള രാഷ്ട്രീയ ആയുധമായി പുറത്താക്കല്‍ നടപടിയെ ഉപയോഗിക്കാമെന്നുമാണ് നേതൃത്വം കരുതുന്നത്. 

പൗരത്വ പ്രശ്നത്തില്‍ ലീഗ് ആശയകുഴപ്പത്തിലാണെന്നും ഒരുമിച്ച് നില്‍ക്കാനുള്ള തീരുമാനത്തിലെത്താന്‍ പാര്‍ട്ടിക്കുള്ളില്‍ പോലും കഴിയുന്നില്ലെന്നും സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്റെ പ്രതികരണം ഇതിന്റെ ഭാഗമാണ്. മാത്രമല്ല ഇടതുപക്ഷത്തിന് പിന്നില്‍ ജനങ്ങള്‍ അണി നിരക്കുന്നതിന്റെ വേവലാതി കൊണ്ടാണ് ഇത്തരം നടപടിയെന്നും പി.മോഹനന്‍ പറഞ്ഞുവെക്കുന്നുണ്ട്.

ഇടതുപക്ഷം പ്രഖ്യാപിക്കുന്ന സമരത്തിന്റെ പിന്നാലെ പോവേണ്ട ഗതികേട് യു.ഡി.എഫിന് ഇല്ലെന്നാണ് വിഷയത്തില്‍ കെ.പി.സി.സി വൈസ് പ്രസിഡന്റ് ടി.സിദ്ദിഖിന്റെ നിലപാട്. ഒന്നിച്ചുള്ള സമരത്തിന് സാധ്യതയുണ്ടായിരുന്നു. പക്ഷെ മുഖ്യമന്ത്രി ആ ഐക്യം തകര്‍ത്തു. ഇരയോടൊപ്പം നില്‍ക്കുകയും വേട്ടക്കാരന് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന നിലപാടില്‍ നിന്ന് മാറിയാല്‍ മാത്രമേ അത്തരത്തിലുള്ള സമരവുമായി മുന്നോട്ട്  പോവാന്‍ കഴിയൂ. ഈ വിഷയത്തില്‍ മുസ്ലീം ലീഗിലും കോണ്‍ഗ്രസിലും ഭിന്നതയില്ലെന്നും ഇത്തരം പ്രചാരണം വ്യാജമാണെന്നും ടി.സിദ്ദിഖ് കോഴിക്കോട് ചൂണ്ടിക്കാട്ടി.

ആത്മാര്‍ഥതയില്ലാത്ത ഒരുമയുടെ സമരത്തിന്റെ പ്രഖ്യാപനമാണ് മുഖ്യമന്ത്രി നടത്തിയത്. ഒരുമിച്ച് നടത്തേണ്ടിയിരുന്ന ചങ്ങല സമരം ഒരു മുന്നണിയുടെ മാത്രമായി നടത്തിയന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കും എല്‍.ഡി.എഫിനുമാണ്. പൊതുസമരം എന്ന രീതിയിലാണ് എല്‍.ഡി.എഫിന്റെ മനുഷ്യചങ്ങലയില്‍ പലരും പോയത്. പക്ഷെ പരിപാടിയില്‍ സ്വന്തം കൊടിപിടിച്ചാണ് അവര്‍ സമരക്കാരെ സ്വകരിച്ചതെന്നും സിദ്ദിഖ് ആരോപിച്ചു.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here